Enter your Email Address to subscribe to our newsletters

Chennai, 18 ജനുവരി (H.S.)
തമിഴ്‌നാട്ടിലും ബെംഗളൂരുവിലും ഓരോ പുതിയ വിമാനത്താവളങ്ങള്‍ വരുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്.
രണ്ടും വിമാനത്താവളങ്ങളെയും യാത്രക്കാര്‍ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരത്തിനും വഴിവയ്ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് ആഭ്യന്തര വിമാനത്താവളം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയിരുന്നത്.
തമിഴ്നാടിന്റെ വ്യാവസായിക വികസനത്തില്‍ ഹൊസൂര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹൊസൂരില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ വ്യോമഗതാഗതത്തിനായി ഹൊസൂരിലെ ജനങ്ങള്‍ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ ബെംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. അതിനു പകരം ഹൊസൂരില്‍ തന്നെ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
എന്നാലിപ്പോള്‍ ഹൊസൂരില്‍ ആഭ്യന്തര വിമാനത്താവളം നിര്‍മ്മിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങളും സാങ്കേതിക തടസങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ നിരാശ നല്‍കുന്ന നടപടിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.
അതേസമയം, വിമാനത്താവളം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് മുന്നില്‍ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
നേരത്തെ വിമാനത്താവളത്തിനായി ഹൊസൂരിന് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അയച്ചിരുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന് രണ്ടു സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന്, ഹൊസൂരില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനായി തമിഴ്നാട് വ്യവസായ വികസന കോര്‍പ്പറേഷന്‍ ഒരു പ്രത്യേക കണ്‍സള്‍ട്ടന്റിനെ നിയമിക്കുകയും രണ്ടു സ്ഥലങ്ങളില്‍ സര്‍വേകള്‍ നടത്തുകയും ചെയ്തു. പഠനമനുസരിച്ച്, സൂളഗിരി താലൂക്കിലെ വെങ്കിടേശപുരം, മിദുഡെപള്ളി, ഹൊസൂര്‍ താലൂക്കിലെ അരവനപ്പള്ളി, മുത്തലി, അല്ലെന്‍ഡം, പലവനപ്പള്ളി, ആതൂര്‍, കരുപ്പള്ളി, ദാസനപ്പള്ളി, നന്ദിമംഗലം, സൂഡകൊണ്ടപള്ളി എന്നിവയുള്‍പ്പെടെ 12 ഗ്രാമങ്ങളിലായി 2,980 ഏക്കര്‍ സ്ഥലത്ത് വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഈ നടപടികളെല്ലാം കഴിഞ്ഞപ്പോഴാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പദ്ധതിക്ക് തിരിച്ചടി ഉണ്ടായത്.
ബെംഗളൂരു വിമാനത്താവളവുമായുള്ള സാമീപ്യമാണ് പ്രധാന തടസമായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഹൊസൂര്‍ മേഖല ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണ്. ഈ മേഖലയിലെ വ്യോമാതിര്‍ത്തി പ്രധാനമായും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷണ പറക്കലുകള്‍ക്കുമായി നീക്കിവച്ചിരിക്കുകയാണ്. അതിനാല്‍ പ്രദേശത്ത് സിവിലിയന്‍ യാത്രാ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് അസാധ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് വ്യോമാതിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് പുതിയ സ്ഥലങ്ങള്‍ ഉടന്‍ കണ്ടെത്തും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ വീണ്ടും സമീപിക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR