Enter your Email Address to subscribe to our newsletters

Kozhikode, 16 ജനുവരി (H.S.)
പന്തീരാങ്കാവ് ടോൾ പ്ലാസ ഉപരോധം തുടര്‍ന്ന് കോൺഗ്രസ്. സർവീസ് റോഡ് ഉൾപ്പെടെ അനുബന്ധ സംവിധാനങ്ങൾ ഒരുക്കാതെ ടോൾ പിരിവ് ആരംഭിച്ചതിനെതിരെയാണ് കോൺഗ്രസ് ടോൾ പ്ലാസ ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ ടോൾ പ്ലാസയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ ടോള്‍പ്ലാസയിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
പന്തീരാങ്കാവ് ടോൾ പ്ലാസയിലെ പ്രശ്‌നം സംബന്ധിച്ച് എത്രയും പെട്ടെന്ന് കോഴിക്കോട് ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺകുമാർ അറിയിച്ചു. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഇനിയും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഡിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.
ഒളവണ്ണ പെരുവണ്ണ പന്തീരങ്കാവ് മേഖലയിലെ സാധാരക്കാരെ ടോളില്‍ നിന്ന് ഒഴിവാക്കുക. ഇന്നലെയും ഞങ്ങള്‍ സമരം നടത്തിയിരുന്നു. ഇന്ന് ജുഡീഷ്യല്‍ പവറുള്ള ഓഫിസര്‍ ഈ വിഷയം കലക്‌ടറിന് മുമ്പില്‍ ചര്‍ച്ചയ്‌ക്ക് വയ്‌ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സ്‌പെഷ്യല്‍ തഹസില്‍ദാറുടെ വാക്ക് വിശ്വസിച്ച് പ്രതിഷേധ തത്‌കാലം നിര്‍ത്തി വയ്‌ക്കുന്നു. കലക്‌ടറുടെ യോഗം പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നില്ലെങ്കില്‍ വീണ്ടും സമരവുമായി കോണ്‍ഗ്രസ് വരും. ഈ സമരം വിജയം കണ്ടുവെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു.
അനുനയിപ്പിച്ച് സ്പെഷ്യൽ തഹസിൽദാർ
കനത്ത പ്രതിഷേധം കണക്കിലെടുത്ത് ഫറോക്ക് പൊലീസ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മിഷണർ എഎം സിദ്ദിഖിൻ്റെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിപ്പിച്ചു. ഇതോടെ ടോൾ പ്ലാസ വഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഏകദേശം മൂന്ന് കിലോമീറ്റർ നീളത്തിൽ ഗതാഗതവും ഏറെനേരം തടസപ്പെട്ടു. ഗതാഗത കുരുക്ക് രൂക്ഷമായതോടെ പ്രവർത്തകരോട് സമരം അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ അതിന് തയ്യാറായില്ല. തുടർന്ന് സ്ഥലത്ത് എത്തിയ കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധ സമരം അവസാനിപ്പിക്കാൻ ധാരണയായത്.
ഒളവണ്ണ, പെരുമണ്ണ, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ടോൾ പ്ലാസയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിയോടെ ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
പ്രവർത്തനം തുടങ്ങി ആദ്യ ദിനംതന്നെ പണിയും കിട്ടി. പന്തീരാങ്കാവ് ടോൾ പ്ലാസയില്‍ തടി കയറ്റിവന്ന ലോറി കുടുങ്ങി ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കാസർകോട് നിന്നും എറണാകുളത്തേക്ക് അക്വേഷ്യ മരം കൊണ്ടുവരികയായിരുന്നു ലോറിയാണ് ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുടുങ്ങിയ മരക്കൊമ്പുകള്‍ മുറിച്ച് മാറ്റി ഗതാഗത തടസം പുനരാരംഭിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ 2.45 ഓടെയാണ് സംഭവം. ടോള്‍ പ്ലാസയില്‍ നിന്നും കടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ നിന്നും പുറത്തേക്ക് തള്ളി നിന്ന മരങ്ങള്‍ സ്‌റ്റൈയറിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് ഏറെ നേരം ലോറി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ വന്‍ ഗതാഗത തടസവും നേരിട്ടു. സംഭവത്തിന് പിന്നാലെ മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് മരം മുറിച്ച് ലോറി കടത്തി വിട്ടത്.
സ്റ്റേഷൻ ഓഫിസർ ഡബ്ല്യൂ സനലിൻ്റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റാണ് സ്ഥലത്തെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി കടത്തി വിടാനായത്. ലോറി ടോൾ പ്ലാസയിൽ കുടുങ്ങിയതിനെ തുടർന്ന് ടോള്‍ പ്ലാസയിലും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. സാധാരണ ഇത്തരത്തിലുള്ള വാഹനങ്ങളെല്ലാം കടന്നുപോകുന്ന വിധത്തിലാണ് ടോൾ പ്ലാസകൾ സജ്ജീകരിക്കാറുള്ളത്.
എന്നാൽ രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ കടന്നുപോകാനുള്ള സ്‌പീഡ് ട്രാക്കോ, പ്രദേശവാസികൾക്കും മറ്റ് സാധാരണ വാഹനങ്ങൾക്കും പോകേണ്ട സർവീസ് റോഡുകളോ ഒരുക്കാതെയാണ് പന്തീരാങ്കാവിൽ ടോൾ പ്ലാസ ഇന്നലെ പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇനിയും ഇതിന് സമാനമായ രീതിയിലുള്ള പ്രശ്‌നങ്ങൾ പന്തീരങ്കാവ് ടോൾ പ്ലാസയിൽ നിത്യ സംഭവമാവുമെന്നാണ് വിലയിരുത്തൽ.
പന്തീരങ്കാവ് ടോൾ പ്ലാസ
കോഴിക്കോട് ബൈപ്പാസിലെ ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിലാണ് ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചു. ഗതാഗത മന്ത്രാലയം ടോള്‍ നിരക്ക് വിജ്ഞാപനം ചെയ്‌തതിന് പിന്നാലെയാണ് പന്തീരാങ്കാവ് കൂടത്തുംപാറയിലുള്ള ഒളവണ്ണ ടോള്‍പ്ലാസയില്‍ പിരിവ് നടപടി പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസങ്ങളിലായി ടോള്‍പ്ലാസയില്‍ നടന്ന ട്രയല്‍റണ്‍ വിജയകരമായിരുന്നു.
24 മണിക്കൂറിനുള്ളില്‍ മടങ്ങുന്ന വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ടോള്‍ പിരിവില്‍ ഫാസ്റ്റാഗിനാണ് മുന്‍ഗണന. യുപിഐ വഴി പണമടയ്ക്കുന്നവര്‍ 0.25 ശതമാനം അധിക തുകയും പണമായി അടയ്ക്കുന്നവര്‍ ഇരട്ടി നിരക്കും നല്‍കേണ്ടി വരും. നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ ഒഴികെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌ത ഫാസ്റ്റാഗുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് 50 ശതമാനം ഇളവും നല്‍കും. ടോള്‍ പ്ലാസയുടെ 20 കി.മീ പരിധിയിലെ സ്ഥിരതാമസമുള്ളവര്‍ക്ക് വേണ്ടിയാണ് പ്രതിമാസ പാസ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR