കേരളത്തിലെ ജനതാദള്‍ (എസ്) ഇനി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍
Tiruvanthpuram, 17 ജനുവരി (H.S.) കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമായ ജനതാദള്‍ (സെക്യുലർ) ഇനി മുതല്‍ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍. ഇതോടെ ദേശീയ തലത്തില്‍ എൻഡിഎയ്ക്കൊപ്പവും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പവുമെന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും വിരാമമ
Indian Socialist Janata Dal


Tiruvanthpuram, 17 ജനുവരി (H.S.)

കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമായ ജനതാദള്‍ (സെക്യുലർ) ഇനി മുതല്‍ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍. ഇതോടെ ദേശീയ തലത്തില്‍ എൻഡിഎയ്ക്കൊപ്പവും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പവുമെന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും വിരാമമായി.

ജെഡി(എസ്) എങ്ങനെയായിരുന്നോ ആ വിധത്തില്‍‍ പുതിയ പാർട്ടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളും എല്‍ഡിഎഫില്‍ പ്രവർത്തിക്കും. കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ ജെഡി(എസ്) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളില്‍ ലയിക്കുകയായിരുന്നു. ജെഡി(എസ്) എംഎല്‍എമാരായ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും മുൻ എംഎല്‍എ ജോസ് തെറ്റയിലും അടക്കമുള്ളവർ ഇതോടെ പുതിയ പാർട്ടിയിലെത്തി. മാത്യു ടി.തോമസാണ് പുതിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ.

2022 ഒക്ടോബർ 25ന് ബെംഗളൂരുവില്‍ ചേർന്ന ജനതാദള്‍ (എസ്) ദേശീയ പ്ലീനറി സമ്മേനം കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ നിലകൊള്ളാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബിജെപിക്കൊപ്പം ചേരാൻ ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് കേരള നേതൃത്വം കുഴപ്പത്തിലായത്. തുടർന്ന്, സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. രാവിലെ നടന്ന ജനതാദള്‍ (എസ്) സംസ്ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ കൂടുകയും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായി ലയിക്കാനുള്ള പ്രമേയം മന്ത്രി കെ.കൃഷ്ണൻകുട്ടി അവതരിപ്പിക്കുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.ദിവാകരൻ പിന്താങ്ങുകയും ചെയ്തു. തുടർന്ന് ഐകകണ്ഠ്യേന ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളില്‍ ലയിക്കാൻ തീരുമാനിച്ചു. പുതിയ പാർട്ടിയുടെ പതാക ഉയർത്തുകയും ചെയ്തു.

ലയന സമ്മേളനത്തില്‍ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡന്റ് കെ.സുരേഷ് ആമുഖ പ്രസംഗം നടത്തി. മാത്യു ടി. തോമസിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. മതേതര ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കു വർഗീയത തിരഞ്ഞെടുപ്പ് വിഷയം ആക്കുന്നതിനെതിരെ ഇന്ത്യൻ ജനത ജാഗരൂകരാകേണ്ടതുണ്ട് എന്നും ഫെഡറല്‍ സംവിധാനത്തെ അവഹേളിച്ചു കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കിക്കൊണ്ടും പൗരാവകാശങ്ങളെ ഹനിച്ചു കൊണ്ടും നിലവിലുള്ള കേന്ദ്രഭരണം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. പുതിയ പാർട്ടിയിലേക്ക് സമാന ചിന്താഗതിയുള്ളവരും മാറി നില്‍ക്കുന്നവരും പല പാർട്ടികളില്‍ നിന്നും എത്തിച്ചേരുമെന്നും പാർട്ടിയെ ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ മാത്യു ടി. തോമസ് പറഞ്ഞു.

സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ജോസ് തെറ്റയില്‍ യോഗത്തില്‍ വായിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ സന്ദേശം സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യം വായിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.മുരുഗദാസ്, സാബു ജോർജ്, പി.പി.ദിവാകരൻ, കെ.എസ്.പ്രദീപ്കുമാർ, കൊല്ലംകോട് രവീന്ദ്ര നാഥൻ നായർ, ജേക്കബ് ഉമ്മൻ, മുഹമ്മദ് ഷാ, ജബ്ബാർ തച്ചയില്‍ തുടങ്ങിയവരും പ്രസംഗിച്ചു.നിലവില്‍ ജനതാദള്‍ എസില്‍ ഏതു വിധത്തിലായിരുന്നോ ഭാരവാഹികളെ ഉള്‍പ്പെടുത്തിയിരുന്നത് അതേ പദവികള്‍ തന്നെയായിരിക്കും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലും. പുതിയ പാർട്ടിയില്‍ ലയിക്കുന്നതിനോട് എതിർപ്പ് പുലർത്തിയിരുന്ന ജോസ് തെറ്റയില്‍ വിഭാഗം സമ്മേളനത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News