തിരുനാവായ മഹാമാഘമഹോത്സവം: വിശേഷാല്‍പൂജകളോടെ ഔപചാരിക തുടക്കം
Kerala, 17 ജനുവരി (H.S.) ഭക്തര്‍ കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന തിരുനാവായ മഹാമാഘമഹോത്സവത്തിന് തുടക്കം. വിശേഷാല്‍പൂജകളോടെ ഔപചാരികമായ തുടക്കംകുറിച്ചു. മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെയും സ്വാമി സത്യാനന്ദ സരസ്വതി
thirunavaya-mahamaham-festival


Kerala, 17 ജനുവരി (H.S.)

ഭക്തര്‍ കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന തിരുനാവായ മഹാമാഘമഹോത്സവത്തിന് തുടക്കം. വിശേഷാല്‍പൂജകളോടെ ഔപചാരികമായ തുടക്കംകുറിച്ചു. മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെയും സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ദേശീയ ജനറല്‍സെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെയും സാന്നിധ്യത്തിലാണ് ആദ്യദിനത്തിലെ ചടങ്ങുകള്‍ നടന്നത്.

സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍, കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളില്‍പ്പെട്ട ഭക്തര്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ദേവതാവന്ദനങ്ങളും പിതൃകര്‍മങ്ങളും നിര്‍വഹിച്ചു. ആയിനിപ്പുള്ളി വൈശാഖ് ആചാര്യനായി പിതൃയാനത്തിലെ വീരസാധനക്രിയ നടന്നു. പിതൃക്കളുടെ ആത്മാക്കള്‍ക്ക് ശാന്തിയും തൃപ്തിയും ലഭിക്കുമ്പോള്‍ സന്തതികളുടെ ജീവിതത്തിലെ കര്‍മതടസ്സങ്ങള്‍ അകന്നു സമൃദ്ധി കൈവരുമെന്ന വിശ്വാസമനുസരിച്ചാണ് ഈ ക്രിയ അനുഷ്ഠിച്ചത്.

ഇന്ന് വേദശ്രാദ്ധകര്‍മങ്ങള്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ വേദശ്രാദ്ധ കര്‍മങ്ങള്‍ നടക്കും. പിതൃആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയര്‍ത്തി അനുഗ്രഹം നേടുകയാണ് കര്‍മത്തിനുപിന്നിലെ വിശ്വാസം.

മഹാമാഘമഹോത്സവത്തിന്റെ ഉദ്ഘാടനം 19-ന് രാവിലെ 11-ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കും. ഉദ്ഘാടനദിവസം തമിഴ്നാട്ടില്‍നിന്ന് തിരുനാവായയിലെ ത്രിമൂര്‍ത്തി സംഗമത്തിലേക്ക് മഹാമേരുരഥയാത്രയും ആരംഭിക്കും.രഥയാത്രയ്ക്ക് ഭാരതീയ ധര്‍മപ്രചാര സഭയുടെ ആചാര്യന്‍ യതീശാനന്ദനാഥന്‍ ഡോ. ശ്രീനാഥ് കാരയാട്ട് നേതൃത്വംനല്‍കും.

ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങള്‍ നാവാമുകുന്ദക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലുമായി പൂര്‍ത്തിയായിവരുന്നു.

തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തില്‍ ഉയര്‍ത്താനുള്ള ധ്വജം, ധ്വജസ്തംഭം എന്നിവയും ദീപജ്യോതിയും ആലിപ്പറമ്പ് കളരിയില്‍നിന്ന് ഞായറാഴ്ച ഘോഷയാത്രയായി മഹാമാഘ മഹോത്സവം നടക്കുന്ന വേദിയിലേക്ക് പുറപ്പെടും. ഒന്‍പതിന് സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഘോഷയാത്രയും മറ്റുപരിപാടികളും ഉദ്ഘാടനംചെയ്യും.

ഇതിനുമുന്‍പായി അരക്കുപറമ്പ് അര്‍ധനാരീശ്വരക്ഷേത്രം, കാളികടവ് മഹാകാളിക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍നിന്നുള്ള ദീപജ്യോതികള്‍ കളരിയിലെത്തും. സഹസ്രനാമ, ദേവിമഹാത്മ്യ പാരായണത്തിനുശേഷം 10-ന് ഘോഷയാത്ര പുറപ്പെടും.

ഇതോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലിപ്പറമ്പ് കളരിയില്‍ നാഗപ്പാട്ട്, നാലിന് പൂതനും തിറയുമായി ബന്ധപ്പെട്ട നാടന്‍പാട്ട്, അഞ്ചിന് ലക്ഷ്മി നന്ദന അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, ആറിന് സിത്താനി ഭജന്‍സിന്റെ ഭജന, രാത്രി 8.30-ന് വിപിന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ആത്മകളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവയുണ്ടാകും.

---------------

Hindusthan Samachar / Sreejith S


Latest News