കൊടുവള്ളിയില്‍ പികെ ഫിറോസ് പോരിനിറങ്ങും? സ്വതന്ത്രരെ തേടി സിപിഎം, കോഴിക്കോട് സൗത്തില്‍ മുനീര്‍ ഉറപ്പിച്ചു
Kozhikode, 18 ജനുവരി (H.S.) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിനോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടുവെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൂടാതെ പാർട്ടിക്ക് മുൻപില്‍ യുവനേതാക്കള്‍ ചില നിർദ്ദേശങ്ങളും മുന്നോട്ട് വച്ച
Assembly election


Kozhikode, 18 ജനുവരി (H.S.)

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിനോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടുവെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

കൂടാതെ പാർട്ടിക്ക് മുൻപില്‍ യുവനേതാക്കള്‍ ചില നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് സുരക്ഷിത മണ്ഡലം തന്നെ നല്‍കണമെന്ന ആവശ്യം. അതില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ് ഇപ്പോള്‍.

പികെ ഫിറോസിന് കോഴിക്കോട് ജില്ലയില്‍ നിന്ന് തന്നെയുള്ള മണ്ഡലമാണ് ഇപ്പോള്‍ യൂത്ത് ലീഗ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. കൊടുവള്ളി മണ്ഡലം പികെ ഫിറോസിന് നല്‍കണം എന്നതാണ് ആവശ്യം. നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നായാണ് ലീഗ് കൊടുവള്ളിയെ കണക്കാക്കുന്നത്.

ഇവിടെ പികെ ഫിറോസിന് ജയിക്കാനാവും എന്നാണ് വിലയിരുത്തല്‍. അതിന്റെ പ്രധാന കാരണം സ്വന്തം നാടാണ് എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ കൊടുവള്ളിക്കാർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഫിറോസിന് ഇല്ല. നിലവില്‍ കൊടുവള്ളിയ്ക്ക് അടുത്ത് തന്നെയാണ് ഫിറോസ് താമസിക്കുന്നതും. ഈഘടകങ്ങള്‍ ഒക്കെ അനുകൂലമാണെന്നാണ് അവർ കരുതുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാർട്ടി നേതൃത്വതിന്റെത് തന്നെയാവും. കാരണം ഇടയ്ക്ക് മറ്റൊരു യുവനേതാവായ കെഎം ഷാജിയുടെ പേര് മണ്ഡലത്തില്‍ ഉയർന്നു കേട്ടിരുന്നു. ഷാജിയെ കാസർഗോഡ് മണ്ഡലത്തിലാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് അവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.

ഇതോടെ കൊടുവള്ളിയില്‍ ഷാജിയെ പരിഗണിക്കുമെന്ന് വാർത്ത വന്നു. ഇത് പക്ഷേ നടക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കൂടാതെ മുൻ എംഎല്‍എ വി ഉമ്മറിന്റെ പേരും ഇടയ്ക്ക് ഉയർന്നു വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മണ്ഡലത്തില്‍ നിലവില്‍ പികെ ഫിറോസിന് തന്നെയാണ്. മാത്രമല്ല യൂത്ത് ലീഗിന്റെ വാക്കുകള്‍ പാർട്ടി മുഖവിലയ്ക്ക് എടുക്കാൻ തന്നെയാണ് സാധ്യത.

കൂടാതെ കോഴിക്കോട് സൗത്തില്‍ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എംകെ മുനീറിന് തന്നെയാവും ഇക്കുറിയും മത്സരിക്കാൻ അവസരം എന്നാണ് വിവരം. ജില്ലയില്‍ ലീഗിന് എളുപ്പം ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളില്‍ ഒന്നായാണ് കോഴിക്കോട് സൗത്തിനെ കണക്കാക്കുന്നത്. ഇത്തവണ കോർപ്പറേഷനില്‍ യുഡിഫ് തരംഗം ഉണ്ടായ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാൻ മാത്രമാണ് സാധ്യത.

അതുപോലെ തന്നെ കൊടുവള്ളി മണ്ഡലത്തില്‍ സിപിഎം സ്വാതന്ത്രരെ കളത്തില്‍ ഇറക്കി മത്സരത്തിന് ചൂട് കൂട്ടാനാണ് ശ്രമിക്കുന്നത്. പൊതു സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഒരുപക്ഷേ അങ്ങനെ ലഭിച്ചില്ലെങ്കില്‍ മാത്രം പാർട്ടി ചിഹ്നത്തില്‍ ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കാനാണ് തീരുമാനം.

അതേസമയം, 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പികെ ഫിറോസിന് പുറമേ ഇസ്‌മയില്‍, മുജീബ് കാടേരി, അഷ്‌റഫ്‌ എടനീർ, ഗഫൂർ കൊല്‍ കളത്തില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവർക്ക് കൂടി സീറ്റുകള്‍ നല്‍കണമെന്നാണ് പ്രധാനമായും അവർ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കൂടാതെ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കണം എന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News