Enter your Email Address to subscribe to our newsletters

Alappuzha, 17 ജനുവരി (H.S.)
മുഖ്യമന്ത്രിയുടെ വാഹനത്തിൽ താൻ കയറിയത് വലിയൊരു കുറവായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാണുന്നതെങ്കിൽ അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയക്കേണ്ടിവരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൺപത്തിയൊമ്പതോ തൊണ്ണൂറോ വയസ്സുള്ള ഒരാൾ നടന്നു വരുമ്പോൾ മുഖ്യമന്ത്രി വാഹനത്തിൽ കയറ്റി കൊണ്ടുപോയത് വലിയ തെറ്റായിട്ടാണ് സതീശൻ വ്യാഖ്യാനിക്കുന്നത്. ഇതിൽ നിന്നും അദ്ദേഹത്തിൻ്റെ മനോനില വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.
വിഡി സതീശൻ ഒരു ഈഴവ വിരോധിയാണെന്നും പിന്നാക്കക്കാരനായ മുഖ്യമന്ത്രിയുടെ കാറിൽ പിന്നാക്കക്കാരനായ തന്നെ കയറ്റിയത് അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഒരു പിന്നാക്കക്കാരൻ അത്തരത്തിൽ കാറിൽ കയറാൻ പാടില്ലെന്നും പ്രത്യേകിച്ചും വെള്ളാപ്പള്ളി നടേശനോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയോ ഒട്ടും കയറാൻ പാടില്ലെന്നുമുള്ള മനോഭാവമാണ് സതീശനുള്ളത്. ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായിട്ടാണ് പ്രതിപക്ഷ നേതാവ് കാണുന്നതെങ്കിൽ അത് തെറ്റാണ്. സതീശൻ്റെ വർത്തമാനങ്ങൾ അദ്ദേഹം ഈഴവ വിരോധിയാണെന്നതിന് പലപ്പോഴും തെളിവാണ്. കെപിസിസി പ്രസിഡൻ്റായിരുന്ന കരുത്തനായ കെ സുധാകരനെപ്പോലും സതീശൻ വെറുതെ വിട്ടിരുന്നില്ല. നിരന്തരം വിമർശിച്ച് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും മാറ്റുകയാണ് ചെയ്തത്. വാക്കിൽ മിടുക്കനാണെങ്കിലും പ്രവൃത്തിയിൽ എന്താകുമെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ ആരെയും വെല്ലുവിളിക്കുന്നില്ലെങ്കിലും രാഷ്ട്രീയ മര്യാദയും സമുദായ മര്യാദയും കാണിക്കേണ്ടതുണ്ട്.
ഏറ്റവും വലിയ വർഗീയവാദികളായ ആളുകൾക്ക് കുട പിടിച്ചു കൊടുത്ത് അവരെ സംരക്ഷിച്ചു നിർത്തുകയും അതേസമയം മതേതരത്വം പ്രസംഗിക്കുകയുമാണ് വിഡി സതീശൻ ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. വർഗീയവാദികളിൽ നിന്നും ആനുകൂല്യങ്ങളും ആശീർവാദങ്ങളും നേടാനാണ് ഈ കുടപിടുത്തം. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് അദ്ദേഹം അവരോട് കാണിക്കുന്നത്. ഇതെല്ലാം സതീശൻ്റെ രാഷ്ട്രീയ മോഹങ്ങളും നാളെ പല സ്ഥാനങ്ങളും അവർ വഴി നേടിയെടുക്കാനുള്ള അടവ് നയവുമാണെന്ന് താൻ മനസ്സിലാക്കുന്നു. പുള്ളി പുള്ളിയുടെ കർമം ചെയ്യട്ടെ താൻ തൻ്റെ കർമവും ചെയ്യുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എൻഎസ്എസുമായി യോജിപ്പിൻ്റെ പാത
എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ അകറ്റിയത് യുഡിഎഫ് ആണെന്നും ഇനി എൻഎസ്എസുമായി യാതൊരു കലഹവുമില്ലെന്നും അവരുമായി സമരസപ്പെട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. പെരുന്നയിൽ ചെല്ലുന്നതിനോ കാണുന്നതിനോ തനിക്ക് യാതൊരു അയിത്തവുമില്ല. അവരുമായി വെറുതെ എന്തിനാണ് യുദ്ധം ചെയ്യുന്നതെന്നും പിണങ്ങിയിട്ട് എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പിണക്കം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ചിന്തിക്കണം. കുരങ്ങനെക്കൊണ്ട് ചൂടുചോറ് മാന്തിക്കുന്നത് പോലെ യുഡിഎഫ് ആണ് ഇരു വിഭാഗങ്ങളെയും തമ്മിൽ യുദ്ധം ചെയ്യിപ്പിച്ചത്. സംവരണ കാര്യത്തിലല്ല തർക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായാടി മുതൽ നസ്രാണി വരെ ഒരുമിച്ചു നിൽക്കേണ്ട കാലഘട്ടമാണിതെന്ന് വെള്ളാപ്പള്ളി ഓർമിപ്പിച്ചു. നായാടി തൊട്ട് നസ്രാണി വരെ എന്നത് പുതിയ മുദ്രാവാക്യമായി മാറുകയാണ്. നസ്രാണികൾ ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ വിഷമത്തിലാണ്. പലരും അത് പരസ്യമായി പറയുന്നില്ല എന്നേയുള്ളൂ. അവർ ഇന്ന് ഒരുപാട് പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. അവർ ഇന്ന് ഭയന്നാണ് ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR