നെടുമ്പാശ്ശേരി റെയില്‍വേ സ്‌റ്റേഷൻ നിര്‍മ്മാണത്തിന് ടെൻഡര്‍ ക്ഷണിച്ചു
Kochi, 18 ജനുവരി (H.S.) നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളില്‍ ഒന്നാണ് നെടുമ്പാശ്ശേരി റെയില്‍വേ സ്‌റ്റേഷൻ. ഒരുപാട് നാളായി ആവശ്യം ഉയർത്തുന്ന പദ്ധതിയില്‍ അടുത്തകാലത്താണ് പ്രതീക്ഷ കൈവന്നത്. ഇപ്പോഴിതാ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്
Nedumbassery Railway Station


Kochi, 18 ജനുവരി (H.S.)

നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളില്‍ ഒന്നാണ് നെടുമ്പാശ്ശേരി റെയില്‍വേ സ്‌റ്റേഷൻ.

ഒരുപാട് നാളായി ആവശ്യം ഉയർത്തുന്ന പദ്ധതിയില്‍ അടുത്തകാലത്താണ് പ്രതീക്ഷ കൈവന്നത്. ഇപ്പോഴിതാ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിനടുത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍വേ സ്‌റ്റേഷൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ് എന്നാണ് വരുന്ന വാർത്തകള്‍ സൂചിപ്പിക്കുന്നത്.

നെടുമ്പാശ്ശേരിയില്‍ ഹാള്‍ട്ട് സ്‌റ്റേഷൻ നിർമ്മിക്കുന്നതിനായുള്ള ടെൻഡറുകള്‍ റെയില്‍വേ ക്ഷണിച്ചതോടെയാണ് പദ്ധതിയുടെ ഭാവിയില്‍ നിലനിന്നിരുന്ന ആശങ്ക നീങ്ങിയത്. ടെൻഡർ വിജ്ഞാപനം അനുസരിച്ച്‌, പദ്ധതിയുടെ ഏകദേശ ചെലവ് 7.56 കോടി രൂപയായി കണക്കാക്കുന്നു. ടെൻഡർ ലഭിക്കുന്ന കരാറുകാർക്ക് ഒമ്പത് മാസത്തിനുള്ളില്‍ സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ട്. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 ആണ്.

റെയില്‍വേ നല്‍കുന്ന വിവരമനുസരിച്ച്‌, പദ്ധതിക്കായി മാറ്റിവെച്ച സ്ഥലത്തിന്റെ കിഴക്ക് ഭാഗത്ത് സ്‌റ്റേഷൻ കെട്ടിടമുണ്ടാകും. 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്‌ഫോമുകള്‍, കാല്‍നടയായി മുറിച്ചു കടക്കാവുന്ന മേല്‍പ്പാലം, ഒരു ലിഫ്റ്റ്, പാർക്കിംഗ് സൗകര്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ റെയില്‍വേ ബോർഡ് ഈ നിർദ്ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു. പദ്ധതി പൂർത്തിയായാല്‍ ഒരു വിമാനത്താവളത്തോട് ചേർന്ന് വരുന്ന സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷനായിരിക്കും ഇത്.

പദ്ധതിക്ക് അനുമതി ലഭിച്ച്‌ ആഴ്‌ചകള്‍ക്കകം ടെൻഡർ നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കാര്യങ്ങള്‍ അപ്രതീക്ഷിതമായി നീണ്ടുപോയിരുന്നു, ഇതോടെ യാത്രക്കാരും നഗരവാസികളും ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകള്‍ എല്ലാം തന്നെ പ്രതീക്ഷ നല്‍കുന്നതാണ്.

റെയില്‍വേ സ്‌റ്റേഷൻ വരുന്നതോട് കൂടി നെടുമ്പാശ്ശേരി ഒരു മള്‍ട്ടി-ട്രാൻസ്‌പോർട്ട് ഹബ്ബായി മാറുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ആലുവ, അങ്കമാലി അല്ലെങ്കില്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇറങ്ങി മറ്റ് ഗതാഗത മാർഗങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ഇതുവരെ. എന്നാല്‍ അതിനാണ് സ്‌റ്റേഷൻ വരുന്നതോട് കൂടി മാറ്റമുണ്ടാവുക.

എന്നാല്‍, സിഐഎല്‍ അല്ലെങ്കില്‍ കെഎംആർഎല്‍ വിമാനത്താവളത്തിലേക്കുള്ള അവസാന ഘട്ട കണക്റ്റിവിറ്റിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഈ പദ്ധതി പൂർണ്ണമായി പ്രയോജനപ്രദമാകൂവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് ആവശ്യമായ ബസുകളോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്തിയാല്‍ മാത്രമേ പൂർണ അർത്ഥത്തില്‍ പദ്ധതി പ്രയോജനകരമാവൂ.

തുടക്കത്തില്‍ അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിലുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ഹാള്‍ട്ട് സ്‌റ്റേഷനായാണ് നെടുമ്പാശ്ശേരി വിമാനത്താവള സ്‌റ്റേഷൻ പ്രവർത്തിക്കുകയെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാല്‍ വിമാനത്താവളത്തോടുള്ള സാമീപ്യം കാരണം ഇത് സംസ്ഥാനത്തെ പ്രധാന റെയില്‍വേ ഹബ്ബുകളിലൊന്നായി മാറുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവയ്ക്കുന്നത്.

നേരത്തെ റെയില്‍വേ ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തിയിരുന്നു. ചീഫ് പ്രോജക്റ്റ് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നവംബറില്‍ നിർദ്ദിഷ്‌ട റെയില്‍വേ സ്‌റ്റേഷൻ മേഖലയില്‍ പരിശോധന നടത്തിയത്. പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News