Enter your Email Address to subscribe to our newsletters

Kolkata, 17 ജനുവരി (H.S.)
പശ്ചിമ ബംഗാളില്‍ ബിജെപി ഭരണത്തിനുള്ള സമയമായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാള്‍ഡയില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ പുത്തന്‍ തലമുറ ബിജെപിക്കൊപ്പമാണ് എന്നും അതിനാല്‍ തന്നെ ഇത്തവണ ബംഗാള്‍ ബിജെപിക്ക് വോട്ട് നല്‍കുമെന്ന് തനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട് എന്നും മോദി കൂട്ടിച്ചേര്‍ത്തു.
'പശ്ചിമ ബംഗാളിന്റെ എല്ലാ കോണുകളിലും ബിജെപിയുടെ കീഴില്‍ ഒരു നല്ല ഭരണ സര്‍ക്കാരുണ്ട്. ഇപ്പോള്‍ ബംഗാളിന് നല്ല ഭരണത്തിനുള്ള ഊഴമാണ്. അതുകൊണ്ടാണ്, ബീഹാര്‍ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം, മാ ഗംഗയുടെ അനുഗ്രഹത്താല്‍, വികസന നദി ഇപ്പോള്‍ ബംഗാളിലും ഒഴുകുമെന്നും, ബിജെപി ഇത് സാധ്യമാക്കുമെന്നും ഞാന്‍ പറഞ്ഞത്'' നരേന്ദ്ര മോദി പറഞ്ഞു.
ഇന്നലെ, മഹാരാഷ്ട്രയില്‍ ബിജെപിക്ക് ചരിത്രപരമായ വിജയം ലഭിച്ചതായി നിങ്ങള്‍ കണ്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കേരളത്തിലും ഞങ്ങള്‍ക്ക് ഒരു ബിജെപി മേയറെ ലഭിച്ചു. രാജ്യത്തെ ജെന്‍സിക്ക് ബിജെപിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇത് കാണിക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജം എനിക്ക് കാണാന്‍ കഴിയും, ഇത്തവണ ബംഗാള്‍ ബിജെപിക്ക് വോട്ട് നല്‍കുമെന്ന് എനിക്ക് പറയാന്‍ കഴിയും, അദ്ദേഹം അവകാശപ്പെട്ടു.
ബംഗാളില്‍ മമതയ്ക്കും തൃണമൂലിനും വികസനം എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ''ബംഗാളില്‍ ഒരു ഫാക്ടറിയുമില്ല. കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അവര്‍ നിങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയിട്ടില്ല', മോദി പറഞ്ഞു. ബംഗാളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സ്വന്തമായി ഒരു വീട് ഉണ്ടായിരിക്കണമെന്നും അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ റേഷനും കേന്ദ്രം നടത്തുന്ന ക്ഷേമ പദ്ധതികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കണമെന്നും മോദി പറഞ്ഞു.
എന്നിരുന്നാലും, സംസ്ഥാന തലത്തിലെ അഴിമതി കാരണം ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ദരിദ്രര്‍ക്കായി അയയ്ക്കുന്ന പണം തൃണമൂല്‍ നേതാക്കള്‍ കൊള്ളയടിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാര്‍ തന്റെയും ബംഗാള്‍ ജനതയുടെയും ശത്രുവായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുഷ്മാന്‍ ഭാരത് അനുവദിക്കാത്ത ഒരേയൊരു സംസ്ഥാനം ബംഗാള്‍ മാത്രമാണ്.
തന്റെ സര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്ന് ദരിദ്രര്‍ക്ക് സഹായം ലഭിക്കാന്‍ തൃണമൂലുകാര്‍ അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരമായ സര്‍ക്കാരിനോട് വിട പറയേണ്ട'' സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും സ്വന്തം രാജ്യങ്ങളില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയാണെന്ന് മോദി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR