ശബരിമല വാജിവാഹനം തന്ത്രിക്ക് കൈമാറിയത് താന്ത്രിക വിധിപ്രകാരമാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുൻ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ
Ernakulam, 18 ജനുവരി (H.S.) ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയ സംഭവത്തിൽ അഴിമതി ആരോപിച്ച് തന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. വാജിവാഹനം മാറ്റിയതും തന്ത്രിക്ക് കൈ
VAJI VAHANAM CONTROVERSY


Ernakulam, 18 ജനുവരി (H.S.)

ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയ സംഭവത്തിൽ അഴിമതി ആരോപിച്ച് തന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. വാജിവാഹനം മാറ്റിയതും തന്ത്രിക്ക് കൈമാറിയതും പൂർണമായും താന്ത്രിക വിധി പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്ത്രിക വിധി പ്രകാരം യജമാനൻ (ദേവസ്വം ബോർഡ് പ്രസിഡൻ്റ്) ആചാര്യന് (തന്ത്രി) നൽകേണ്ടതാണ് വാജിവാഹനം. അന്ന് ബോർഡ് പ്രസിഡൻ്റും താനും സിപിഎം അംഗമായിരുന്ന കെ രാഘവനും ഈ ചടങ്ങിന് സാക്ഷികളായിരുന്നു. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല.വാജിവാഹനവും ധ്വജപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല.വാജിവാഹനം നല്‍കിയത് താന്ത്രിക വിധി പ്രകാരമാണ്. അങ്ങനെ അവിടെനിന്ന് അഴിച്ചുമാറ്റിയ വാജിവാഹനം യജമാനനായ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിന് നല്‍കി. അവിടെ താനും അന്ന് മെമ്പറായിരുന്ന സിപിഎം അംഗം കെ രാഘവനും ഉണ്ടായിരുന്നു. ഇപ്പോഴാണ് പറയുന്നത് 2012-ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പ്രകാരം ഇത് ഏറ്റെടുക്കേണ്ടിയിരുന്നത് ഉദ്യോഗസ്ഥരാണെന്ന്. ആ ഓര്‍ഡര്‍ ഉണ്ടായിരുന്നെങ്കില്‍ പ്രതീകാത്മകമായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് ആചാര്യന് നല്‍കിയ ആ വാജിവാഹനം ഉദ്യോഗസ്ഥന്‍മാര്‍ക്ക് വാങ്ങിവയ്ക്കാമായിരുന്നല്ലോ എന്നും അജയ് തറയില്‍ ചോദിച്ചു. ഉദ്യോഗസ്ഥർ വാങ്ങി സൂക്ഷിച്ചില്ല. പിന്നീട് കേസ് വന്നപ്പോൾ അത് തൻ്റെ പക്കലുണ്ടെന്നും തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഇത് 'തൊണ്ടിമുതലായി' കണ്ടെടുത്തു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്.

ശബരിമലയിലെ ധ്വജപ്രതിഷ്ഠയും അനുബന്ധ ജോലികളും ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണർ കെ എസ് വി കുറുപ്പിൻ്റെ പൂർണ മേൽനോട്ടത്തിലാണ് നടന്നത്. മൂന്ന് കോടി 20 ലക്ഷം രൂപ കൈകാര്യം ചെയ്തതും സ്വര്‍ണം വാങ്ങിയതും അദ്ദേഹമാണ്. അവിടെ പൂശിയതും ധ്വജപ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. ഈ സമയത്ത് അവിടെ തിരുമുറ്റം മോടി പിടിപ്പിക്കാന്‍ വേണ്ടി ടൈല്‍ വാങ്ങുകയും ദീപസ്തംഭവവും മണി സ്തംഭവവുമൊക്കെ മാറ്റി സ്ഥാപിക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതിനൊക്കെ വേറേ ആളുകള്‍ സോഴ്സ് ചെയ്തിട്ടുണ്ടെന്നും അജയ് തറയില്‍ വിശദീകരിച്ചു. ഈ കണക്കുകളെല്ലാം പരിശോധിച്ച് 2018-ൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് അംഗീകരിച്ചതാണ്.

ശബരിമല ശ്രീകോവിലിലെ സ്വർണം അടിച്ചുമാറ്റിയെന്ന ആരോപണത്തിൽ സിപിഎം നേതാക്കൾ പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ, അതിൻ്റെ ഗൗരവം കുറയ്ക്കാനാണ് തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അജയ് തറയിൽ ആരോപിച്ചു. സിപിഎമ്മിൻ്റെ തലയിലെ അഴുക്ക് കോൺഗ്രസുകാരൻ്റെ തലയിൽ കൂടി വെച്ചുകെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.

താൻ അയ്യപ്പ ഭക്തനാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തനിക്കൊപ്പം ഉണ്ടായിരുന്ന സിപിഎം പ്രതിനിധി കെ രാഘവൻ്റെ സാന്നിധ്യം ചിത്രങ്ങളിൽ വ്യക്തമാണ്. പിന്നെ എന്തിനാണ് ഇതുപോലെ കളവ് പറയുന്നത്. എന്നിട്ടും തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് ദുഷ്ടലാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാജി വാഹനം കൊടുത്തപ്പോള്‍ കെ രാഘവൻ്റെ സാന്നിധ്യം ചിത്രങ്ങളില്‍ വ്യക്തമാണ്. തങ്ങളൊക്കെ അയ്യപ്പൻ്റെ മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ പിന്നില്‍ കൈ കെട്ടി നില്‍ക്കുന്ന രാഘവനെ അയ്യപ്പന്‍തന്നെ പിടിച്ചോളും എന്നാണ് തനിക്ക് പറയാനുള്ളതെന്നും അജയ് തറയില്‍ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News