Enter your Email Address to subscribe to our newsletters

( Pathanamthitta, 18 ജനുവരി H.S.)
ശബരിമല: ശബരിമല സന്നിധാനത്തെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമലയിലെ ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണത്തിന്റെ അളവിൽ വലിയ കുറവുണ്ടായതായി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് സ്ഥിരീകരിച്ചു. 1998-ൽ ശ്രീകോവിലിന്റെ ഭാഗങ്ങൾ സ്വർണ്ണം പൊതിഞ്ഞപ്പോൾ ഉണ്ടായിരുന്ന ഭാരവും നിലവിലെ സ്വർണ്ണത്തിന്റെ ഭാരവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ശാസ്ത്രീയ പരിശോധനയും കണ്ടെത്തലുകളും: ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടു എന്ന പരാതിയെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഎസ്എസ്‌സിയിലെ വിദഗ്ധർ സന്നിധാനത്തെത്തി സ്വർണ്ണപ്പാളികളിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. വിഎസ്എസ്‌സി ലാബിൽ നടത്തിയ വിശദമായ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം വിലയിരുത്തി വരികയായിരുന്നു.
റിപ്പോർട്ട് പ്രകാരം, ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലുമാണ് സ്വര്‍ണ്ണത്തിന്റെ അളവില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ്ണപ്പാളികളുടെ കനം കുറഞ്ഞതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, കാലപ്പഴക്കം മൂലം സ്വർണ്ണത്തിന്റെ തൂക്കത്തിൽ സ്വാഭാവികമായി എത്രത്തോളം കുറവുണ്ടാകാം എന്ന കാര്യവും പരിശോധിച്ചു വരികയാണ്. കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവും, നിലവിലുള്ള സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കവും ഗുണനിലവാരവും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ട്.
അന്വേഷണം കൂടുതൽ പേരിലേക്ക്: ശാസ്ത്രീയ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ അന്വേഷണം ശക്തമാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ ഇതിനോടകം തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അടക്കമുള്ളവർ നിഴലിലായിട്ടുണ്ട്. നിലവിൽ അറസ്റ്റിലായ ശങ്കരദാസ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡിനെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് റിപ്പോർട്ടും വിഎസ്എസ്‌സി റിപ്പോർട്ടും നാളെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും.
കൂടാതെ, തന്ത്രി കണ്ഠരര് രാജീവര് ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണ സംഘം മുൻപ് ഗുരുതര കണ്ടെത്തലുകൾ നടത്തിയിരുന്നു. സ്വര്‍ണ്ണപ്പാളികളിൽ മാറ്റം വരുത്തിയപ്പോൾ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും സ്വർണ്ണം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ആരോപണം. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെയും മുൻ ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിഎസ്എസ്‌സി റിപ്പോർട്ട് കോടതിയിൽ എത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ നിർണ്ണായക അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ഭക്തലക്ഷങ്ങൾ കാണിക്കയായി നൽകിയ സ്വർണ്ണത്തിൽ അഴിമതി നടന്നുവെന്ന കണ്ടെത്തൽ സർക്കാരിനും ദേവസ്വം ബോർഡിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ സന്നിധാനത്തെ ഈ സ്വർണ്ണ വിവാദം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴി വെക്കും.
---------------
Hindusthan Samachar / Roshith K