Enter your Email Address to subscribe to our newsletters

Kochi, 18 ജനുവരി (H.S.)
കേരളത്തിൻ്റെ വികസന മുഖങ്ങളിലൊന്നും സംസ്ഥാനത്തിൻ്റെ അഭിമാനവുമാണ് കൊച്ചി വാട്ടർ മെട്രോ. എന്നാൽ വാട്ടർ മെട്രോയെ സംബന്ധിച്ചുള്ള മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൊച്ചി വാട്ടർ മെട്രോയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്. ലോകത്തിലെ മികച്ച സുസ്ഥിര ഗതാഗതമുള്ള മൂന്ന് നഗരങ്ങളിൽ ഇതോടെ കൊച്ചിയും ഇടം നേടിയിരിക്കുകയാണ്.
അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് പോളിസി (ഐടിഡിപി) സംഘടിപ്പിക്കുന്ന സുസ്ഥിര ഗതാഗതം(സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട്) പുരസ്‌കാരത്തിൽ പ്രത്യേക പരാമർശമാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചത്. ലോകത്തെ മുൻനിര രാജ്യങ്ങൾ ഉൾപ്പെട്ട നാല് റൗണ്ട് മത്സരങ്ങൾക്കൊടുവിലാണ് ഈ നേട്ടം.
കൊച്ചിയിലെ വാട്ടർ മെട്രോ, ഫെറി സംവിധാനങ്ങളുടെ മികച്ച മുൻനിര പ്രവർത്തനങ്ങൾക്കും ജലഗതാഗതത്തെയും കരമാർഗമുള്ള ഗതാഗതത്തെയും സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യ പൊതുഗതാഗത സംവിധാനം എന്നതിനുമാണ് കൊച്ചി വാട്ടർ മെട്രോ അംഗീകാരത്തിന് അർഹമായത്. കൊച്ചി നഗരത്തിലെ പത്ത് ദ്വീപുകളിലെ ദൈന്യംദിന ജീവിതത്തിന് വൻ മാറ്റങ്ങൾ കൊണ്ടുവരാനായെന്നാണ് പുരസ്‌കാര കമ്മിറ്റിയുടെ കണ്ടെത്തൽ.
ഇൗ നേട്ടത്തോടെ വാട്ടർ മെട്രോയോടുള്ള ആഗോളതാത്പര്യം വർധിച്ചതായി കെഡബ്ല്യുഎംഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ബെസ്റ്റ് പാസഞ്ചർ ഇലക്ട്രിക് ബോട്ട്-ഗസീസ് അവാർഡ്, യു എൻ–ഹാബിറ്റാറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കൊച്ചി മെട്രോയ്ക്ക് ലഭ്യമായിട്ടുണ്ട്.
കൊച്ചി വാട്ടർ മെട്രോയുടെ സവിശേഷതകൾ
2023 ലാണ് കൊച്ചി വാട്ടർ മെട്രോ ജനങ്ങൾക്കായി ആരംഭിക്കുന്നത്. മെട്രോ റെയിൽ, ബസുകൾ, സൈക്ലിങ് പാതകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ഫെറി ശൃംഖല കൊച്ചി വാട്ടർ മെട്രോയുടെ സവിശേഷതകളിൽ ഒന്നാണ്.
78 ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയായി പ്രവർത്തിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ സേവനമാണ് കൊച്ചി വാട്ടർ മെട്രോ നൽകുന്നത്. റോഡ് മാർഗം ഒരു മണിക്കൂർ എടുക്കുമ്പോള്‍, വെറും 20 മിനിറ്റു കൊണ്ട് എത്താനാകുമെന്ന നേട്ടമാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ജനപ്രീതി വർധിക്കാൻ കാരണം.
വാട്ടർ മെട്രോ 4.5 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സഹായകമായി. ശരാശരി 6,000 യാത്രികർ പ്രതിദിനമുണ്ടായി. ഓരോ ബോട്ടിലും നൂതന സുരക്ഷാ മാനദണ്ഡങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളത്തിൽ ഉയർന്നുകിടക്കുന്ന പ്ലാറ്റ്‌ഫോമുകൾ (ഫ്ലോട്ടിങ് പാൻ്റൂൺസ്) കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. ജല-വായു മലിനീകരണം കുറയ്ക്കാനും വാട്ടർ മെട്രോയ്ക്ക് സാധിക്കുന്നതായി കണ്ടെത്തി.
ഒന്നാം സ്ഥാനം സാൽവദോറിന്
ഐടിഡിപി ഏർപ്പെടുത്തിയ സുസ്ഥിര ഗതാഗതമെന്ന പുരസ്‌കാരം നേടിയത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലെ സാൽവദോറിനാണ്. നഗരത്തിലെ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം എന്നതിനാണ് സാൽവദോർ പുരസ്‌കാരത്തിന് അർഹത നേടിയത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഫ്ലീറ്റ് വികസിപ്പിച്ചതിന് സാൻ്റിയാഗോയ്ക്കും അംഗീകരം ലഭിച്ചു.
2005 മുതൽ ഈ പുരസ്‌കാരം നൽകുന്നുണ്ട്. ബൊഗോട്ട, ജക്കാർത്ത, മെക്‌സിക്കോ സിറ്റി, പാരീസ്, പൂനെ എന്നീ രാജ്യങ്ങൾക്ക് മുൻപ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2026-ൽ, സാൽവഡോർ, കൊച്ചി, സാൻ്റിയാഗോ എന്നീ നഗരങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മാതൃകയും പ്രചോദനവും നൽകുന്നുവെന്നും വിവിധ വൃത്തങ്ങൾ കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR