Enter your Email Address to subscribe to our newsletters

Thrissur, 18 ജനുവരി (H.S.)
കലോത്സവങ്ങൾ കുട്ടികൾക്ക് നൽകുന്നത് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരിടം മാത്രമല്ല എന്ന് ഓർക്കണമെന്ന് നടൻ മോഹൻലാൽ. സംസ്ഥാന കലോത്സവത്തിൻ്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഹൻലാൽ.
കലോത്സവ വേദി കുട്ടികൾക്ക് സമ്മാനിക്കുന്നത് കൂട്ടായ്‌മയുടെ സാമൂഹ്യ പാഠമാണ്. വ്യക്തി എന്ന നിലക്ക് ആത്മവിശ്വാസവും ഊട്ടി ഉറപ്പിക്കുന്നു. പങ്കുവയ്ക്കലിൻ്റെ രസം ശീലിപ്പിക്കുന്നു. തോൽവി എന്നത് വിജയത്തിലേക്കുള്ള പടവാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയ പരാജയങ്ങൾ അപ്രസക്തമാണ്. പലർക്കും റിഹേഴ്‌സൽ പോലെ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനായെന്ന് വരില്ല. പല കാരണങ്ങൾ കൊണ്ടും സമ്മാനങ്ങൾ നഷ്‌ടപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ അവരാരും മോശം കലാകാരൻമാരാവുന്നില്ല. ഈ ബോധ്യം കൂടിയാണ് കലോത്സവേദി നമ്മുടെ കുഞ്ഞുങ്ങളിൽ ഊട്ടി ഉറപ്പിക്കുന്നത് അഥവാ ഊട്ടി ഉറപ്പിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
പാഠ പുസ്‌തകങ്ങൾക്ക് പുറത്ത് ഇത്രയേറെ ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന സാംസ്‌കാരികമായി അവരെ പരിവപ്പെടുത്തുന്ന കലോത്സവങ്ങളുടെ രാഷ്‌ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി ഇത്രയേറെ പണവും മനുഷ്യ വിഭവവും മാറ്റി വയ്ക്കുന്ന സംസ്ഥാന സർക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും കലാകാരൻ എന്ന നിലയിൽ താൻ എൻ്റെ ഉള്ളു നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ഈ കലോത്സവത്തിൽ വിജയിച്ചവരോടും വിജയിക്കാൻ പറ്റാത്തവരോടും പങ്കെടുത്തവരോടും പങ്കെടുക്കാൻ കഴിയാതെ പോയവരോടും എനിക്ക് ഓരു കാര്യം മാത്രമേ പറയാനുള്ളൂ. നിങ്ങളിലെ കലാകാരനെ അല്ലെങ്കിൽ കലാകാരിയെ ഈ വേദിയിൽ മാത്രം ചുരുക്കരുത്.
നിങ്ങളുടെ മുന്നിലുള്ള സാധ്യതകളുടെ ആകാശം അനന്തമാണ്. നിങ്ങളിലെ കലാകാരനെ മിനുക്കി എടുക്കുക. പരമാവധി അവസരങ്ങൾ വിനിയോഗിക്കുക. നിങ്ങളുടെ കലയോടുള്ള ആത്മാർപ്പണം ആത്മാർത്ഥമാണെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഞാൻ ഇത് പറയുന്നത് എൻ്റെ അനുഭവത്തിൽ നിന്നുമാണ്, മോഹൻലാൽ പറഞ്ഞു.
കലോത്സവത്തിൽ പങ്കെടുത്ത എല്ലാവരെയും വിജയികളായവരെയും പരിപാടി നടത്താൻ അഹോരാർത്ഥം പ്രവർത്തിച്ച എല്ലാവരെയും സർക്കാരെയും സ്‌റ്റുഡൻ്റ് പൊലീസിനെയും കാഡറ്റിനെയും അഭിനന്ദിക്കുന്നു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ കണ്ണൂർ ജില്ലക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
തൃശൂരും കോഴിക്കോടമൊക്കെ പലകുറി ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്ന് താൻ മനസിലാക്കിയിരിക്കുന്നത് കോഴിക്കോട് 21 തവണ ഒന്നാം സ്ഥാനം നേടി വളരെ മുന്നിലാണ്. തിരുവനന്തപുരം 17 ഉം തൃശൂർ 6 തവണയുമൊക്കെയാണ്.
മലയാള സിനിമക്കും യുവജനോത്സവം ഒരുപാട് പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്. കേരള സർവകലാശാല യുവജനോത്സവത്തിൽ പ്രതിഭയായ അകാലത്തിൽ പൊലിഞ്ഞുപോയ അമ്പിളി അരവിന്തൻ്റെ പേരിലാണ് പിന്നീട് ഒന്നാം സ്ഥാനം നേടുന്ന കോളജിനുള്ള ട്രോഫി തന്നെ ഏർപ്പെടുത്തിയത് എന്നാണ് തൻ്റെ ഓർമ്മയെന്ന് മോഹൻലാൽ പറഞ്ഞു.
അവരുടെ മകൻ പൊന്നമ്പളി സ്‌കൂൾ കലോത്സവങ്ങളിൽ പ്രതിഭയായി. പിന്നെ ചില സിനിമകളിലൊക്കെ അഭിനയിക്കാനും ആ കുട്ടിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പിന്നീട് അങ്ങോട്ട് നമ്മുക്ക് എല്ലാർക്കും പ്രിയപ്പെട്ട മഞ്ജു വാര്യർ, നവ്യാ നായർ, യദു കൃഷ്‌ണൻ എല്ലാവരും തന്നെ കലോത്സവ വേദിയുടെ സംഭാവനകളാണ്.
നമ്മുടെ ഗായികയായ കെ എസ് ചിത്ര, ഗായകൻ ജി വേണു ഗോപാലുമൊക്കെ കലോത്സവങ്ങളിലൂടെ വളർന്നു വന്ന താരങ്ങളാണ്. അന്നൊക്കെ കലാ തിലകങ്ങളുടെ മുഖ ചിത്രങ്ങൾ ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ വന്നത് താൻ ഓർക്കുകയാണ്. സമൂഹ മാധ്യമങ്ങൾ ഓക്കെ ഇത്രയും ജനപ്രീതിയാർജിച്ചിട്ടും ഇന്നും പല സംവിധായകരും സംസ്ഥാന കലോത്സവ വേദികളിൽ പല പ്രതിഭകളെയും തേടി എത്തുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം, 1028 പോയിന്‍റോടെയാണ് കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. 1023 പോയിന്‍റോടെ ആതിഥേയരായ തൃശൂരാണ് രണ്ടാമത്. 1017 പോയിന്‍റോടെ കോഴിക്കോട് മൂന്നും 1013 പോയിന്‍റോടെ പാലക്കാട് നാലും സ്ഥാനങ്ങളിലെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തിലും 494 പോയിൻ്റോടെ കണ്ണൂരാണ് മുന്നിൽ തന്നെ. 489 പോയിന്‍റുള്ള തൃശൂർ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 534 പോയിന്‍റ് വീതം നേടി കണ്ണൂരും തൃശൂരും സംയുക്ത ജേതാക്കളായി.
പതിമൂന്നാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ മികച്ച സ്‌കൂളിനുള്ള ചാമ്പ്യന്‍ഷിപ്പും കപ്പും സ്വന്തമാക്കുന്നത്. ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തി ഗത ഇനങ്ങളിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയാണ് ബിഎസ്എസ് ഗുരുകുലത്തിലെ കുട്ടികള്‍ കിരീടത്തിലേക്ക് എത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR