ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : ധനമന്ത്രി
Thiruvanathapuram, 16 ജനുവരി (H.S.) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷാ
Kn balagopal, finance minister, kerala, kiffb


Thiruvanathapuram, 16 ജനുവരി (H.S.)

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷാമബത്ത നല്‍കുന്നതില്‍ സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശിക ഉള്‍പ്പെടെയുള്ള തുക നല്‍കുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഇതില്‍ സര്‍ക്കാരിന് മറ്റ് സമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരും പെന്‍ഷന്‍കാരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷാമബത്ത നല്‍കുന്നത് സര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിന്റെ കുടിശിക സര്‍ക്കാര്‍ ഘട്ടങ്ങളായി നല്‍കി വരുന്നുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പോലും ഡിഎ നല്‍കാതിരുന്നപ്പോള്‍ കേരളം ശമ്പളം കൃത്യമായി നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. കഴിഞ്ഞ10വര്‍ഷത്തിനിടെ നാല് ലക്ഷത്തോളം പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി,യുവാക്കള്‍ക്കുള്ള കണക്ട് ടു വര്‍ക്ക് തുടങ്ങിയ പുതിയ പദ്ധതികള്‍ ആരംഭിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസ്സുകള്‍ കേരളത്തിന് നഷ്ടമായി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ25ശതമാനത്തില്‍ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഇത്50മുതല്‍72ശതമാനം വരെയാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസില്‍ അനുകൂലമായ തീരുമാനമുണ്ടായാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News