Enter your Email Address to subscribe to our newsletters

Bangalore, 17 ജനുവരി (H.S.)
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് ഐപിഎൽ, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും നടത്താൻ അനുമതി ലഭിച്ചതായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) അറിയിച്ചു. സർക്കാരും ബന്ധപ്പെട്ട അധികാരികളും നിർദ്ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചായിരിക്കും മത്സരങ്ങളെന്ന് കെഎസ്‌സിഎ വക്താവ് വിനയ് മൃത്യുഞ്ജയ പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാർ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് മത്സരങ്ങൾ നടത്താൻ അനുമതി നൽകിയത്.
ആര്‍സിബിയുടെ ഐപിഎൽ 2025 കിരീട നേട്ട ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് സ്റ്റേഡിയം ക്രിക്കറ്റ് കലണ്ടറിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് മാർക്വീ ക്രിക്കറ്റ് മത്സരങ്ങൾ തിരികെ കൊണ്ടുവരുന്നതിനുള്ള ഔദ്യോഗിക അനുമതിയായത്. നേരത്തെ ദുലീപ് ട്രോഫി, ഇന്ത്യ-ദക്ഷിണാഫ്രിക്ക പുരുഷ എ പരമ്പര, വിജയ് ഹസാരെ ട്രോഫി, 2025 ലെ ഐസിസി വനിതാ ഏകദിന ലോകകപ്പ്, ഫൈനൽ എന്നിവയുൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയിരുന്നു.
'നിർദ്ദേശിക്കപ്പെട്ട എല്ലാ വ്യവസ്ഥകളും പാലിക്കുമെന്ന് കെഎസ്‌സിഎ പറഞ്ഞു. അസോസിയേഷൻ ഇതിനകം തന്നെ വിദഗ്ദ്ധ അവലോകന സമിതിക്ക് മുമ്പാകെ വിശദമായ ഒരു കംപ്ലയൻസ് റോഡ്‌മാപ്പ് അവതരിപ്പിച്ചിട്ടുണ്ട്, കൂടാതെ എല്ലാ സുരക്ഷ, ആൾക്കൂട്ട മാനേജ്‌മെന്‍റ് നടപടികളും അക്ഷരാർത്ഥത്തിൽ നടപ്പിലാക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മൃത്യുഞ്ജയ കൂട്ടിച്ചേർത്തു.
അതിനിടെ ഈ വർഷത്തെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഹോം മത്സരങ്ങൾ റായ്‌പൂ രിലേക്കും പൂനെയിലേക്കും മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുറത്തുവന്നിരുന്നു. ആര്‍സിബിയുടെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയതെന്ന് സര്‍ക്കാരും വെളിപ്പെടുത്തി.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഏകദേശം മൂന്ന് ലക്ഷത്തോളം ആരാധകർ വേദിയിലേക്ക് തടിച്ചുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികളുടെ അഭാവമാണ് പിന്നീട് നടന്ന അന്വേഷണത്തിൽ കുറ്റപ്പെടുത്തിയത്. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും ചികില്‍സയിലുള്ളവരുടെ ചെലവ് വഹിക്കുമെന്നും അറിയിച്ചിരുന്നു. ആര്‍സിബിയും മരണപ്പെട്ടവര്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ആ സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് സ്റ്റേഡിയത്തിൽ വീണ്ടും മത്സരങ്ങൾ നടക്കാൻ അനുമതി ലഭിച്ചതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR