Enter your Email Address to subscribe to our newsletters

Pathanamthitta, 16 ജനുവരി (H.S.)
കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള ടൈപ്പ് ഡി ക്വാര്‍ട്ടേഴ്‌സ്, 9.10 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ് ബി ക്വാര്‍ട്ടേഴ്‌സ്, 1.05 കോടി ചിലവഴിച്ച് 2 നിലകളിലായി നിര്‍മ്മിച്ച ഡീന്‍ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കല്‍ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിയെടുത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കോന്നി മെഡിക്കല്‍ കോളേജില്‍ 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ടൈപ്പ് എ, സി ക്വാര്‍ട്ടേഴ്‌സുകള്‍, ഹോസ്പിറ്റല്‍ ബ്ലോക്ക് 2, ഓഡിറ്റോറിയം തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ നാല് ബാച്ചു കളിലായി 400 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ കഴിയുന്ന മികവിന്റ കേന്ദ്രമായി മാറുകയാണ് കോന്നി മെഡിക്കല്‍ കോളേജ്.
അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടോടെ 30 കിടക്കകള്‍ സജ്ജമാക്കി. അത്യാഹിത വിഭാഗത്തിന്റെ ഭാഗമായി മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനം ഒരുക്കി. കോളേജ് ബസ് അനുവദിച്ചു. 16.68 ലക്ഷം ചെലവഴിച്ച് പീഡിയാട്രിക് ഐസിയു സജ്ജമാക്കി. ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം സജ്ജമാക്കി. പത്തനംതിട്ടയില്‍ 60 സീറ്റോട് കൂടി നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. 2.74 കോടി ചെലവഴിച്ച് ബ്ലഡ് ബാങ്ക് യാഥാര്‍ത്ഥ്യമാക്കി. 5 കോടി മുതല്‍ മുടക്കി ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സജ്ജമാക്കി. 13.66 കോടി ചെലവഴിച്ച് ഗേള്‍സ് ഹോസ്റ്റലും 11.99 കോടി ചെലവഴിച്ച് ബോയ്‌സ് ഹോസ്റ്റലും സജ്ജമാക്കി. 2023 ഡിസംബറില്‍ 38 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR