Enter your Email Address to subscribe to our newsletters

Chennai, 18 ജനുവരി (H.S.)
തമിഴ് സൂപ്പര്‍ താരം വിജയ് രണ്ട് നിയമ നടപടികളാണ് നേരിടുന്നത്. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലാണ് ഒന്ന്.
തന്റെ അവസാന സിനിമ ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. രണ്ടിലും വിജയ്ക്ക് ആശ്വാസമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ജനനായകന്‍ വിഷയത്തില്‍ സുപ്രീംകോടതി താരത്തിന്റെ ഹര്‍ജി നിരസിക്കുകയും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ വിജയിയെ സിബിഐ അന്വേഷണ സംഘം നാളെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 13ന് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ചോദ്യംചെയ്യല്‍ തുടരാന്‍ സിബിഐ തീരുമാനിച്ചെങ്കിലും പൊങ്കലുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാല്‍ മറ്റൊരുക്കല്‍ ചോദ്യം ചെയ്യാമെന്ന് വിജയ് അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് 19ലേക്ക് മാറ്റിയത്.
സിബിഐക്ക് മുമ്പില്‍ ഹാജരാകുന്നതിന് വിജയ് വീണ്ടും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍ വിജയ് എത്തും. സിബിഐ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്ന നിലപാടിലാണ് ടിവികെ പ്രവര്‍ത്തകര്‍. എന്നാല്‍ സാക്ഷി എന്ന നിലയിലാണ് വിജയിയെ വിളിപ്പിച്ചത് എന്നതിനാല്‍ അറസ്റ്റിന് സാധ്യതയില്ലെന്ന് അവര്‍ ആശ്വസിക്കുന്നു.
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെയുടെ നിരവധി നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. വിജയ് നല്‍കുന്ന മൊഴി ഇതുമായി ഒത്തുനോക്കുകയാണ് സിബിഐ. വിജയ് നല്‍കുന്ന മൊഴിയില്‍ പൊരുത്തക്കേടുണ്ടായാല്‍ സിബിഐ മറ്റു നീക്കങ്ങളിലേക്ക് കടക്കാനുള്ള സാധ്യത തള്ളാനാകില്ല എന്ന് നിയമവിദഗ്ധര്‍ പറയുന്നു.
വിജയില്‍ നിന്ന് സിബിഐ അറിയാന്‍ ശ്രമിച്ചത്
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കുന്നത്. സംഭവങ്ങളുടെ ക്രമം വിശദീകരിക്കാന്‍ ചോദ്യം ചെയ്യവെ സിബിഐ വിജയിയോട് ആവശ്യപ്പെട്ടിരുന്നു. തിക്കും തിരക്കും എങ്ങനെയുണ്ടായി, ഇത്രയധികം ആളുകളെ റാലിക്ക് പ്രതീക്ഷിച്ചിരുന്നോ, സ്ഥലത്തെത്തുന്നതിന് മുമ്പ് സാഹചര്യത്തെക്കുറിച്ച് ബോധവാനായിരുന്നോ എന്നും അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു.
പ്രസംഗത്തിനിടെ ആളുകള്‍ ബോധരഹിതരാകുന്നത് കണ്ടിട്ടും എന്തിനാണ് പ്രസംഗം തുടര്‍ന്നതെന്ന് സിബിഐ വിജയിയോട് ചോദിച്ചു. പരിപാടി നടക്കുന്ന സ്ഥലത്ത് ഏഴ് മണിക്കൂറോളം വൈകിയെത്തിയതിനെക്കുറിച്ചും വിജയിയോട് ചോദിച്ചു. വേഗം തിരിച്ചുപോയതിന് കാരണവും അന്വേഷിച്ചു. തന്റെ സാന്നിധ്യം കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭയം കൊണ്ടാണ് സംഭവത്തിനുശേഷം ഉടന്‍ കരൂര്‍ വിട്ടതെന്ന് വിജയ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും വാര്‍ത്തകളുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR