വർഗീയതയ്ക്കെതിരെ നിലപാട് പറയാൻ വി.ഡി. സതീശന് യോഗ്യതയില്ല എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ
Kottayam, 18 ജനുവരി (H.S.) നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തുറന്നടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും. വർഗീയതയ്ക്കെതിരെ നിലപാട് പറയാൻ വി.ഡി. സതീശന് യോഗ്യതയില്ലെന്ന് സുകുമാരൻ നായർ വിമർശിച്ചു. എൻ
Assembly Election 2026


Kottayam, 18 ജനുവരി (H.S.)

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തുറന്നടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും. വർഗീയതയ്ക്കെതിരെ നിലപാട് പറയാൻ വി.ഡി. സതീശന് യോഗ്യതയില്ലെന്ന് സുകുമാരൻ നായർ വിമർശിച്ചു. എൻഎസ്എസിൻ്റെ സഹായം വാങ്ങി ജയിച്ച ശേഷം സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതേ തത്വം പറഞ്ഞവരാണ് ക്നാനായ സഭയുടെ സിനഡ് കൂടിക്കൊണ്ടിരിക്കുമ്പോൾ തിരുമേനിയുടെ കാലിൽ വീണത്. സതീശൻ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ഒന്നര മണിക്കൂറാണ് വി.ഡി. സതീശൻ തിണ്ണയിലിരുന്ന് നിരങ്ങിയത്. കയ്യിലിരിപ്പ് കൊണ്ട് തിരിച്ചടി ഉണ്ടായാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഒരു നേതാക്കന്മാരും അത്രകണ്ട് അഹങ്കരിക്കരുതെന്നും സുകുമാരൻ നായർ വിമർശിച്ചു.

സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻഎസ്എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെപിസിസി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി തനിക്കെതിരെയും പറഞ്ഞിട്ടുണ്ട്. അതൊക്കെ ക്ഷമിച്ചു. വെള്ളാപ്പള്ളിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പക്ഷേ ഈ രീതിയിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സമദൂരത്തിൽ മാറ്റമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച പുതിയ സാമുദായിക സമവാക്യത്തിൽ മുന്നോട്ട് എന്ന നിലപാട് തന്നെയാണ് ജി. സുകുമാരൻ നായരും വ്യക്തമാക്കിയത്. ‌എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എൻഎസ്എസിന് അതിൽ താത്പര്യമുണ്ട്. നേതൃത്വവുമായി ആലോചിച്ച് അനുകൂല തീരുമാനം എടുക്കും. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തി എല്ലാവരോടും യോജിച്ച് പോകും. ഇതിൽ രാഷ്ട്രീയ സാഹചര്യം ഇല്ല. പ്രബല സമുദായങ്ങൾ ഒന്നിക്കുന്നതിൽ എന്താണ് തെറ്റെന്നും സുകുമാരൻ നായർ ചോദിച്ചു.

അതേസമയം, എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തെ സുകുമാരൻ നായർ തള്ളുകയും ചെയ്തു. ഐക്യത്തിന് തടസം നിന്നത് മുസ്ലീം ലീഗ് അല്ല. എല്ലാ പാർട്ടികളോടും സമദൂര നിലപാടാണുള്ളത്. എല്ലാ മത വിഭാഗങ്ങളോടും ഒരേ സമീപനത്തിൽ മുന്നോട്ട് പോകും. രാഷ്ട്രീയ സംഘടനകളോടും അതേ സമീപനമാകും. അതാണ് അടിസ്ഥാന മൂല്യം. എൻഎസ്എസ്-എസ്എൻഡിപി ഐക്യം അനിവാര്യമാണെന്നാണ് വ്യക്തിപരമായി ഉള്ള അഭിപ്രായമെന്നും സുകുമാരൻ നായർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. 24 മണിക്കൂറിന് മുമ്പ് ഒരു സ്പാർക്ക് ഉണ്ടായാൽ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്നും സുകുമാരൻ നായർ. ആരോടും രാഷ്ട്രീയ വിരോധമില്ല, സമദൂരം തന്നെയാണ് നിലപാട്. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News