നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ വലുതാകും: വി ഡി സതീശൻ
Ernakulam, 17 ജനുവരി (H.S.) നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വലുതാകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി
vd satheesan against devaswom board president


Ernakulam, 17 ജനുവരി (H.S.)

നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വലുതാകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും പറഞ്ഞിട്ടില്ല. ഏതെങ്കിലും കക്ഷികള്‍ വരുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആ അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാന്‍ പലതും പറയുകയാണ്. ഏത് കാലത്തേത് അന്വേഷിച്ചാലും കുഴപ്പമില്ല. 2019 മുതല്‍ നടന്ന സ്വര്‍ണക്കൊള്ളയും 2024 ല്‍ വീണ്ടും കൊള്ള നടത്താനുള്ള ശ്രമത്തെ കുറിച്ചുമാണ് അന്വേഷണം നടക്കുന്നത്. ആ കൊള്ളയില്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ ജയിലിലാണ്. അവര്‍ക്കെതിരെ നടപടി എടുക്കാതെ സി.പി.എമ്മും സര്‍ക്കാരും പ്രതികളെ സംരക്ഷിക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മും സര്‍ക്കാരും മറുപടി പറയണം. മറുപടി ഇല്ലാത്തതു കൊണ്ടാണ് മരിച്ചു പോയ പ്രയാര്‍ ഗോപാലകൃഷ്ണനെ കുറിച്ച് പറയുന്നത്. ആ കാലത്തൊന്നും ഒരു വൃത്തികേടും നടന്നിട്ടില്ല. ഇതൊക്കെ പറഞ്ഞ് സ്വര്‍ണക്കൊള്ള ലഘൂകരിക്കാന്‍ ശ്രമിക്കേണ്ട. ഏത് വിഷയത്തെ കുറിച്ചും അന്വേഷിക്കട്ടെ. ഏത് കാലത്തെ കുറിച്ച് ഹൈക്കോടതി അന്വേഷണം നടത്തിയാലും ഞങ്ങള്‍ സ്വാഗതം ചെയ്യും. പക്ഷെ അതുകൊണ്ട് സ്വര്‍ണക്കൊള്ളയില്‍ വെള്ളം ചേര്‍ക്കാന്‍ നോക്കേണ്ട. ഇത് കേരളത്തെ ഞെട്ടിച്ച, അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്. ജയിലിലായവര്‍ക്ക് ജാമ്യം പോലും നല്‍കിയിട്ടില്ല. എന്നിട്ടും അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എം തയാറല്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ.ടിയില്‍ ഞങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. അക്കാര്യം കോടതിയും ശരിവച്ചിട്ടുണ്ട്. ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യുന്നതിലും പലരെയും ചോദ്യം ചെയ്യുന്നതിലും കാലതാമസമുണ്ടായി.

വയനാട് ദുരന്ത ബാധിതരില്‍ പലര്‍ക്കും സര്‍ക്കാര്‍ വാടക നല്‍കുന്നില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും നല്‍കുന്നില്ല. ജനങ്ങള്‍ നല്‍കിയ 742 കോടി രൂപയാണ് ഖജനാവിലുള്ളത്. എന്നിട്ടാണ് സി.എം.ഡി.ആര്‍.എഫിലേക്ക് പണം നല്‍കരുതെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചെന്ന് പറയുന്നത്. ഞാന്‍ ഉള്‍പ്പെടെയുള്ളവരും യു.ഡി.എഫ് എം.എല്‍.എമാരും സി.എം.ഡി.ആര്‍.എഫിലേക്ക് പണം നല്‍കിയിട്ടുണ്ട്. 19 ലക്ഷത്തോളം രൂപയാണ് ഞങ്ങള്‍ മാത്രം നല്‍കിയത്. എന്നിട്ടാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. അവസാനം വീട് നിര്‍മ്മിക്കാനുള്ള സ്ഥലം ഞങ്ങള്‍ക്ക് നല്‍കില്ലെന്നും പറഞ്ഞു. അതിനു ശേഷമാണ് ഞങ്ങള്‍ സ്ഥലം കണ്ടെത്തിയതും രജിസ്റ്റര്‍ ചെയ്തും. പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി അധ്യക്ഷന്റെയും ജോയിന്റ് അക്കൗണ്ടിലാണ് വീട് നിര്‍മ്മാണത്തിനുള്ള പണമുള്ളത്. എന്നിട്ടാണ് പണം പോയെന്ന് സി.പി.എം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വെറുതെ പ്രചരിപ്പിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ നാട്ടുകാര്‍ നല്‍കിയ പണം ഖജനാവില്‍ ഇട്ടിട്ടാണ് ചികിത്സാ സഹായം ഉള്‍പ്പെടെ നിര്‍ത്തിയത്. എ.കെ.ജി സെന്ററില്‍ ഇരുന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് മുഴുവന്‍ പച്ചക്കള്ളമാണ്. സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു കൊല്ലം എടുത്തപ്പോഴാണ് മൂന്ന് മൂന്നര മാസം കൊണ്ട് ഞങ്ങള്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. നൂറ് വീടുകളുടെ 20 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് കൈമാറി. ലീഗിന്റെ നൂറ് വീടുകളുടെ നിര്‍മ്മാണ് പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് ഞാന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായ എന്താണുള്ളത്? സി.പി.എം ഇപ്പോഴും പച്ചക്കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്.

പാര്‍ട്ടിക്കാര്‍ വീടുകളിലേക്ക് ചെല്ലുമ്പോള്‍ ജനം ചോദ്യം ചോദിക്കുമെന്നും നാട്ടുകാര്‍ തടുത്ത് നിര്‍ത്തുമെന്നും അറിയാവുന്നതു കൊണ്ടാണ് ജനങ്ങളുമായി തര്‍ക്കിക്കരുതെന്ന് സി.പി.എം സര്‍ക്കുലര്‍ ഇറക്കിയത്. പാര്‍ട്ടിക്കാര്‍ വീടുകളില്‍ പോകുന്നതില്‍ കുഴപ്പമില്ല. പക്ഷെ സര്‍ക്കാര്‍ ചെലവില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഹോള്‍ഡിംഗ്‌സുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പോകണമെന്ന് സി.പി.എം സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. നികുതി പണം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും സി.പി.എം പിന്മാറിയില്ലെങ്കില്‍ യു.ഡി.എഫ് അതിനെ നിയമപരമായി നേരിടും. കേരളം നന്നാക്കുന്നതിന് വേണ്ടിയുള്ള സര്‍വെയല്ല, സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പാര്‍ട്ടിക്കാരെ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടത്തുന്നത്.

കാന്തപുരത്തിന്റെ കേരളയാത്ര സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വര്‍ഗീയതയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പരസ്പര ബന്ധമില്ലാതെ വര്‍ഗീയ കലാപങ്ങളെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു. കോടിയേരിയുടെയും വി.എസ് അച്യുതാനന്ദന്റെയും കാലത്ത് എത്രയോ വര്‍ഗീയ കലാപങ്ങള്‍ നടന്നു. മുഖ്യമന്ത്രി എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. മുഖ്യമന്ത്രി മതേതരത്വത്തിന്റെ വക്താവാകാന്‍ ശ്രമിക്കുകയാണ്. ഒരു വശത്ത് വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്ക് പട്ടും വളയും നല്‍കി പൊന്നാട ചാര്‍ത്തുകയാണ്. എന്നിട്ട് അവരെക്കൊണ്ട് ഇവര്‍ക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയിക്കുകയാണ്. സംഘ്പരിവാറിന്റെ അതേ പാതയിലാണ് സി.പി.എമ്മും. ജാതിമത ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാര്‍ രീതിയാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും അവലംബിക്കുന്നത്. എന്നിട്ട് മതേതരത്വത്തെ കുറിച്ച് വാതോരാതെ സംസാരിച്ചാല്‍ അതിന് മറുപടി നല്‍കണ്ടേ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News