Enter your Email Address to subscribe to our newsletters

Kerala, 16 ജനുവരി (H.S.)
2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന സംഗീത്.കെ ക്യാഷ് ബുക്ക്, ഓഫീസ് എക്‌സ്‌പെന്‍സസ് രജിസ്റ്റര്‍, ചെക്ക് ബുക്കുകള്‍ എന്നിവ ദുരൂപയോഗം ചെയ്തും വ്യാജ രേഖകള്‍ ചമച്ചും ക്രമക്കേടുകള്‍ നടത്തി 14 കോടി രൂപ തട്ടിയെടുത്തതിന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കും ആറ്റിങ്ങല്‍ സ്വദേശിയുമായ സംഗീത്.കെ യെയും സുഹൃത്ത് വഴുതക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ അനില്‍കുമാറിനെയും ഇന്ന് (16-01-2026) വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ LD ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന സമയം സംഗീത്.കെ ചെക്കുകളില്‍ തുക മാറ്റി എഴുതിയും, മേലുദ്യോഗസ്ഥരുടെ ഒപ്പുകള്‍ സ്വന്തമായി രേഖപ്പെടുത്തിയും, രജിസ്റ്ററുകളിലും മറ്റും തിരിമറി നടത്തിയും ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്കും, സുഹൃത്ത് അനില്‍ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് ക്രമക്കേടുകള്‍ നടത്തിയത്. ക്രമക്കേടിലൂടെ സമ്പാദിച്ച പണം വസ്തുവകകള്‍ വാങ്ങി കൂട്ടുന്നതിനും, റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതിനും ഉപയോഗിച്ചതായി വെളിവായിട്ടുള്ളതാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിജിലന്‍സ് പരിശോധിച്ച് വരികയാണ്. സംഗീത്.കെ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മാറിയതിന് ശേഷവും തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. ക്ഷേമനിധി ബോര്‍ഡിലെ മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോ എന്നും വിജിലന്‍സ് സംഘം പരിശോധിച്ച് വരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S