Enter your Email Address to subscribe to our newsletters

Kozhikode, 16 ജനുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി തിരുവമ്പാടി മണ്ഡലം മാറുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ സിറ്റിങ് എംഎൽഎ ലിൻ്റോ ജോസഫ് തന്നെ വീണ്ടും ജനവിധി തേടുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിക്കഴിഞ്ഞു. എന്നാൽ ഇതിനെ നേരിടാൻ മറുഭാഗത്ത് ആര് നിൽക്കും എന്ന ചോദ്യമാണ് ഇപ്പോൾ മണ്ഡലത്തിൽ വളരെ പ്രസക്തമായി തുടരുന്നത്.
മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഹിന്ദു വോട്ടുകളും ഒട്ടും കുറവല്ല എന്ന് കാണാം. അവിടെയും മേൽക്കൈ മുസ്‌ലിം വോട്ടുകൾക്കാണ്. എങ്കിലും കാര്യങ്ങൾ മാറ്റിമറിക്കുന്നത് ക്രിസ്ത്യൻ വോട്ടുകളാണ് എന്നതാണ് തിരുവമ്പാടി മണ്ഡലത്തിൻ്റെ വലിയ ട്വിസ്റ്റ്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നത് മത-സമുദായ വോട്ടുകൾ തന്നെയാണ്. മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്ക് എന്നത് മുസ്‌ലിം വിഭാഗമാണ്. ഇത് ഏകദേശം 40 മുതൽ 45 ശതമാനം വരെ വരും. കുടിയേറ്റ കർഷകർ അടങ്ങുന്ന ക്രൈസ്തവ സമുദായത്തിനും മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ട്. 30 ശതമാനത്തിന് മുകളിലാണ് അവരുടെ കണക്ക്. ഈഴവ, നായർ സമുദായങ്ങളും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും ഉൾപ്പെടുന്ന ഹിന്ദു വോട്ടുകളും ഏകദേശം 25 മുതൽ 30 ശതമാനം വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മണ്ഡലചരിത്രം ഇങ്ങനെ
1977ലാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം രൂപീകൃതമായത്. നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് ജോൺ വിജയിച്ചു. തുടർന്ന് 1980ലിലും 82ലിലും സിറിയക് ജോൺ തന്നെ വിജയം ആവർത്തിച്ചു. 1987ൽ കോൺഗ്രസിലെ പിപി ജോർജ് ഇവിടെ എംഎൽഎ ആയി. അതിനുശേഷം ലീഗിന് സ്വാധീനമുള്ള മണ്ഡലമായി തിരുവമ്പാടി മാറി. 1991ലിലും 96ലിലും എവി അബ്ദുറഹിമാൻ ഹാജി ഇവിടെ വിജയിച്ചു. 2001ൽ മണ്ഡലം സി മോയിൻകുട്ടിയുടേതായി മാറി. എന്നാൽ 2006ൽ കഥ ആകെ മാറുന്ന കാഴ്ചയാണ് കണ്ടത്.
ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവച്ച സിപിഎം പുതിയൊരു തന്ത്രം മെനഞ്ഞു. മത്തായി ചാക്കോയെ സ്ഥാനാർഥിയാക്കി അവർ അങ്കത്തിനിറങ്ങി. അങ്ങനെ യുഡിഎഫ് മണ്ഡലം സിപിഎം അട്ടിമറിച്ചു. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോർജ് എം തോമസ് എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തി. 2011ൽ പക്ഷെ ലീഗ് ആധിപത്യം തിരിച്ചടിച്ചു. മോയിൻകുട്ടി വീണ്ടും വിജയിച്ചു. 2016ൽ ജോർജ് എം തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. 2021ൽ ലിൻ്റോ ജോസഫ് 4,643 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് എംഎൽഎ ആയി തുടരുന്നു.
യുഡിഎഫിലെ രാഷ്ട്രീയ നീക്കങ്ങൾ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫിന് വലിയ മേൽക്കൈയാണ് മണ്ഡലത്തിൽ ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇരുപത്തൊന്നായിരത്തിലേറെ വോട്ടിൻ്റെ ആധിപത്യം അവർക്കുണ്ട്. യുഡിഎഫ് തരംഗത്തിൽ വലിയ നേട്ടം ഉണ്ടായത് തിരുവമ്പാടിയിലാണ് എന്ന് പറയാം. ആ ഒരു പശ്ചാത്തലം കൂടി കണക്കാക്കിയാണ് ജോസ് കെ മാണിക്കായി മണ്ഡലം വിട്ടുകൊടുക്കാൻ ലീഗ് വലിയ കളികൾ നടത്തുന്നത്. കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരാൻ വേണ്ടി ലീഗ് നൽകിയ ഏറ്റവും ശക്തമായ ഉറപ്പും തിരുവമ്പാടി മണ്ഡലമാണ്. എന്നാൽ നിലവിലെ അവസ്ഥയിൽ കെസിഎം ഇടതുപക്ഷത്ത് തന്നെയാണ് നിൽക്കുന്നത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മണ്ഡലത്തിൽ കണ്ണുവച്ചിട്ടുണ്ട്. ഷിനോ എടക്കാപ്പാറ മത്സരിച്ചാൽ കൊള്ളാമെന്ന ആഗ്രഹം അവർക്കുണ്ട്. എന്നാൽ ലീഗിന് അതിനോട് താത്പര്യമില്ല. ലീഗിലെ സിപി ചെറിയ മുഹമ്മദ് വീണ്ടും മത്സരിച്ചാൽ കാര്യങ്ങൾ എങ്ങനെയാകും എന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ തവണത്തെ അവസ്ഥയാകുമോ എന്ന ഭയവും നിലനിൽക്കുന്നു. സിഎംപിക്ക് സീറ്റ് നൽകി സിപി ജോണിനെ ഇറക്കാം എന്ന ചർച്ചകളൊക്കെ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഇപ്പോഴും വളരെ വിദൂരത്താണ്. നിലവിലെ അവസ്ഥയിൽ കാര്യങ്ങൾ കറങ്ങിത്തിരിഞ്ഞ് മുസ്ലിം ലീഗ് തന്നെ കാര്യങ്ങൾ തീരുമാനിക്കും എന്ന സ്ഥിതിയാണ്. പിവി അൻവർ ലീഗിൻ്റെ ആശീർവാദത്തോടെ തിരുവമ്പാടിയിൽ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല. അവിടെയും നിർണായകമാവുക ക്രൈസ്തവ വോട്ടും സഭാ തീരുമാനങ്ങളുമാണ്. ലിൻ്റോ ജോസഫിൻ്റെ പ്രവർത്തനങ്ങളിൽ പല അനുകൂല ഘടകങ്ങളും നിലനിൽക്കെ എൽഡിഎഫിനെ തറപറ്റിക്കാൻ എല്ലാവർക്കും യോഗ്യനായ ഒരു ക്രിസ്ത്യൻ സ്ഥാനാർഥി എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വലിയ കടമ്പ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR