Enter your Email Address to subscribe to our newsletters

Malappuram, 16 ജനുവരി (H.S.)
കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വണ്ടൂർ വാണിയമ്പലം മനക്കൽപ്പടി പുള്ളിപ്പാടത്ത് റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്‌വൺ വിദ്യാർഥിയായ പതിനാറുകാരനായ പെൺകുട്ടിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സ്‌കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളും പിറകിലോട്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണി മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മാതാവ് കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കാണാതായ സമയത്ത് പെൺകുട്ടിയുടെ കൂടെ കണ്ടുവെന്ന് പറയപ്പെട്ട പ്ലസ് വൺ വിദ്യാർഥിയെ കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് വിശദമായി ചോദ്യം ചെയ്‌തതോടെയാണ് പതിനാറുകാരനായ പ്രതി കുറ്റം സമ്മതിച്ചത്. ആൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രാഹിമിൻ്റെ നേതൃത്വത്തിൽ വണ്ടൂർ, കരുവാരക്കുണ്ട് സ്‌റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്‌ധരുൾപ്പെടെയുള്ള സംഘവും സ്ഥലത്ത് പരിശോധന നടത്തും. പൊലീസ് ഇൻക്വസ്‌റ്റിന് ശേഷം മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ആൺസുഹൃത്തും തമ്മിൽ നേരത്തെ അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൊലപാതകത്തിന് കാരണം വ്യക്തമല്ല.
കാസർകോട് ബദിയടുക്ക മൗവ്വാറിലെ പുഷ്‌പലതയുടെ മരണം കൊലപാതകമെന്ന് പോസ്‌റ്റ് മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചുള്ള മരണമെന്ന് പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മോഷണത്തിനിടയിലുള്ള കൃത്യമെന്നാണ് പൊലീസ് നിഗമനം. പുഷ്‌പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണമാല നഷ്‌ടമായിരുന്നു.ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെയെന്നാണ് കണ്ടെത്തൽ. എന്നാൽ പുഷ്‌പലതയുടെ വീട് കേരള- കർണാടക അതിർത്തി ഗ്രാമത്തിൽ ആണ്. അതുകൊണ്ട് തന്നെ പ്രതി കർണാടകയിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.
ബുധനാഴ്‌ചയാണ് (ജനുവരി 14) അറുപത്തിയഞ്ചുകാരിയായ പുഷ്‌പലതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. കഴുത്തിലെ സ്വർണമാല കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞതും ശരീരത്തിലെ മുറിവും സംശയത്തിന് ഇടയാക്കി. കൊലപാതക സാധ്യത ഏറിയതോടെ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി.
പുഷ്‌പലതയുടെ സഹോദരിയുടെ മകൾ ബാംഗ്ലൂരിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല. ഇതോടെ അവർ അയൽവാസികളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജനാല വഴി നോക്കിയപ്പോഴാണ് പുഷ്‌പലതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും കഴുത്തിലും മുറിവുകൾ ഉണ്ടെന്നു ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. ചാണകം പൂശിയ നിലത്ത് വലിച്ച പാടുകൾ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ആരോഗ്യവതിയായ പുഷ്‌പലതയ്‌ക്ക് മറ്റു അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ്പുഷ്‌പലത താമസിക്കുന്നത്. മരണത്തിൽ സംശയം ഉണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR