Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 ജനുവരി (H.S.)
കഴിഞ്ഞ 10 വർഷം ഭരിച്ചിട്ടും കെ.എം. മാണിക്ക് സ്മാരകം അനുവദിക്കാത്തവർ ഇപ്പോൾ അതിന് തയ്യാറായതിന് നിമിത്തമായത് യു.ഡി.എഫ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്ങനെ നിമിത്തമായതിൽ യു.ഡി.എഫിന് സന്തോഷമുണ്ട്. കെ.എം. മാണി നരകത്തീയിൽ വെന്തെരിയുമെന്ന് അദ്ദേഹം ജീവിച്ചിരിക്കെ ശാപവാക്കുകൾ ചൊരിഞ്ഞ സി.പി.എം, ഭരണത്തിലിരിക്കുമ്പോൾത്തന്നെ സ്മാരകം അനുവദിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരള കോൺഗ്രസ് (എം)-മായി ചർച്ച നടത്തിയെന്നോ അവർ മുന്നണിയിലേക്ക് വരുമെന്നോ യു.ഡി.എഫ് അന്നും ഇന്നും പറഞ്ഞിട്ടില്ല. അവർ മറ്റൊരു മുന്നണിയിൽ നിൽക്കുന്ന കക്ഷി എന്ന നിലയിൽ അവരുടെ വിശ്വാസ്യതയെ ബാധിക്കുന്നതൊന്നും യു.ഡി.എഫ് പറഞ്ഞിട്ടില്ല. കെ.എം. മാണിക്ക് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ സി.പി.എം നേതാക്കൾക്ക് സങ്കടം സഹിക്കാനാവുന്നില്ല. തങ്ങളുടെ നിരവധി പാർട്ടി നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതിൽ ഒരു വിഷമവുമില്ലാത്ത സി.പി.എം നേതാക്കൾക്കാണ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ ഇത്രയേറെ വിഷമം. എ.കെ.ജി സെന്‍ററിലിരുന്ന് വനിതാ കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിൽ ചേരുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകുകയാണ്. സ്വന്തം പിതാവ് മരിച്ച് മൂന്നു നാലു ദിവസമായ വീട്ടിലിരിക്കുന്ന ഷാനിമോൾ ഉസ്മാനെക്കുറിച്ചാണ് ഇത്തരം തെറ്റായ വാർത്തകൾ എ.കെ.ജി സെന്‍ററിലെ സോഷ്യൽ മീഡിയ വിഭാഗം നൽകുന്നത്.
തനിക്കെതിരായി സോഷ്യൽ മീഡിയയിൽ 'കള്ളൻ', 'കൊള്ളക്കാരൻ' എന്നൊക്കെ പറഞ്ഞു നടത്തുന്ന പോസ്റ്റുകൾ നെഗറ്റീവ് ആണെങ്കിലും തനിക്ക് വലിയ പബ്ലിസിറ്റിയായി മാറുകയാണ്. അതുകൊണ്ട് എ.കെ.ജി സെന്‍ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്ന ആളുകളോട് പറയാനുള്ളത്, ദിവസം ഇതുപോലുള്ള 10 കാർഡുകളെങ്കിലും എനിക്കെതിരെ ഇറക്കണം എന്നാണ്. ഐഷാ പോറ്റി പോയതിന്‍റെ കടം തീർക്കുന്നത് പിതാവ് മരിച്ച് വീട്ടിലിരിക്കുന്ന ഒരു വനിതാ നേതാവിനെക്കുറിച്ച് കള്ളപ്രചരണം നടത്തിയിട്ടാണ്. അതുകൊണ്ടുതന്നെ എ.കെ.ജി സെന്‍ററിലിരുന്ന് സോഷ്യൽ മീഡിയയിലൂടെ ശരിയായ കാര്യങ്ങൾ കൊടുത്താലും ജനം വിശ്വസിക്കാൻ പോകുന്നില്ല.
വിവിധ സാമൂഹിക ഗ്രൂപ്പുകളും വ്യക്തികളുമടക്കം വലിയൊരു വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരുമെന്ന് സതീശൻ ആവർത്തിച്ചു. എൽ.ഡി.എഫിലും എൻ.ഡി.എയിലും ഉള്ള കക്ഷികൾ യു.ഡി.എഫിലേക്ക് വരും എന്ന് നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അത് ആരാണെന്ന് ഇപ്പോൾ പറയുന്നില്ല. തിരഞ്ഞെടുപ്പിന് മുൻപ് യു.ഡി.എഫിന്‍റെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കും. അത് കേരള കോൺഗ്രസ് ആയിരിക്കുമോ മറ്റാരെങ്കിലുമായിരിക്കുമോ എന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. യു.ഡി.എഫിന്‍റെ രാഷ്ട്രീയ അടിത്തറ മോശമായതുകൊണ്ടല്ല ഇത്.
കഴിഞ്ഞ 30 വർഷത്തിനിടയിലെ മികച്ച ഫലങ്ങളിലൂടെയാണ് യു.ഡി.എഫ് ഇപ്പോൾ കടന്നുപോകുന്നത്. 1995-ൽ പഞ്ചായത്തീരാജ്-നഗരപാലിക നിയമം നിലവിൽ വന്ന ശേഷം ഏറ്റവും ഉജ്ജ്വലമായ വിജയമാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായത്. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ യു.ഡി.എഫ് ദുർബലമാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ വിചാരിക്കട്ടെ.
പത്തു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ കക്ഷികൾ തമ്മിൽ പരസ്പര വിശ്വാസമില്ലാത്ത മുന്നണിയായി എൽ.ഡി.എഫ് മാറി. എൽ.ഡി.എഫ് ശിഥിലമാകുകയും യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുകയുമാണ്. ശബരിമലയിൽ 50 കൊല്ലം മുൻപ് നടന്ന കാര്യങ്ങളിലേക്കു കൂടി അന്വേഷണം പോകട്ടെ എന്നാണ് പറയാനുള്ളത്. ഇതുകൊണ്ടൊന്നും ഇപ്പോൾ നടന്ന സ്വർണ്ണക്കൊള്ള മറയ്ക്കാൻ പറ്റില്ല. അത് മറയ്ക്കാൻ വേണ്ടി സോണിയ ഗാന്ധിയുടെ പേര് വരെ വലിച്ചിഴച്ചു. അയ്യപ്പന്‍റെ സ്വർണ്ണം കവർന്നതിന് സി.പി.എം നേതാക്കൾ ജയിലിൽ കിടക്കുകയാണ്.
അവരെ സംരക്ഷിക്കാനാണ് ഇപ്പോഴും സി.പി.എം ശ്രമിക്കുന്നത്. ഇനിയും ചിലർ പുറത്തുനിൽക്കുന്നുണ്ട്. അവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും ശ്രമിക്കുകയാണ്. അയ്യപ്പന്‍റെ സ്വർണ്ണം കവർന്നതിന് ജയിലിൽ കിടക്കുന്ന പാർട്ടിക്കാർക്കെതിരെ ഒരു നടപടിയുമെടുക്കാത്തവരാണിവർ. അവർക്കെതിരെ നടപടിയെടുക്കാൻ സി.പി.എമ്മിന് പേടിയാണ്. ദേവസ്വം ബോർഡ് രൂപീകൃതമായ കാലം മുതലുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ, അതുകൊണ്ടൊന്നും ഇപ്പോഴത്തെ സ്വർണ്ണക്കവർച്ച ഇല്ലാതാകാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR