രാജ്യത്ത് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.
Kolkata, 17 ജനുവരി (H.S.) രാജ്യത്ത് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണ്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ബംഗാളിലെ ഹൗറയില്‍ നിന്ന് അസമിലെ ഗുവാഹത്ത
Vande-Bharat


Kolkata, 17 ജനുവരി (H.S.)

രാജ്യത്ത് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണ്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.

ബംഗാളിലെ ഹൗറയില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ റെയില്‍വെ സ്റ്റേഷനിലേക്കാണ് സര്‍വീസ്. രണ്ടു ട്രെയിനുകളാണ് റെയില്‍വെ ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്.

ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആണിത്. ഹൗറയ്ക്കും കാമാഖ്യയ്ക്കുമിടയില്‍ രണ്ടര മണിക്കൂര്‍ സമയം ലാഭിക്കാന്‍ വന്ദേഭാരത് സ്ലീപ്പറിന് സാധിക്കും. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 11 എസി ത്രീ ടയര്‍ കോച്ചുകള്‍, നാല് എസി ടു ടയര്‍ കോച്ചുകള്‍, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്‌ എന്നിവയാണ് ഉള്‍പ്പെടുന്നത്.

ഉദ്ഘാടന ദിനമായ ഇന്ന് പ്രത്യേക സര്‍വീസ് ആണ് വന്ദേഭാരത് സ്ലീപ്പര്‍ നടത്തുന്നത്. കൂടുതല്‍ സ്റ്റേഷനുകളില്‍ നിര്‍ത്തുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അസമിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനത്തേക്കും കൂടുതല്‍ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചുണ്ട്.

ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വിവരം പുറത്തുവന്നു. ഫസ്റ്റ് എസിയില്‍ 3640 രൂപ, ടു എസിയില്‍ 2970 രൂപ, തേഡ് എസിയില്‍ 2299 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വെ സോണിന് കീഴിലാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു സമയം 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്ക് സര്‍വീസ് നടത്തുന്ന അതിവേഗ ട്രെയിന്‍ സരായ്ഘട്ട് എക്‌സ്പ്രസ് ആണ്. ഇതിനേക്കാള്‍ രണ്ടര മണിക്കൂര്‍ വേഗത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ എത്തും. 2030 ആകുമ്പോഴേക്ക് വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 800 ആക്കി ഉയര്‍ത്താനാണ് റെയില്‍വെയുടെ തീരുമാനം. 2047ല്‍ 4500 ആക്കും. നിലവില്‍ 164 ട്രെയിനുകളാണുള്ളത്.

അതിവേഗ വന്ദേഭാരത് കൂടി എത്തും

വന്ദേ മെട്രോ, വന്ദേഭാരത് എക്‌സ്പ്രസ്, വന്ദേഭാരത് സ്ലീപ്പര്‍ എന്നിവയ്ക്ക് ശേഷം അതിവേഗ വന്ദേഭാരത് എത്തുമെന്നതാണ് പുതിയ വിവരം. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും ആദ്യ സര്‍വീസ്. ബുള്ളറ്റ് ട്രെയിനിന് വേണ്ടി തയ്യാറാക്കുന്ന പ്രത്യേക പാതയില്‍ ആയിരിക്കും ഈ വന്ദേഭാരത് സര്‍വീസ് നടത്തുക.

അതിവേഗ വന്ദേഭാരത് 2027ല്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും സര്‍വീസ്. വേണ്ടി വന്നാല്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത കൂട്ടാന്‍ സാധിക്കും. വലിയ മാറ്റമാണ് ഗതാഗത രംഗത്ത് ഇന്ത്യന്‍ റെയില്‍വെ നടപ്പാക്കുന്നത്. മോദി വന്ദേഭാരത് സ്ലീപ്പറിനൊപ്പം വിവിധ റെയില്‍വെ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News