Enter your Email Address to subscribe to our newsletters

Kollam, 17 ജനുവരി (H.S.)
കൊല്ലം സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ജീവനൊടുക്കിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സായിയിലെ മാനസിക പീഡനമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
ജയിൽ സമാനമായ ജീവിതം
മരിക്കുന്നതിന് തലേദിവസം സാന്ദ്ര വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സായിയിലെ ജീവിതം ജയിലിൽ കഴിയുന്നതിന് തുല്യമാണെന്ന് മകൾ പറഞ്ഞിരുന്നതായും സാന്ദ്രയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സായിയിലെ അന്തരീക്ഷം കായിക താരങ്ങൾക്ക് ഒട്ടും യോജിച്ചതല്ലെന്നും നിരന്തരമായ മാനസിക സമ്മർദ്ദമാണ് അവിടെയുള്ളതെന്നും അവർ ആരോപിച്ചു. സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യമാണെന്ന് അവൾ പറഞ്ഞിരുന്നു. കുട്ടികളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയാണ് അവിടെയുള്ളത്, സാന്ദ്രയുടെ അമ്മ സിന്ധു പറഞ്ഞു.
ഭീഷണിയും നിയന്ത്രണങ്ങളും
മുൻപുണ്ടായിരുന്ന വാർഡനുമായി കുട്ടികൾക്ക് നല്ല ബന്ധമായിരുന്നു. എന്നാൽ പുതിയ വാർഡൻ വന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പഴയ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ് വിലക്കിയതായും, ഇത് ലംഘിച്ചാൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. ഇത്തരത്തിലുള്ള കർശന നിയന്ത്രണങ്ങളും ഭീഷണികളും കുട്ടികളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരിക്കാമെന്നാണ് ബന്ധുക്കളുടെ നിഗമനം. സായിയിലെ മുൻ പരിശീലകനും സ്ഥാപനത്തിലെ മാനസിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. തനിക്കുണ്ടായ പീഡനം കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അപ്പോൾ കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
അന്വേഷണം പ്രത്യേക സംഘത്തിന്
സംഭവം ഗൗരവമായി എടുത്ത പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം എസിപി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. സായി ഇൻചാർജ് ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കായിക താരങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ തന്നെ അവർക്ക് ഭീഷണിയാകുന്നത് അതീവ ഗൗരവകരമാണെന്ന് കായിക ലോകം വിലയിരുത്തുന്നു.
സാന്ദ്രയുടെ മൃതദേഹം കോഴിക്കോട്ടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വൈഷ്ണവിയുടെ സംസ്‌കാരവും നടന്നു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് രണ്ട് കുടുംബങ്ങളും
---------------
Hindusthan Samachar / Roshith K