Enter your Email Address to subscribe to our newsletters

Kozhikode, 16 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിരേണ്ടെന്ന് സി.പി.എമ്മിൽ ധാരണയായതോടെ ഘടകകക്ഷികൾ നിലവിലെ സീറ്റുകളിൽ തന്നെ മത്സരിച്ചേക്കും. എലത്തൂർ, വടകര, നാദാപുരം, കോഴിക്കോട് സൗത്ത് എന്നീ സീറ്റുകളിലാണ് യഥാക്രമം എൻ.സി.പി, ആർ.ജെ.ഡി, ഐ.എൻ.എൽ, സി.പി.ഐ തുടങ്ങിയ പാർട്ടികൾ മത്സരിച്ചത്. ഇതിൽ വടകര ഒഴികെ മൂന്ന് സീറ്റുകളിലും കഴിഞ്ഞതവണ എൽ.ഡി.എഫ് വിജയിച്ചു. എന്നാൽ ഇത്തവണ തർക്കങ്ങൾ മുഴുവൻ നടക്കുന്നത് എലത്തൂർ സീറ്റിലാണ്. മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കാൻ തയ്യാറെടുത്തതോടെ എൻ.സി.പിയിൽ പ്രതിഷേധവും വാക്പോരും രൂക്ഷമായിരിക്കുകയാണ്.
എൻ.സി.പിയുടെ രണ്ട് സീറ്റുകളിൽ നിലവിലുള്ളവർ തന്നെ മത്സരിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് ആലപ്പുഴയിൽ പറഞ്ഞത്. കുട്ടനാട് സീറ്റിൽ തോമസ് കെ. തോമസും എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനും മത്സരിക്കും. അതോടെയാണ് എൻ.സി.പിയിലെ പൊട്ടിത്തെറി തുടങ്ങിയത്. എൽ.ഡി.എഫ് ജില്ലാ കൺവീനർ കൂടിയായ മുക്കം മുഹമ്മദിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻ.സി.പിക്കാർ സംസ്ഥാന പ്രസിഡന്‍റിന്‍റെ സ്വയം പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു.
ശശീന്ദ്രനെ എലത്തൂരിൽ മത്സരിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് മുക്കം മുഹമ്മദും കൂട്ടരും. എട്ട് തവണ മത്സരിച്ചു; 6 തവണ എം.എ.എൽ ആയി. 2 തവണയായി 10 കൊല്ലം മന്ത്രിയുമായി, 80 വയസ്സ് പ്രായവുമായി; ഇനിയും മാറിനിൽക്കാൻ സമയമായില്ലേ? എന്ന് മുക്കം മുഹമ്മദ് ചോദിച്ചു. കോഴിക്കോട് ജില്ലയിലെ ബഹുഭൂരിപക്ഷം എൻ.സി.പിക്കാരും ശശീന്ദ്രൻ മത്സരിക്കുന്നതിന് എതിരാണ്. നിലവിൽ സി.പി.എമ്മിന്‍റെ പ്രാദേശിക നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനില്ല എന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ചേർന്നുനിന്നാണ് വീണ്ടും മത്സരിക്കാൻ ശശീന്ദ്രൻ തയ്യാറെടുക്കുന്നതെന്ന് മുക്കം മുഹമ്മദ് ആരോപിച്ചു.
മാന്യമായ ഇറങ്ങിപ്പോക്കിന് അവസരം നൽകണമെന്ന ശശീന്ദ്രന്‍റെ അഭ്യർത്ഥന കണക്കിലെടുത്താണ് കഴിഞ്ഞ തവണ മത്സരിക്കാൻ പാർട്ടി കൂട്ടുനിന്നത്. അദ്ദേഹം വാക്കുപാലിക്കണമെന്നും എൻ.സി.പി നേതാക്കൾ ആവശ്യപ്പെടുന്നു. ജില്ലാതല യോഗത്തിൽ 90% പാർട്ടിക്കാരും ശശീന്ദ്രന്‍റെ നീക്കത്തിന് എതിരാണെന്ന നിലപാടാണെടുത്തത്. ഇവർ മന്ത്രിയെ നേരിൽക്കണ്ട് ഈ കാര്യം ബോധ്യപ്പെടുത്താനുള്ള നീക്കത്തിലാണ്. എന്നിട്ടും അംഗീകരിക്കുന്നില്ലെങ്കിൽ ബ്ലോക്ക് തലത്തിലും വാർഡ് തലത്തിലും യോഗങ്ങൾ ചേർന്ന് പ്രമേയങ്ങൾ പാസാക്കുമെന്നും നേതാക്കൾ പറഞ്ഞു. ശശീന്ദ്രൻ മത്സരിക്കുകയാണെങ്കിൽ എലത്തൂർ സീറ്റ് നഷ്ടപ്പെടുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് എലത്തൂർ നിയമസഭാമണ്ഡലം നിലവിൽ വന്നത്. അതോടെ എ.സി. ഷണ്മുഖദാസും ശശീന്ദ്രനും മത്സരിച്ചിരുന്ന ബാലുശ്ശേരി മണ്ഡലം സി.പി.എം ഏറ്റെടുക്കുകയും എലത്തൂർ ഘടകകക്ഷിക്ക് നൽകുകയും ചെയ്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.സി.പി സ്ഥാനാർത്ഥിയായ എ.കെ. ശശീന്ദ്രൻ 38,502 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ വിജയം നേടിയപ്പോഴും എലത്തൂരിന് ഇളക്കം തട്ടിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജില്ലയിലെ 13-ൽ 11 സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ മാത്രം ഭൂരിപക്ഷം എന്ന നിലയിലേക്ക് എൽ.ഡി.എഫ് പതറി. അപ്പോഴും എലത്തൂർ ശക്തമായി ഇടത്തിനൊപ്പം നിന്നു. നിലവിൽ 10,773 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലുള്ളത്.
വളരെ സുരക്ഷിതമായ മണ്ഡലത്തിൽ എൻ.സി.പി നടത്തുന്ന തമ്മിലടിയിൽ സി.പി.എമ്മിനും ശക്തമായ വിയോജിപ്പുണ്ട്. സുരക്ഷിത സീറ്റ് എന്ന നിലയിൽ എലത്തൂർ ഏറ്റെടുക്കണമെന്ന അഭിപ്രായം സി.പി.എമ്മിനുള്ളിലുണ്ട്. എൻ.സി.പിയിലെ വലിയൊരു വിഭാഗത്തിന് മണ്ഡലം വിട്ടുകൊടുക്കുന്നതിൽ താല്പര്യവുമുണ്ട്. എലത്തൂർ വിട്ടുകൊടുത്ത്, പകരം കുന്നമംഗലം നൽകുകയാണെങ്കിൽ മത്സരിക്കാൻ ഒരുക്കം കൂട്ടുകയാണ് മുക്കം മുഹമ്മദ്. മണ്ഡലത്തിലുള്ള എ.പി. സുന്നി വിഭാഗക്കാരുടെ വോട്ടുകളും വ്യക്തിപരമായ സ്വാധീനത്തിലൂടെയുള്ള വോട്ടുകളും അനുകൂലമാകുമെന്ന് മുക്കം മുഹമ്മദ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുന്നമംഗലത്ത് സ്വതന്ത്രനായി മത്സരിച്ചുവരുന്ന പി.ടി.എ. റഹീം മാറിനിൽക്കട്ടെ എന്നാണ് എൻ.സി.പി വിഭാഗത്തിന്‍റെ നിലപാട്.
ശശീന്ദ്രനായാലും സി.പി.എം ഏറ്റെടുത്താലും ഇത്തവണ എലത്തൂർ സീറ്റ് പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 2021-ൽ തമ്മിലടി രൂക്ഷമായതിനെ തുടർന്ന് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർത്ഥി ദുർബലനായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഇത്തവണയാകട്ടെ എൻ. സുബ്രഹ്മണ്യൻ, വിദ്യ ബാലകൃഷ്ണൻ, ദിനേശ് മണി എന്നിവർ എലത്തൂരിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR