Enter your Email Address to subscribe to our newsletters

Thiruvalla, 16 ജനുവരി (H.S.)
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് രാഹുലിൻ്റെ ജാമ്യ ഹർജി പരിഗണിക്കും.
മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം രാഹുലിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് ഹാജരാക്കിയത്.
അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത പശ്ചാത്തലത്തിൽ രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.
എസ്‌ഐടി സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലായിരിക്കും രാഹുലിൻ്റെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചേക്കും. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്.
രാഹുലിൻ്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൻ്റെ പാസ് വേഡ് പോലീസ് ചോദിച്ചപ്പോള്‍ പറഞ്ഞുകൊടുക്കാൻ രാഹുല്‍ തയ്യാറായിരുന്നില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണില്‍ ഉണ്ടെന്നും പോലീസ് അത് നശിപ്പിച്ചേക്കാമെന്നുമാണ് രാഹുലിൻ്റെ വാദം. ഇതോടെ മറ്റ് സാങ്കേതിക മാർഗങ്ങളിലൂടെ ഫോണ്‍ തുറക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
രാഹുലിൻ്റെ ലാപ്ടോപ്പും പോലീസ് തേടുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുലിൻ്റെ വസതിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഏകദേശം പത്ത് മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരുന്നു പരിശോധന. അതേസമയം പരാതിക്കാരിയുടെ മൊഴി ഉടൻ പോലീസ് രേഖപ്പെടുത്തിയേക്കും. ഇവർ ഇപ്പോള്‍ വിദേശത്താണ്. അതിനാല്‍ ഇന്ത്യൻ എംബസിയുടെ കൂടി സഹായത്തോടെ വീഡിയോ കോണ്‍ഫറൻസ് വഴിയായിരിക്കും മൊഴിയെടുക്കുക.
കഴിഞ്ഞ ദിവസം അതിക്രമം നടന്നെന്ന് ആരോപിക്കപ്പെടന്ന തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാഹുല്‍ മറ്റൊരു പേരിലാണ് ഇവിടെ മുറി എടുത്തത്. ചോദ്യം ചെയ്യലില്‍ ഹോട്ടലില്‍ എത്തിയതായി രാഹുല്‍ സമ്മതിച്ചിട്ടുണ്ട്.
ഈ കേസിലും ഉഭയസമ്മതപ്രകാരമാണ് താൻ യുവതിയുമായി ബന്ധപ്പെട്ടത് എന്നാണ് രാഹുലിൻ്റെ വാദം.ഗുരുതരമായ ആരോപണങ്ങളണ് രാഹുലിനെതിരെ യുവതി ഉന്നയിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍ , സാമ്പത്തികമായി പണം തട്ടല്‍ തുടങ്ങിയ പരാതികളാണ് യുവതി ഉയർത്തിയത്.
വിദേശത്തുള്ള യുവതിയില്‍ നിന്നും പലപ്പോഴായി രാഹുല്‍ പണം ആവശ്യപ്പെടുന്നതിൻ്റെ സ്ക്രീൻഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ഫ്ലാറ്റ് വാങ്ങാനടക്കം ഇയാള്‍ യുവതിയില്‍ നിന്നും പണം ആവശ്യപ്പെടുന്നതിൻ്റെ സ്ക്രീൻഷോട്ടാണ് പുറത്തുവന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR