Enter your Email Address to subscribe to our newsletters

Pathanamthitta, 17 ജനുവരി (H.S.)
ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമായി. ഇത്തവണ 52 ലക്ഷത്തിലധികം ഭക്തരാണ് ദർശനത്തിനെത്തിയത്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപയാണ് ഇത്തവണ ശബരിമലയില്‍ ലഭിച്ചത്. ഇതില്‍ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയും ഇതുവരെ ലഭിച്ചു. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് ഇത്തവണത്തെ തീർത്ഥാടനകാലത്തെ ചരിത്രവിജയമാക്കിയതെന്ന് സർക്കാർ പത്രകുറിപ്പില്‍ പറഞ്ഞു.
തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുൻപേ മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗങ്ങളാണ് ഈ വിജയത്തിന് അടിത്തറയിട്ടത്. പത്തോളം പ്രധാന യോഗങ്ങള്‍ സർക്കാർ തലത്തില്‍ ചേരുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. സന്നിധാനത്തെ പോലെ തന്നെ ഇടത്താവളങ്ങളായ ഏറ്റുമാനൂർ, എരുമേലി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലും എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗങ്ങള്‍ ചേർന്ന് സൗകര്യങ്ങള്‍ ഉറപ്പുവരുത്തി.
ഭക്തർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലായി 2,600-ലധികം ടോയ്‌ലറ്റുകള്‍ സജ്ജമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് നിലയ്ക്കലിന് പുറമെ പമ്ബ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും പാർക്കിംഗ് അനുവദിച്ചതോടെ വാഹനത്തിരക്ക് വലിയ തോതില്‍ കുറയ്ക്കാൻ സാധിച്ചു. നിലയ്ക്കലില്‍ മാത്രം 10,500 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ഭക്തരുടെ വിശ്രമത്തിനായി പമ്ബയില്‍ ജർമ്മൻ പന്തലുകള്‍ ഉള്‍പ്പെടെ പുതിയ നടപ്പന്തലുകള്‍ സ്ഥാപിച്ചു. മൂവായിരം പേർക്ക് വിരിവയ്ക്കാവുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
20 ലക്ഷത്തിലധികം ഭക്തർക്ക് സന്നിധാനത്ത് അന്നദാനം നല്‍കി. ഉച്ചയ്ക്ക് തീർത്ഥാടകർക്ക് സദ്യ വിളമ്ബിയത് ഇത്തവണത്തെ സവിശേഷതയായിരുന്നു. ക്യൂ നില്‍ക്കുന്ന ഭക്തർക്ക് ചൂടുവെള്ളം നല്‍കുന്നതിനായി ശരംകുത്തിയിലെ ബോയിലർ ശേഷി പതിനായിരം ലിറ്ററായി ഉയർത്തി പൈപ്പ് വഴി കിയോസ്‌കുകളില്‍ വെള്ളമെത്തിച്ചു. ലഘുഭക്ഷണമായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റും വിതരണം ചെയ്തു.
ആരോഗ്യ മേഖലയില്‍ മികച്ച സേവനങ്ങളാണ് സർക്കാർ ഉറപ്പാക്കിയത്. സന്നിധാനത്ത് ഇ.സി.ജി, എക്കോ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കി. പമ്ബയിലും സന്നിധാനത്തുമായി എഴുപതിലധികം കിടക്കകളുള്ള ആശുപത്രി സംവിധാനവും പമ്ബ മുതല്‍ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിച്ചു. നാല് ആംബുലൻസുകള്‍ തീർത്ഥാടന പാതയില്‍ സേവനമനുഷ്ഠിച്ചു.
18,741 പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും, വനം, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി തുടങ്ങി 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനവുമാണ് ഇത്തവണത്തെ തീർത്ഥാടനത്തെ സുഗമമാക്കിയതെന്നും സർക്കാർ വാർത്താക്കുറിപ്പില്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR