രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ രഞ്ജിത പുളിക്കൻ അറസ്റ്റിൽ
Pathanamthitta, 16 ജനുവരി (H.S.) പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ പത്തനംതിട്ടയിലെ മഹിളാ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ര
RANJITHA PULICKAL ARREST


Pathanamthitta, 16 ജനുവരി (H.S.)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ പത്തനംതിട്ടയിലെ മഹിളാ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ആണ് അറസ്റ്റിലായത്. പരാതിക്കാരിയെ അധിക്ഷേപിച്ച് ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നുമാണ് പത്തനംതിട്ട സൈബർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രഞ്ജിത ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ മനസിലാക്കിയെടുക്കാൻ കഴിയുന്ന രീതിയിലായിരുന്നു പരാമർശങ്ങൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് രഞ്ജിതയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്തതിനു പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തപ്പോഴും രഞ്ജിത പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലാ കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

വിധി നാളെ

മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജിയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. നാളെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.

പ്രതി എംഎൽഎ ആണെന്നും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകുന്ന ആളാണെന്നും ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും വാദിയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘത്തിന് വേണ്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തു. അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. അടച്ചിട്ട കോടതിമുറിയിൽ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഇതിനെ എതിർത്തില്ല.

ഫെന്നി നൈനാനെതിരെയും കേസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയതിന് കോൺഗ്രസ് നേതാവും രാഹുലിൻ്റെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകൾ ഉൾപ്പെടെ ഫെന്നി നൈനാൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. 2024ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി മൂന്നുമാസം മുൻപ് എംഎൽഎയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടതിലെ യുക്തി ചോദ്യം ചെയ്തായിരുന്നു ഫെന്നി നൈനാന്റെ പോസ്റ്റ്.

വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും തനിക്കെതിരെ പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഫെന്നി നൈനാൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടും. തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിക്കുന്ന ആർക്കും പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെടും. രാഷ്ട്രീയമായി വേട്ടയാടാൻ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും പൊലീസ് നടപടിയിൽ ഭയപ്പെട്ട് പിന്നോട്ടില്ലെന്നും ഫെന്നി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News