കെടി ജലീല്‍ തവനൂര്‍ മണ്ഡലം വിടുന്നു; പെരിന്തല്‍മണ്ണയില്‍ പരിഗണിച്ചേക്കും
Malappuram, 16 ജനുവരി (H.S.) ഇടത് സഹയാത്രികനും മുൻ മന്ത്രിയുമായ കെടി ജലീല്‍ തവനൂർ മണ്ഡലം വിട്ടേക്കുമെന്ന് സൂചന. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ വിജയിച്ച കെടി ജലീലിനെ പാർട്ടി ഒഴിവാക്കുകയല്ല മറിച്ച്‌ കൂടുതല്‍ ഉത്തരവാദിത്തം നല്‍കാനായി മണ്ഡലം മാറ്റു
K T Jaleel MLA


Malappuram, 16 ജനുവരി (H.S.)

ഇടത് സഹയാത്രികനും മുൻ മന്ത്രിയുമായ കെടി ജലീല്‍ തവനൂർ മണ്ഡലം വിട്ടേക്കുമെന്ന് സൂചന. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ വിജയിച്ച കെടി ജലീലിനെ പാർട്ടി ഒഴിവാക്കുകയല്ല മറിച്ച്‌ കൂടുതല്‍ ഉത്തരവാദിത്തം നല്‍കാനായി മണ്ഡലം മാറ്റുകയാണ് എന്നാണ് ലഭ്യമായ വിവരം.

അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ ജലീലിന് ഉണ്ടായിരുന്ന മേല്‍കൈ ഇക്കുറി ഇല്ലെന്നതാണ്.

2011 മുതല്‍ ഇവിടെ ജയിച്ചു കയറിയിട്ടുള്ള കെടി ജലീലിന് പക്ഷേ ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്നാണ് പൊതുവെ ഉണ്ടായിരുന്ന വിലയിരുത്തല്‍. ജലീല്‍ ആണെങ്കില്‍ ഒരിക്കല്‍ കൈവിട്ടുപോയ മേഖലയിലെ സ്വാധീനം തിരിച്ചുപിടിക്കാമെന്നും ജയം ഉറപ്പാക്കാമെന്നും മുസ്ലീം ലീഗും ഇക്കുറി കണക്ക് കൂട്ടിയിരുന്നു. അതായത് ജലീല്‍ ആണ്‌ തവനൂരില്‍ മത്സരിക്കുന്നതെങ്കില്‍ ഇക്കുറി ജയിക്കാം എന്ന ലീഗിന്റെ കണക്ക് കൂട്ടലിന് ഏറ്റ കനത്ത തിരിച്ചടി കൂടിയാണിത്.

നേരത്തെ മത്സരിക്കാൻ താല്‍പര്യം ഇല്ലെന്ന് കെടി ജലീല്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് നിലപാട് മയപ്പെടുത്തിയിരുന്നു. പാർട്ടിയോ മുന്നണിയോ ഒരുപോലെ ആവശ്യപ്പെടുകയാണെങ്കില്‍ ഇത്തവണയും മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതുമാണ്. എന്നാല്‍ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന നെഗറ്റീവ് മാറ്റയെടുക്കാനാണ് ജലീലിന് പകരം മറ്റൊരാളെ തവനൂരില്‍ പരീക്ഷിക്കാൻ എല്‍ഡിഎഫ് ഒരുങ്ങുന്നത്.

പകരം എത്തുക യുവനേതാവ് വിപി സാനു ആയിരിക്കുമെന്നാണ് വിവരം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സാനുവിന് ഇക്കുറി വിജയ സാധ്യതയുള്ള മണ്ഡലം നല്‍കണമെന്ന ആവശ്യം ശക്തമാണ്. തവനൂരില്‍ അതിനുള്ള സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് തവണയായി ജലീല്‍ ജയിച്ചു കയറിയതിനെ ആലസ്യം മാറ്റാനും മണ്ഡലം നിലനിർത്താനും സാനുവിന്റെ വരവിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ജലീലിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ എല്‍ഡിഎഫും സിപിഎമ്മും തയ്യാറല്ലെന്നാണ് വിവരം. കൂടുതല്‍ ചുമതലകളാണ് ഇക്കുറി ജലീലിനായി പാർട്ടി കാത്തു വച്ചിരിക്കുന്നത്. നിലവില്‍ ലീഗിന്റെ കൈവശമുള്ള പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ജലീല്‍ മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലം ലീഗിന്റെ കൈവശമാണ്.

കഴിഞ്ഞ തവണയാവട്ടെ നേരിയ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം മണ്ഡലത്തില്‍ ജയിച്ചു കയറിയത്. 2011 മുതലുള്ള ട്രെൻഡ് മാറ്റി ഇക്കുറി മണ്ഡലം പിടിച്ചെടുക്കാൻ ജലീലിലൂടെ കഴിയുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. ഇത് ലീഗ് കേന്ദങ്ങളില്‍ കാര്യമായ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. കേവലം 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ മണ്ഡലം യുഡിഎഫ് നിലനിർത്തിയത്.

എന്നാല്‍ കെടി ജലീല്‍ വരുന്നതോടെ ആ മാന്ത്രിക സംഖ്യ മറികടക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. 2006ല്‍ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പാർട്ടി കോട്ടയില്‍ വച്ച്‌ 8781 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ ആദ്യമായി സഭയിലെത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം മറ്റൊരു ലീഗ് മണ്ഡലം കൂടി ജലീലിലൂടെ പിടിച്ചെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News