Enter your Email Address to subscribe to our newsletters

Kerala, 18 ജനുവരി (H.S.)
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻഎസ്എസും (നായർ സർവീസ് സൊസൈറ്റി) എസ്എൻഡിപി യോഗവും (ശ്രീനാരായണ ധർമ്മ പരിപാലന യോഗം) കൈകോർക്കുന്നതിനെ പൂർണ്ണമായി സ്വാഗതം ചെയ്ത് ഭാരതീയ ജനതാ പാർട്ടി. എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഈ ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രോത്സാഹിപ്പിച്ചതും ബിജെപിയാണെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മതേതരത്വം പറയുന്നതിന് മുമ്പ് ലീഗ് പേര് മാറ്റട്ടെ
ഐക്യ നീക്കത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം മുസ്ലീം ലീഗിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനമാണ് വി. മുരളീധരൻ ഉന്നയിച്ചത്. മതേതരത്വത്തെക്കുറിച്ച് സംസാരിക്കാൻ മുസ്ലീം ലീഗിന് അവകാശമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. മതേതരത്വം പ്രസംഗിക്കുന്നതിന് മുൻപ് മുസ്ലീം ലീഗ് ആദ്യം തങ്ങളുടെ പാർട്ടിയിൽ നിന്നും മതത്തിന്റെ പേര് മാറ്റിയിട്ട് വരണം. പേരിൽ തന്നെ മതം സൂക്ഷിക്കുന്ന ഒരു പാർട്ടിക്ക് എങ്ങനെയാണ് മതേതരത്വം അവകാശപ്പെടാൻ കഴിയുക? - മുരളീധരൻ ചോദിച്ചു. മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടുകൾക്കും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതു-വലതു മുന്നണികൾക്കെതിരെ വിമർശനം
കേരളത്തിൽ കോൺഗ്രസ് ഭരിക്കുമ്പോൾ യഥാർത്ഥത്തിൽ ഭരണം നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണെന്ന ആരോപണം മുരളീധരൻ ആവർത്തിച്ചു. ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾ ഈ പശ്ചാത്തലത്തിൽ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സനാതന ധർമ്മത്തെ വൈറസിനോട് ഉപമിക്കുന്നവരാണ് സിപിഐഎം നേതാക്കളെന്നും അതുകൊണ്ട് തന്നെ സമുദായ സംഘടനകളുടെ ഈ ഐക്യം ഇടതുപക്ഷത്തിന് യാതൊരു ഗുണവും നൽകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചരിത്രപരമായ ഐക്യനീക്കം
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ നടന്ന കൂടിക്കാഴ്ചയും തുടർന്നുണ്ടായ പ്രഖ്യാപനങ്ങളും കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഭിന്നിച്ച് നിൽക്കുന്നത് ഇരു സമുദായങ്ങൾക്കും ഗുണകരമല്ലെന്ന ബോധ്യത്തിലാണ് പുതിയ നീക്കം. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയെങ്കിലും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ കൂട്ടുകെട്ട് നിർണ്ണായക ശക്തിയായി മാറും. ഐക്യത്തിന്റെ കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 21-ന് ആലപ്പുഴയിൽ വെച്ച് ശാഖാ സെക്രട്ടറിമാരുടെ യോഗം ചേരുമെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചിട്ടുണ്ട്.
വി.ഡി സതീശനെതിരെ രൂക്ഷവിമർശനം
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും സമുദായ നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സതീശൻ 'ഇന്നലെ ഉദിച്ച തകര'യാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. സതീശനെ കയറൂരി വിട്ടാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജി. സുകുമാരൻ നായരും മുന്നറിയിപ്പ് നൽകി. സംവരണ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു മുൻപ് ഇരു സംഘടനകളും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമെന്നും എന്നാൽ പൊതുവായ താല്പര്യങ്ങൾക്കായി ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചതായും ജി. സുകുമാരൻ നായർ വ്യക്തമാക്കി.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഈ പുതിയ 'ഹിന്ദു ഐക്യ' നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപി ഈ നീക്കത്തെ സർവാത്മനാ പിന്തുണയ്ക്കുന്നത് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയൊരുക്കും.
---------------
Hindusthan Samachar / Roshith K