വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് എൻഎസ്എസ് പിന്തുണ
Kottayam, 18 ജനുവരി (H.S.) കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയും വീണ്ടും കൈകോർക്കുന്നു. ദശാബ്ദങ്ങളായുള്ള അകൽച്ച അവസാനിപ്പിച്ച്, സമുദായങ്ങളുടെ പൊതുതാൽപര്യം മുൻനിർത്തി ഒന്നിച്ചുനിൽക്കാനുള്ള വെള
G SUKUMARAN NAIR


Kottayam, 18 ജനുവരി (H.S.)

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയും വീണ്ടും കൈകോർക്കുന്നു. ദശാബ്ദങ്ങളായുള്ള അകൽച്ച അവസാനിപ്പിച്ച്, സമുദായങ്ങളുടെ പൊതുതാൽപര്യം മുൻനിർത്തി ഒന്നിച്ചുനിൽക്കാനുള്ള വെള്ളാപ്പള്ളി നടേശൻ്റെ ആഹ്വാനത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പൂർണമനസ്സോടെ സ്വാഗതം ചെയ്തു.

ഈ കാലഘട്ടത്തിൻ്റെ ആവശ്യം

എൻഎസ്എസുമായി സഹകരിച്ചുപോകണമെന്ന് എസ്എൻഡിപി ആഗ്രഹിക്കുന്നുണ്ട്. എൻഎസ്എസിനും അതിന് താത്പര്യമുണ്ട്. കാരണം ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എൻഎസ്എസ് നേതൃത്വം അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്ന് സുകുമാരൻ നായർ പറഞ്ഞു.

വി ഡി സതീശനെതിരെ രൂക്ഷവിമർശനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇരു നേതാക്കളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. സതീശൻ 'ഇന്നലെ പൂത്ത തകര'യാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചപ്പോൾ, സുകുമാരൻ നായർ സതീശൻ്റെ രാഷ്ട്രീയ നിലപാടുകളെ കടന്നാക്രമിച്ചു.

കോണ്‍ഗ്രസിന്‍റെ നയം പറയാന്‍ ആരാണ് സതീശനെ അധികാരപ്പെടുത്തിയത്. കോണ്‍ഗ്രസിന് പ്രസി‍ഡന്‍റില്ലേ? അദ്ദേഹത്തെ നോക്കുകുത്തിയാക്കി. സതീശനാണ് ഈ ശത്രുക്കളെയെല്ലാം ഉണ്ടാക്കുന്നത്. എല്ലാ സമുദായങ്ങളേയും ആക്ഷേപിച്ചത് സതീശന്‍ മാത്രമാണ്. ചെന്നിത്ത‌ലയ്ക്കുള്ള യോഗ്യത കോണ്‍ഗ്രസില്‍ ആര്‍ക്കുണ്ടെ'ന്നും സുകുമാരന്‍ നായര്‍ ചോദ്യമുയര്‍ത്തുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ചങ്ങനാശേരിയിലെത്തി ഒന്നര മണിക്കൂറോളം എൻ്റെ മുന്നിലിരുന്ന ആളാണ് വി ഡി സതീശൻ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന സതീശൻ ക്നാനായ സഭയുടെ തിരുമേനിയെ കാണാൻ പോയത് എന്തിനാണ്? അദ്ദേഹം പറയുന്നതല്ല പ്രവർത്തിക്കുന്നത് സുകുമാരന്‍ നായര്‍ പറഞ്ഞു.

സതീശൻ മുസ്ലിം ലീഗിൻ്റെ വക്താവാകാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിനെ വിമർശിച്ച സതീശൻ്റെ ഉള്ളിലിരുപ്പ് ഈഴവ വിരുദ്ധതയാണ്. അദ്ദേഹത്തിൻ്റെ കയ്യിലിരിപ്പ് കാരണം കോൺഗ്രസിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ വില നൽകേണ്ടി വരും.

രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പ്

വെള്ളാപ്പള്ളിയെ ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. .'അദ്ദേഹം എന്നെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്.ഞങ്ങള്‍ അത് പൊറുക്കുന്നു, കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തെപ്പോലൊരു നേതാവിനെ ആക്ഷേപിക്കരു'തെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഐക്യനീക്കത്തിന് പിന്നിൽ യാതൊരു രാഷ്ട്രീയ ഗൂഢാലോചനയുമില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. രമേശ് ചെന്നിത്തലയാണ് ഇതിന് പിന്നിലെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. എല്ലാ പാർട്ടികളോടും എൻഎസ്എസ് സമദൂര നിലപാടാണ് തുടരുന്നത്. എന്നാൽ, സാമുദായിക സംഘടനകളെ അവഹേളിക്കുന്ന നിലപാട് തുടർന്നാൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും ഉള്ള യോഗ്യത സതീശന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിനെതിരെ ആരോപണം, സുരേഷ് ഗോപിക്കും വിമർശനം

എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിലടിപ്പിച്ചത് മുസ്ലിം ലീഗാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എന്നാൽ സംവരണ വിഷയത്തിലെ ലീഗിൻ്റെ നിലപാടാണ് മുൻപ് അകൽച്ചയ്ക്ക് കാരണമായതെന്ന് സുകുമാരൻ നായർ നിരീക്ഷിച്ചു.

അതേസമയം, എന്‍എസ്എസ്– എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്ന വെള്ളാപ്പള്ളി നടേശന്‍റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. വെള്ളാപ്പള്ളിയാണ് ഐക്യം ആഗ്രഹിച്ചത്. ആ നിലപാട് ശരിയെന്ന് തനിക്കും തോന്നിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.'എന്‍എസ്എസിന്‍റെ അടിസ്ഥാനമൂല്യം നിലനിര്‍ത്തിയാകും ഐക്യമെന്നും രാഷ്ട്രീയത്തില്‍ സമദൂരനിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈഴവ–നായര്‍ ഐക്യം തകര്‍ത്തത് ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സുകുമാരന്‍ നായര്‍ തള്ളി. സംവരണ പ്രശ്നത്തെ തുടര്‍ന്നാണ് മുന്‍പ് അകന്ന് നിന്നത്. ഇക്കാര്യത്തില്‍ ലീഗ് ശക്തമായ നിലപാടെടുത്തു. അതുകൊണ്ടാകാം വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞത്. ഐക്യത്തില്‍ ലീഗ് വേണ്ടന്നത് വെള്ളാപ്പള്ളിയുടെ പോളിസി. അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ആഞ്ഞടിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി പെരുന്നയിലെത്തിയത്. തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും ചോദിക്കാതെ യോഗത്തിൽ കയറിച്ചെന്ന സുരേഷ് ഗോപിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ജനുവരി 21-ന് ആലപ്പുഴയിൽ എസ്എൻഡിപി യോഗത്തിൻ്റെ സുപ്രധാന യോഗം ചേരും. ഇതിന് ശേഷം പെരുന്നയിലെ എൻഎസ്എസ് നേതൃത്വവുമായി ഔദ്യോഗിക ചർച്ചകൾ നടത്തുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News