Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ജനുവരി (H.S.)
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും നിർണായകമായ അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വിവാദങ്ങളെത്തുടർന്ന് എസ് ഹരിശങ്കറിനെ മാറ്റി ട്രാഫിക് ഐജിയായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥലങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഹരിശങ്കറിൻ്റെ മാറ്റവും വിവാദങ്ങളും
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് അംഗവുമായ കെപി ശങ്കരദാസിൻ്റെ മകൻ എസ് ഹരിശങ്കറിനെ സായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായാണ് നിയമിച്ചിരിക്കുന്നത്. കൊച്ചി കമ്മിഷണറായി നേരത്തെ നിയമനം ലഭിച്ചിരുന്നെങ്കിലും ഹരിശങ്കർ ചുമതലയേറ്റിരുന്നില്ല. തൃശൂർ റേഞ്ച് ഡിഐജിയായിരിക്കെയാണ് അദ്ദേഹത്തിന് കൊച്ചിയിലേക്ക് നിയമനം ലഭിച്ചത്. എന്നാൽ പിതാവിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ, പിതാവായതുകൊണ്ടാണോ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യം ഉയർന്നിരുന്നു.
ഇതിനു പിന്നാലെ അദ്ദേഹം സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിക്കുകയും തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ജനുവരി എട്ട് മുതൽ 22 വരെ 15 ദിവസത്തെ ആർജിത അവധിയും ഹരിശങ്കറിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു.
പുതിയ കമ്മിഷണർമാരും ഡിഐജിമാരും
ഹരിശങ്കറിൻ്റെ മാറ്റത്തിന് പുറമെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. ടി നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായും അരുൾ ആർബി കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായും നിയമിച്ചു. ജി ജയദേവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായും ഹേമലത കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായും ചുമതലയേൽക്കും. കാളിരാജ് മഹേഷ് കുമാറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. യുവാക്കളായ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ജില്ലാ തലങ്ങളിൽ കൂടുതൽ ചുമതലകൾ നൽകിക്കൊണ്ടുള്ള സമഗ്രമായ അഴിച്ചുപണിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
എസ്‌പി തലത്തിലെ മാറ്റങ്ങൾ
എറണാകുളം റൂറൽ പൊലീസ് മേധാവിയായി കെഎസ് സുദർശനെയും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി ജെ മഹേഷിനെയും നിയമിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവിയായി അരുൺ കെ പവിത്രൻ ചുമതലയേൽക്കും. ഫറാഷ് ടിയെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായി നിയമിച്ചു. നേരത്തെ തിരുവനന്തപുരം റൂറൽ എസ്പിയായിരുന്ന ഡി സുദർശനെ കോഴിക്കോട് റൂറൽ എസ്പിയായി മാറ്റി നിയമിച്ചതായും ഉത്തരവിൽ പരാമർശമുണ്ട്. കോഴിക്കോട് റൂറൽ എസ്പിയായിരുന്ന കെഇ ബൈജുവിനെ കോസ്റ്റൽ പൊലീസിലേക്ക് മാറ്റി. കിരൺ നാരായണനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായും മുഹമ്മദ് നദീമുദ്ദീനെ റെയിൽവേ എസ്പിയായും നിയമിച്ചു.
ഡെപ്യൂട്ടി കമ്മിഷണർമാരുടെ നിയമനം
വയനാട് എസ്പിയായിരുന്ന തപോഷ് ബസുമാതരിയാണ് പുതിയ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ. വയനാട് ദുരന്ത സമയത്തെ മികച്ച പ്രവർത്തനം തപോഷ് ബസുമാതരിയുടെ പേര് ശ്രദ്ധിക്കപ്പെടാൻ കാരണമായിരുന്നു. റെയിൽവേ എസ്പിയായിരുന്ന ഷഹൻഷാ കെഎസിനെ കൊച്ചി സിറ്റി ഡിസിപിയായും പദം സിങിനെ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് ഡിസിപിയായിരുന്ന അരുൺ കെ പവിത്രനെയാണ് വയനാട് എസ്പിയായി നിയമിച്ചത്.
ഏതാനും ആഴ്ചകൾക്ക് മുൻപും പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയിരുന്നു. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ജി സ്പർജൻ കുമാറിനെ ദക്ഷിണ മേഖലാ ഐജിയായും ദക്ഷിണ മേഖലാ ഐജിയായിരുന്ന എസ് ശ്യാം സുന്ദറിനെ ഇൻ്റലിജൻസിലേക്കും അന്ന് മാറ്റിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR