വിസ്മയ കേസ് പ്രതി കിരൺ കുമാറിന് വീട് കയറി മർദ്ദനം; മൊബൈൽ ഫോൺ കവർന്നു, യുവാക്കൾക്കെതിരെ കേസ്
Kollam, 16 ജനുവരി (H.S.) കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാറിനെ ഒരുസംഘം യുവാക്കൾ വീട് കയറി ആക്രമിച്ചു. കൊല്ലം ശാസ്താംനടയിലുള്ള കിരണിന്റെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദ്ദനത്തി
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് വീട് കയറി മർദ്ദനം; മൊബൈൽ ഫോൺ കവർന്നു, യുവാക്കൾക്കെതിരെ കേസ്


Kollam, 16 ജനുവരി (H.S.)

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാറിനെ ഒരുസംഘം യുവാക്കൾ വീട് കയറി ആക്രമിച്ചു. കൊല്ലം ശാസ്താംനടയിലുള്ള കിരണിന്റെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദ്ദനത്തിന് പുറമെ കിരണിന്റെ മൊബൈൽ ഫോൺ അക്രമിസംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു..

സംഭവം നടന്നത് ഇങ്ങനെ

രാത്രിയിൽ കിരണിന്റെ വീടിന് മുന്നിലൂടെ പോവുകയായിരുന്ന നാല് യുവാക്കളാണ് അക്രമത്തിന് പിന്നിൽ. വിസ്മയ കേസിനെക്കുറിച്ച് പറഞ്ഞ് ഇവർ കിരണിന്റെ വീടിന് മുന്നിൽ വെച്ച് പ്രകോപനപരമായി സംസാരിക്കുകയും മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് വീപ്പകളിൽ അടിച്ച് വലിയ ശബ്ദമുണ്ടാക്കി വെല്ലുവിളിക്കുകയും ചെയ്തു. ബഹളം കേട്ട് കിരൺ വീടിന് പുറത്തേക്ക് വന്നതോടെ യുവാക്കൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെയാണ് കിരണിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇവർ തട്ടിയെടുത്തത്.

തുടർന്ന് കിരണിന്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. എന്നാൽ കിരൺ കുമാർ തങ്ങളോട് മോശമായി സംസാരിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് യുവാക്കൾ പോലീസിന് നൽകിയ വിശദീകരണം. ഈ ആക്രമണത്തിന് വിസ്മയ കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.

വിസ്മയ കേസും ശിക്ഷയും

2021 ജൂണിലായിരുന്നു നിലമേൽ സ്വദേശിനിയായ 24 വയസ്സുകാരി വിസ്മയയെ ഭർത്താവായ കിരണിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാർ സ്ത്രീധനത്തിനായി വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. കേസിൽ കിരണിന് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ വിധിയെത്തുടർന്ന് കിരണിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

നിലവിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ സുപ്രീം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് കിരൺ സ്വന്തം വീട്ടിൽ കഴിയുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു കിരൺ. ഇതിനിടയിലാണ് വീട് കയറിയുള്ള ആക്രമണം ഉണ്ടായത്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ശൂരനാട് പോലീസ് അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News