Enter your Email Address to subscribe to our newsletters

Washington, 16 ജനുവരി (H.S.)
തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര മെഡല്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയെന്ന് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. വൈറ്റ് ഹൗസില്‍ വച്ച് ട്രംപുമായുണ്ടായ കൂടിക്കാഴ്‌ചയിലാണ് മച്ചാഡോ മെഡല്‍ കൈമാറിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നല്‍കുന്ന പിന്തുണയ്‌ക്കുള്ള നന്ദി സൂചകമായാണ് ഈ കൈമാറ്റമെന്ന് മച്ചാഡോ പറഞ്ഞു.
വൈറ്റ് ഹൗസില്‍ ഏകദേശം രണ്ടര മണിക്കൂറ് നീണ്ട കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് മച്ചാഡോ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'വെനസ്വേലയുടെ സ്വാതന്ത്യ്രത്തിനായുള്ള സമാനകളില്ലാത്ത പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമായാണ് താന്‍ മെഡല്‍ നല്‍കിയത്. ട്രംപിനെ പൂര്‍ണമായും വിശ്വസിക്കാമെന്നും' മച്ചാഡോ പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ട്രംപ് മെഡല്‍ ഔദ്യോഗികമായി സ്വീകരിച്ചോ എന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം കൊറിന മച്ചാഡോ അവര്‍ക്ക് ലഭിച്ച നൊബേല്‍ പുസ്‌കാരം സൂക്ഷിക്കാനായി തന്‍റെ കൈവശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മച്ചാഡോയെ കാണാനും സംസാരിക്കാനും സാധിച്ചത് വലിയ ബഹുമതിയായിട്ടാണ് താന്‍ കാണുന്നത്. നിരവധി അനുഭവ സമ്പത്തുള്ളയാളാണ് മച്ചാഡോ. ഞാന്‍ ചെയ്‌ത പ്രവൃത്തികള്‍ക്ക് മരിയ തനിക്ക് നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചൂവെന്നും ട്രംപ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും രംഗത്ത് വന്നു. നൊബേല്‍ സമ്മാനങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ നിയമപരമായി സാധ്യമല്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. മെഡല്‍ ഭൗതികമായി കൈമാറ്റം ചെയ്യാന്‍ സാധിക്കും. എന്നാല്‍ പുരസ്‌കാര ജേതാവ് എന്ന പദവി മറ്റാര്‍ക്കും നല്‍കാന്‍ സാധിക്കില്ലെന്നുമാണ് നിയമമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലിയന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസ് സേന അമേരിക്കയില്‍ എത്തിച്ചിരുന്നു. മയക്ക് മരുന്ന് കടത്ത് കേസില്‍ വിചാരണയ്‌ക്കായാണ് നിക്കോളാസ് മഡുറോയെ അമേരിക്കയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ വെനസ്വേലയിലെ രാഷ്‌ട്രീയ അന്തരീക്ഷം സങ്കീര്‍ണമായിരിക്കുകയാണ്. ഇതിന് പിന്നാലെ ഇടക്കാല പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. നിലവില്‍ റോഡ്രിഗസുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് യുഎസ് ഭരണകൂടം.
സെനറ്റര്‍മാരുമായും കൂടിക്കാഴ്‌ച: വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ യുഎസ് സെനറ്റര്‍മാരുമായും മച്ചാഡോ കൂടിക്കാഴ്‌ച നടത്തി. രാജ്യത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഇടന്‍ നടക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നും മച്ചാഡോ സെനറ്റര്‍മാരെ ധരിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിടെയാണ് മച്ചാഡോയുടെ കൂടിക്കാഴ്‌ചയുണ്ടായത്. വെനസ്വേലയുടെ എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെയാണ് നിര്‍ണായക കൂടിക്കാഴ്‌ചയുണ്ടായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR