Enter your Email Address to subscribe to our newsletters

Malappuram, 18 ജനുവരി (H.S.)
നിറയെ ഐതീഹ്യങ്ങളുള്ള ക്ഷേത്രമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന മഹാമാഘത്തിൻ്റെ ഭാഗമായി യജ്ഞങ്ങളും അനുബന്ധ കർമങ്ങളും ഇന്ന് (ജനുവരി 18) സമാപിച്ചു.
കേരളത്തിന് അകത്തും പുറത്തുമുള്ള വിശ്വാസികൾ ഭക്തി സാന്ദ്രമായ ചടങ്ങിൽ പങ്കെടുത്തു. സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കീഴിലാണ് ദേവതാപൂജകളും പിതൃകർമങ്ങളും നടന്നത്. കർമപരിപാടികളുടെ ഭാഗമായി ജനുവരി 16 വെള്ളിയാഴ്‌ച ആചാര്യൻ ആയിനിപ്പുള്ളി വൈശാഖിൻ്റെ നേതൃത്വത്തിൽ പിതൃയാനത്തിലെ വീരസാധന ക്രിയ നടന്നിരുന്നു. ഭക്തർ നേരിട്ടും ദ്രവ്യസമർപ്പണങ്ങളിലൂടെയുമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
കർമം ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയർത്തുകയും സന്തതികൾക്ക് സംരക്ഷണവും അനുഗ്രഹവും ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ കർമത്തിൻ്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ഭക്തർ നേരിട്ടും വഴിപാടുകളിലൂടെയുമാണ് ഈ ചടങ്ങിലും പങ്കെടുത്തത്.
നൂറുവർഷത്തിന് ശേഷം അപൂർവമായ കാലചക്രബലി കർമത്തിൻ്റെ പുനരാചരണം
യജ്ഞത്തിൻ്റെ സമാപന ദിനത്തിലെ പ്രധാന ആകർഷണമായിരുന്നു നൂറുവർഷത്തിലേറെയായി നടത്തപ്പെടാതിരുന്ന അപൂർവമായ കാലചക്രം ബലി. ജനുവരി 18 ഞായറാഴ്‌ച ഭാരതപ്പുഴയുടെ പുണ്യ തീരത്താണ് കർമം നടന്നത്.
ഈ കർമം തലമുറകളായും കുടുംബപരമ്പരയായും കൈമാറിവന്ന അറിവിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും നടപ്പാക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. വൈകുന്നേരം ആറുമണി മുതൽ രാത്രി 11 മണി വരെ പിതാവിലും പൂർവ്വികരിലും നിന്നു പാരമ്പര്യമായി ലഭിച്ച കർമവിദ്യയോടെ ആചാര്യൻ കുഞ്ഞിരാമൻ പണിക്കരുടെ നേതൃത്വത്തിലാണ് കാലചക്രം ബലി നടത്തിയത്. ഞായറാഴ്‌ച രാവിലെ ഐവർ മഠത്തിലെ ആചാര്യൻ കോരപ്പത്ത് രമേശിൻ്റെ നേതൃത്വത്തിൽ ശ്‌മശാന ശ്രാദ്ധം (പിതൃയാനം) നടന്നിരുന്നു. പിതൃക്കൾക്ക് ശാന്തിയും തൃപ്‌തിയും ലഭിച്ച് ദൈവിക നിലയിലേക്കുയരുന്നതിനാണ് ഈ കർമം ലക്ഷ്യമിടുന്നതെന്ന് പറയപ്പെടുന്നു.
പിതൃസന്തോഷം കൂടാതെ ഭുവനേശ്വരി ദേവിയുടെയും നാഗങ്ങളുടെയും അനുഗ്രഹം ലഭിക്കാതെ മനുഷ്യൻ്റെ പരിശ്രമങ്ങൾ ഫലപ്രദമാകില്ലെന്നതാണ് പരമ്പരാഗത വിശ്വാസമെന്നും പറയപ്പെടുന്നു. ഭക്തർ നേരിട്ടും പിതൃസ്‌മരണാർത്ഥം വഴിപാടുകൾ സമർപ്പിച്ചും ചടങ്ങിൽ പങ്കെടുത്തിരുന്നു. പങ്കെടുക്കാൻ ആഗ്രഹിച്ചവർക്കായി രജിസ്ട്രേഷൻ സംവിധാനങ്ങളും ഒരുക്കിയിരുന്നു. എല്ലാ യജ്ഞ കർമങ്ങളും നിശ്ചയിച്ച സമയക്രമത്തിൽ വിജയകരമായി പൂർത്തീകരിച്ചതായി മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.
ചരിത്രം: പണ്ട് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. ഇത് ദക്ഷിണേന്ത്യയിലെ കുംഭമേളയ്ക്ക് സമാനമായ ഒരു ആത്മീയ സംഗമമായിരുന്നു. ചേരമാൻ പെരുമാളിൻ്റെ കാലത്താണ് ഇത് ആരംഭിച്ചത്. പിന്നീട് വള്ളുവക്കോനാതിരിയുടെ നേതൃത്വത്തിലായി. ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് ഈ ഉത്സവം നിർത്തലാക്കപ്പെട്ടത്.
കൃത്യമായ കാരണങ്ങൾ ചരിത്രരേഖകളിൽ വ്യക്തമല്ലെങ്കിലും, മാമാങ്കം പോലുള്ള വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്ന പരിപാടികൾ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന ബ്രിട്ടീഷ് വിലയിരുത്തലായിരിക്കാം നിർത്തലാക്കിയതിന് പിന്നിലെ പ്രധാന കാരണം.
2016-ൽ തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ നദീപൂജ ചടങ്ങുകൾ പുനരാരംഭിക്കുകയും, 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഇതിന് മുന്നോടിയായാണ് 2026 ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെ കേരള കുംഭമേള നടത്താൻ നിശ്ചയിച്ചത്.
തിരുനാവായ കുംഭമേളയ്ക്ക് അനുമതി വൈകുന്നുവെന്ന് പരാതിതിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തിൽ നടത്താനിരിക്കുന്ന കുംഭമേളക്ക് അനുമതി വൈകുന്നുവെന്ന് പരാതി. മലപ്പുറം ജില്ലാ ഭരണകൂടത്തിൽ നിന്ന് എഴുത്തുപരമായ ഉത്തരവ് ഇതുവരെ ലഭിച്ചില്ലെന്ന് സംഘാടകൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.
വാചിക അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിന് നിയമപരമായ സാധുതയില്ലെന്നാണ് സംഘാടകൻ ആരോപിക്കുന്നത്. ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനാൽ കുംഭമേളയുടെ സുഗമമായ നടത്തിപ്പ് അനിശ്ചിതത്വത്തിലാണെന്നും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് വ്യക്തമാക്കിയിരുന്നു.
മാഘ സ്‌നാനം ഏതൊരു ഹിന്ദുവിൻ്റെയും ഭരണഘടനാ പരമായിട്ടുള്ള അവകാശമാണ്. മാഘം ആചാര്യന്മാർ നിശ്ചയിച്ച പോലെ അതേ ക്രമത്തിൽ തന്നെ നടക്കണമെന്നും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR