Enter your Email Address to subscribe to our newsletters

Kollam, 16 ജനുവരി (H.S.)
ശബരിമല സന്നിധാനത്തെ വിവിധ വിഗ്രഹങ്ങളിലും വാതിലുകളിലും പതിപ്പിച്ചിട്ടുള്ള സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ (വി.എസ്.എസ്.സി) വിദഗ്ധർ നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചത്. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്വർണ്ണക്കവർച്ച അന്വേഷിക്കുന്ന ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) തുടർ നടപടികൾക്കായി ഈ റിപ്പോർട്ട് ഉടൻ കൈമാറും.
2019-ൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് മുൻപും ശേഷവുമുള്ള സ്വർണ്ണത്തിന്‍റെ അളവിലും ഗുണനിലവാരത്തിലും മാറ്റം വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് അന്ന് അറ്റകുറ്റപ്പണികൾ നടന്നത്. ചെമ്പ് പാളികളിൽ സ്വർണ്ണം പൂശിയതിലൂടെ വലിയ തോതിൽ സ്വർണ്ണം അപഹരിക്കപ്പെട്ടു എന്ന കണ്ടെത്തലിനെ തുടർന്നാണ് സങ്കീർണ്ണമായ ഈ ശാസ്ത്രീയ പരിശോധനയ്ക്ക് അന്വേഷണ സംഘം ഹൈക്കോടതിയുടെ അനുമതി തേടിയത്.
അതേസമയം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യം തേടി വിജിലൻസ് കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ തനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലും ശ്രീകോവിൽ വാതിലുകളിലും പതിപ്പിച്ചിരുന്ന സ്വർണത്തിൽ കുറവ് വന്നതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.
സ്വർണക്കവർച്ചാ കേസിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പന്ത്രണ്ട് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മുൻ പ്രസിഡന്‍റുമാരും ഉൾപ്പെടുന്നു എന്നത് കേസിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നതോടെ സ്വർണ്ണത്തിന്‍റെ അളവിൽ കൃത്യമായ എത്രമാത്രം കുറവുണ്ടായെന്നും കവർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്നും വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
അതേസമയം, സന്നിധാനത്തെ 'വാജിവാഹനം' വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ രേഖകൾ പുറത്ത്. വാജിവാഹനം ഉൾപ്പെടെയുള്ള പുരാതന വസ്തുക്കളിൽ തന്ത്രിക്ക് അവകാശമില്ലെന്നും ഇവയെല്ലാം ദേവസ്വത്തിന്റേതാണെന്നും വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തന്ത്രി സമാജത്തിന്‍റെ ആവശ്യപ്രകാരം 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ആചാരപരമായ ചടങ്ങുകൾ കഴിഞ്ഞാൽ ഇത്തരം വസ്തുക്കളിൽ തന്ത്രിമാർക്ക് യാതൊരു അവകാശവുമില്ലെന്നും ഇവ ദേവസ്വത്തിന്‍റെ പൊതുസ്വത്താണെന്നും ഇതിൽ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം വസ്തുക്കൾ തന്ത്രിമാർ കൊണ്ടുപോയിട്ടുണ്ട് എന്നത് നിയമവിരുദ്ധമായി അവ കടത്തിക്കൊണ്ടുപോകുന്നതിന് ന്യായീകരണമല്ലെന്നും ദേവസ്വം ബോർഡ് രേഖകളിൽ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR