Enter your Email Address to subscribe to our newsletters

Wayanad, 17 ജനുവരി (H.S.)
മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം തുടരും എന്ന് സംസ്ഥാന സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് പ്രതിമാസം നല്‍കി വരുന്ന 9000 രൂപ ധനസഹായം വരും മാസങ്ങളിലും തുടരുമെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നും റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ ധനസഹായം തുടരും.
സാമ്പത്തിക സഹായം ലഭിക്കില്ലെന്ന തരത്തില്‍ ബോധപൂര്‍വമായ പ്രചരണം നടന്നു എന്നും അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കി വരുന്നുണ്ടായിരുന്നു. ദിനംപ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തില്‍ മൂന്ന് മാസത്തേക്കായിരുന്നു സഹായധന വിതരണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ വരെ നീട്ടി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സര്‍ക്കാര്‍ ധനസഹായം നിര്‍ത്തിയതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
അതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ധനസഹായം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ ഇനത്തില്‍ മാത്രം 15 കോടി രൂപയിലധികം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു തടസവും ഇല്ലെന്നും എന്നാല്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് പണം ലഭിച്ചില്ല എന്ന ആശങ്ക പ്രചരിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് പുനരധിവാസം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ ആണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നത്. മോശം കാലാവസ്ഥ ഇടയ്ക്ക് വെല്ലുവിളിയായെങ്കിലും ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് ടൗണ്‍ഷിപ്പിന്റെ നിര്‍മാണം.
207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ തന്നെ 300 ഓളം വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR