വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പണത്തിന്റെ കുത്തൊഴുക്ക് ആയിരിക്കുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്.
Pathanamthitta, 18 ജനുവരി (H.S.) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പണത്തിന്റെ കുത്തൊഴുക്ക് ആയിരിക്കുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്. മീഡിയയെ ഏതാണ്ട് പൂർണമായി വിലക്കെടുത്തു കഴിഞ്ഞുവെന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌
Thomas Isaac


Pathanamthitta, 18 ജനുവരി (H.S.)

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പണത്തിന്റെ കുത്തൊഴുക്ക് ആയിരിക്കുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്.

മീഡിയയെ ഏതാണ്ട് പൂർണമായി വിലക്കെടുത്തു കഴിഞ്ഞുവെന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മസില്‍ പവറില്‍ കമ്മ്യൂണിസ്‌റ്റുകാരെ കീഴ്‌പ്പെടുത്താൻ കേരളത്തില്‍ പറ്റില്ലെന്നും ആർഎസ്‌എസിന് അത് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ. ടിഎം തോമസ് ഐസക്കിന്റെ വാക്കുകള്‍

വരാൻ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പണത്തിന്റെ കുത്തൊഴുക്ക് ആയിരിക്കും. ഭീമമായ തുക പ്രതിഫലം വാങ്ങിയുള്ള കനഗോലു പോലുള്ള ഇലക്ഷൻ വിദഗ്ധരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. നിലവിലുള്ള മീഡിയ ഏതാണ്ട് പൂർണ്ണമായി വിലയ്‌ക്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരെ കനത്ത ഫീസ് നല്‍കി ബുക്ക് ചെയ്യുകയാണ്. അതുപോലെ പേജുകളും ഗ്രൂപ്പുകളും വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഹോർഡിങ്‌സിന് കോണ്‍ട്രാക്‌ട് ആണ്. ഇതിനൊക്കെ പുറമെ ആയിരിക്കും വോട്ടർമാർക്ക് നല്‍കുവാനുള്ള കാശ്.

മണി, മാനേജ്‌മെന്റ്, മസില്‍പവർ എന്നിങ്ങനെ മൂന്ന് M കളാണ് രാജ്യത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് എന്ന് ഒരാള്‍ പറയുന്നത് കേട്ടു. ഏതായാലും മസില്‍ പവറില്‍ കമ്മ്യൂണിസ്‌റ്റുകാരെ കീഴ്‌പ്പെടുത്താൻ കേരളത്തില്‍ പറ്റില്ല. അത് ആർഎസ്‌എസ് പണ്ടേ പഠിച്ചിട്ടുള്ളതാണ്. പക്ഷെ പണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന് മത്സരിക്കാൻ ആവില്ല. ഈ സ്ഥിതി വിശേഷത്തില്‍ ഇടതുപക്ഷത്തിന്റെ തന്ത്രമെന്തായിരിക്കും?

പണത്തിന്റെ കുത്തൊഴുക്കിനെ ഫലപ്രദമായി പ്രതിരോധിച്ചോരു അനുഭവം ഇന്ന് നമ്മുടെ മുൻപിലുണ്ട് ന്യൂയോർക്കിലെ മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കയിലെ മാസ് മീഡിയ മുഴുവൻ അദ്ദേഹത്തിനെതിര്. അതില്‍ ഇടപെടുവാനുള്ള പണവുമില്ല. അദ്ദേഹത്തിന്റെ വിജയ ഫോർമുല രണ്ടായിരുന്നു. ഒന്ന്, സോഷ്യല്‍ മീഡിയ. രണ്ട്, ഇന്റർ പേർസണല്‍ കമ്മ്യൂണിക്കേഷൻ. പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകർ വോട്ടർമാരെ നേരിട്ട് കണ്ടു. മാസ് കമ്മ്യൂണിക്കേഷന്റെ അമേരിക്കയില്‍ നേരിട്ടുള്ള വ്യക്തിപരമായ ബന്ധപ്പെടല്‍ ഒരു അപൂർവ്വ അനുഭവം ആയിരുന്നു.

കേരളത്തില്‍ ആണെങ്കില്‍ അതിനൊരു പുതുമയില്ല. ഇടതുപക്ഷം എത്രയോ ദശാബ്ദങ്ങളായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാസ്സ് മീഡിയയെ മറികടന്നുകൊണ്ടിരുന്നത് വ്യക്തി/കുടുംബ സംവാദങ്ങളിലൂടെ ആയിരുന്നു. ആ പാരമ്പര്യം തിരിച്ചെടുക്കുക.

ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയും വലിയ പണച്ചിലവുള്ളതാണ്. അതിനുള്ള പണം കണ്ടെത്തുകപോലും പ്രയാസമാണ്. അതുകൊണ്ട് സന്നദ്ധ പ്രവർത്തനാടിസ്ഥാനത്തിലുള്ള സോഷ്യല്‍ മീഡിയ ശൃംഖല അതിവിപുലമാക്കുവാനായിരിക്കും ശ്രമം. രണ്ട് രീതിയിലുള്ള ഇടപെടലുകള്‍ക്കും തുടക്കം കുറിച്ചുകഴിഞ്ഞു.

പാർട്ടി ജനറല്‍ സെക്രട്ടറിമുതല്‍ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ള മുഴുവൻ നേതാക്കന്മാരും സ്‌ക്വാഡുകള്‍ക്കൊപ്പം വീട് കയറുകയാണ്. എല്ലാ വീടും കയറി വർത്തമാനം പറയണം. അങ്ങോട്ട് കയറി വർത്തമാനം പറയുകയല്ല മറിച്ച്‌ ഇങ്ങോട്ട് പറയുന്നത് ക്ഷമാപൂർവ്വം കേള്‍ക്കുകയാണ് വേണ്ടത്. അങ്ങോട്ട് പറയാനുള്ളതെല്ലാം 22 ആം തീയതി കഴിഞ്ഞു തുടങ്ങുന്ന കുടുംബയോഗങ്ങളില്‍ വിശദീകരിക്കും. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ രീതി ചിട്ടയായിട്ടുള്ള ഗൃഹസന്ദർശനങ്ങള്‍ ആയിരിക്കും.

15-ാം തീയതി ആയിരുന്നു തുടക്കം. കാലത്തു തൊഴിലുറപ്പ് സമരത്തില്‍ പങ്കെടുക്കേണ്ടി വന്നതുകൊണ്ട് ഉച്ചയ്ക്ക് ശേഷമായിരുന്നു ഗൃഹ സന്ദർശനത്തിനിറങ്ങിയത്. അങ്ങോട്ട് തർക്കിച്ചു തോല്‍പ്പിക്കുന്ന പരിപാടി വേണ്ടെന്ന് തീരുമാനം ഉള്ളതുകൊണ്ട് തുറന്നടിച്ചുള്ള സംസാരം പലയിടത്തുനിന്നും ഉണ്ടായി. യൂണിയനുകളാണ് പ്രശ്നങ്ങള്‍ക്കും കാരണക്കാർ എന്ന് പറയുന്ന ഒരു കൊച്ചു നാട്ടു പ്രമാണിക്ക് മാങ്കൂട്ടത്തിനെയും പിന്താങ്ങാൻ മടി ഉണ്ടായില്ല. എങ്കിലും പൊതുവെ പറഞ്ഞാല്‍ മിക്കവർക്കും സർക്കാരിനോട് സന്തോഷവും മതിപ്പും ആണ്. എന്നിട്ടും എന്തെ എല്‍ഡിഎഫ് ജയിക്കാതിരുന്നത് എന്ന അവരോടുള്ള ചോദ്യത്തിന് പല മറുപടികളാണ്.

ചില പ്രാദേശിക നേതാക്കന്മാരെക്കൊണ്ട് ഇനി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞവരുണ്ട്. സർക്കാരിനല്ലല്ലോ വോട്ട് വാർഡിലല്ലേ വോട്ട് എന്ന മറ്റുചിലർ. റിബല്‍ നിന്നതുകൊണ്ടല്ലേ തോറ്റത് എന്ന് മറ്റൊരാള്‍. എന്നാല്‍ ആ റിബലിനെ കണ്ടിട്ട് കാര്യം എന്ന് തന്നെ കരുതി. അവരുടെ പെരുമാറ്റത്തിലും വർത്തമാനത്തിലും എനിക്ക് നല്ല മതിപ്പ് തോന്നി. ഓരോരോ വാശി... 150 വോട്ട് അവർ പിടിച്ചു. ചെറിയ വോട്ടിനു ഔദ്യോഗിക സ്ഥാനാർഥി തോല്‍ക്കുകയും ചെയ്തു.

അങ്ങിനെയൊരു കോണ്‍വെന്റിലുമെത്തി. തുടക്കത്തില്‍ തന്നെ അവർ നയം വ്യക്തമാക്കി - രാഷ്ട്രീയം പറയില്ല. എങ്കിലും ഒരു സിസ്റ്റർ തുറന്നു പറഞ്ഞു. നിരീശ്വരവാദികള്‍ക്ക് ഞാൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ബാക്കിയുള്ള ചിലർക്ക് വോട്ടിന്റെ കാര്യം വരുമ്പോള്‍ നല്ല മനുഷ്യർ ആണോ എന്നെ നോക്കേണ്ടതുള്ളൂ എന്ന അഭിപ്രായമാണ്. അവർക്കും പരാതികളുണ്ട്.

ഞങ്ങള്‍ക്കെന്തുകൊണ്ട് പെൻഷൻ തരുന്നില്ല? കോശി കമ്മീഷൻ റിപ്പോർട്ടിലുണ്ട് അത് സർക്കാരിന്റെ പരിഗണയിലാണ് എന്ന് ഞാൻ പറഞ്ഞു. രണ്ടുപേർക്കേ റേഷൻകാർഡുള്ളു എന്ന് മറ്റൊരാള്‍. അതിനിപ്പോള്‍ തന്നെ ഉത്തരവുണ്ടല്ലോ എന്ന് ഞാൻ. കെട്ടിടത്തിന് വലിയ ബില്‍ അടിച്ചു തന്നിരിക്കുന്നു എന്നതാണ് മറ്റൊരു പരിഭവം. വർധിപ്പിച്ച നികുതിയില്‍ പാതി കുറച്ചിട്ടുണ്ട് അതനുസരിച്ചുള്ളതാണോ ബില്‍ എന്ന് നോക്കാമെന്ന് കൂടെ വന്നൊരു സഖാവ് ഉറപ്പുനല്‍കി.

കോണ്‍വെന്റിനു മുൻപിലുള്ള സ്ഥലം മുഴുവൻ കള വളരാതിരിക്കാൻ പുതയിട്ടിരിക്കുകയാണ്. ഇരുന്നൂറോളം പലതരം ഫലവൃക്ഷങ്ങള്‍ നട്ടിരിക്കുകയാണ്. വിയറ്റ്നാം ഏർളി ഈ വർഷം കായ്ച്ചു കഴിഞ്ഞു. അടുത്ത വർഷം ഈ വഴി വന്നാല്‍ പഴങ്ങള്‍ തിന്നാമല്ലോ എന്ന് പറഞ്ഞു പിരിഞ്ഞു.

പ്രശ്നങ്ങള്‍ എല്ലാവർക്കുമുണ്ട്. ഓരോരുത്തർക്കും ചെറിയ ചില പരാതികളുമുണ്ട്. അവയൊക്കെ പഞ്ചായത്ത് പരിഹരിച്ചില്ല എന്ന ആവലാതിയും ഉണ്ട്. പക്ഷെ, പലതും പ്രാദേശികമായിത്തന്നെ നമ്മള്‍ ഒന്ന് ഇടപെട്ടാല്‍ തീർക്കാവുന്നതേ ഉള്ളു. അവ ചെയ്യണം. എന്നിട്ട് ആ വീടുകള്‍ വീണ്ടും സന്ദർശിക്കണം. ഗൃഹസന്ദർശന പരിപാടി ജനുവരി 22 കൊണ്ട് തീരുവാൻ പോവുന്നില്ല. പുതിയ റൗണ്ടുകള്‍ ഇനിയും ഉണ്ടാവും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News