Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 ജനുവരി (H.S.)
ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനും കുടുംബാംഗങ്ങൾക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഷിബു ബേബി ജോണിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് നടപടിയെടുത്തത്. കുമാരപുരം സ്വദേശി കെ. അലക്സ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ചാക്ക-കഴക്കൂട്ടം ബൈപ്പാസിന് സമീപം ഷിബു ബേബി ജോണിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള 40 സെന്‍റ് ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി 'ആന്‍റ ബിൽഡേഴ്സ്' എന്ന കമ്പനിയുമായി ഇവർ നേരത്തെ കരാറിലേർപ്പെട്ടിരുന്നു. ഫ്ലാറ്റുകൾ നിർമ്മിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു ധാരണ.
ഈ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് 2020-ൽ രണ്ടുതവണയായി 15 ലക്ഷം രൂപ താൻ കമ്പനിക്ക് കൈമാറിയിരുന്നുവെന്ന് പരാതിക്കാരനായ അലക്സ് പറയുന്നു. പണമിടപാടുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിടുന്ന സമയത്ത് ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല. പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് അലക്സ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടക്കത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഈ പരാതി അന്വേഷിച്ചുവെങ്കിലും ഇതൊരു സിവിൽ കേസ് ആണെന്നും അതിനാൽ ക്രിമിനൽ നടപടികൾ എടുക്കാനാവില്ലെന്നും വ്യക്തമാക്കി പരാതി തള്ളിയിരുന്നു. എന്നാൽ പരാതിക്കാരൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വീണ്ടും പരാതി നൽകിയതോടെയാണ് ജനുവരി 10-ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. സർക്കാരിന്‍റെ അഴിമതികൾക്കും ഭരണപരാജയങ്ങൾക്കുമെതിരെ താൻ ഉയർത്തുന്ന ശബ്ദത്തെ അടിച്ചമർത്താനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. പരാതിക്ക് ആസ്പദമായ കമ്പനിയിൽ താനോ കുടുംബമോ സജീവമായ ദൈനംദിന ഇടപെടലുകൾ നടത്തുന്നില്ലെന്നും ഡയറക്ടർമാർ എന്ന നിലയിൽ മാത്രമാണ് പേരുകൾ ഉൾപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ബിൽഡർ തന്നെയും ചതിക്കുകയായിരുന്നുവെന്ന് പൊലീസിനും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം തള്ളിക്കളഞ്ഞ പരാതിയിൽ ഇപ്പോൾ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കേസ് നിയമപരമായി നിലനിൽക്കില്ലെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR