Enter your Email Address to subscribe to our newsletters

Dispur, 18 ജനുവരി (H.S.)
അസമില്‍ 6,957 കോടി രൂപയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. രണ്ട് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു. പ്രധാന വികസന പദ്ധതികളുടെ പൂജയും മോദി നിർവ്വഹിച്ചു. അസം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വമ്പൻ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തതെന്നും ശ്രദ്ധേയമാണ്.
അസമിൽ ആരംഭിച്ച ക്ഷേമ പദ്ധതികൾ ബിജെപിയുടെ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തി. ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം ബിഹാർ തെരഞ്ഞെടുപ്പിലൂടെ മനസിലായതാണ്. നല്ല ഭരണത്തിനും വികസനത്തിനുമായി വോട്ടർമാർ ബിജെപിയെ വിശ്വസിക്കുന്നു, റാലിയിൽ പങ്കെടുത്ത് മോദി പറഞ്ഞു.
പതിറ്റാണ്ടുകളായി അസമിൽ കോൺഗ്രസ് ഭരണകാലത്ത് നുഴഞ്ഞുകയറ്റം വർധിച്ചുകൊണ്ടിരുന്നു. അനധികൃത കുടിയേറ്റക്കാർ വനങ്ങളിലും മൃഗങ്ങളുടെ ഇടനാഴികളിലും പരമ്പരാഗത സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി, മോദി പറഞ്ഞു.
അതേസമയം വെള്ളപ്പൊക്ക സമയത്ത് അസമിലെ കാസരിംഗ എലിവേറ്റഡ് ഇടനാഴി സുരക്ഷിതമായ പാത ഒരുക്കാൻ സഹായിക്കുമെന്ന് മോദി പറഞ്ഞു. 2025 ൽ കാസിരംഗ ദേശീയോദ്യാനത്തിൽ വേട്ടയാടൽ മൂലം ഒരു വന്യമൃഗം പോലും കൊല്ലപ്പെടുന്നില്ലെന്ന് ബിജെപി സർക്കാർ ഉറപ്പാക്കിയിരുന്നു. പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥക്കും ഒരുമിച്ച് മുന്നേറാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് കാസരിംഗ എലിവേറ്റഡ് കോറിഡോർ പദ്ധതി?
86 കിലോമീറ്റർ നീളമുള്ള കാസരിംഗ എലിവേറ്റഡ് കോറിഡോർ പദ്ധതി പരിസ്ഥിതി സൗഹൃദപരമായ ഒരു ദേശീയപാത പദ്ധതിയാണ്. കാസരിംഗ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന 35 കിലോമീറ്റർ എലിവേറ്റഡ് വൈൽഡ്‌ലൈഫ് കോരിഡോർ, 21 കിലോമീറ്റർ ബൈപാസ് ഭാഗം, NH-715 ൻ്റെ 30 കിലോമീറ്റർ വീതി കൂട്ടൽ എന്നിവ ഇതിൽ ഉൾപ്പെടും.
കാസിരംഗ ദേശീയോദ്യാനത്തിലും കടുവാ സംരക്ഷണ കേന്ദ്രത്തിലും സുരക്ഷിതമായ വന്യജീവി സഞ്ചാരം ഉറപ്പാക്കുക, ദേശീയപാത 715 ലെ റോഡ് അപകടങ്ങൾ കുറക്കുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌ത് മോദി
ദിബ്രുഗഡ്-ഗോമതി നഗർ (ലഖ്‌നൗ), കാമാഖ്യ-റോഹ്തക് എന്നീ രണ്ട് പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളാണ് മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തത്. ഈ പുതിയ ട്രെയിൻ സർവീസുകൾ വടക്കു കിഴക്കൻ ഇന്ത്യക്കും വടക്കേ ഇന്ത്യക്കും ഇടയിലുള്ള റെയിൽ കണക്‌റ്റിവിറ്റി ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയും ചെയ്യും.
സാധാരണ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ. ആധുനിക രൂപകൽപ്പന, വിശ്വാസ്യത, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ നൽക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി പ്രധാനമന്ത്രി ശനിയാഴ്‌ചയാണ് (ജനുവരി 17) ഗുവാഹത്തിയിലെത്തിയത്. അർജുൻ ഭോഗേശ്വർ ബറുവ സ്‌റ്റോഡിയത്തിൽ നടന്ന പരിപാടിയിൽ 10,000 ലധികം കലാകാരൻമാർ പങ്കെടുത്ത ബോഡോ നടോടി നൃത്തമായ ബാഗുരുംബക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR