Enter your Email Address to subscribe to our newsletters

Kerala, 19 ജനുവരി (H.S.)
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. മരിച്ച ദീപക്കിന്റെ (ഉള്ളാട്ടുതൊടി ചോയിയുടെ മകൻ) ആത്മഹത്യയ്ക്ക് കാരണമായ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അപമാനിതനായതാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്നും ഇതിന് ഉത്തരവാദിയായ യുവതി കടുത്ത ശിക്ഷ അനുഭവിക്കണമെന്നും കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റാരോപണവും ആത്മഹത്യയും
ബസിൽ യാത്ര ചെയ്യുന്നതിനിടെ ദീപക് തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് യുവതി ദീപക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ദീപക് നേരിട്ടത്. ഇതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്നും രണ്ടുദിവസമായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് തള്ളിത്തുറന്നപ്പോഴാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടത്.
ബന്ധുക്കളുടെ ആരോപണം
തങ്ങളുടെ ഏക മകനെയാണ് നഷ്ടപ്പെട്ടതെന്നും അവന് യാതൊരുവിധ മോശം സ്വഭാവവും ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത കുഞ്ഞാണ് അവൻ. കണ്ടന്റ് ക്രിയേഷന് വേണ്ടി യുവതി മകനെ കരുവാക്കുകയായിരുന്നു. ഇതൊരു കൊലപാതകത്തിന് തുല്യമാണ്, അതിനാൽ തന്നെ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം - ദീപക്കിന്റെ ബന്ധുക്കൾ പറഞ്ഞു. പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതായും അവർ കൂട്ടിച്ചേർത്തു. നീതി തേടി മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
നിയമനടപടികൾ
സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. യുവതി ആദ്യം പങ്കുവെച്ച വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യുകയും മറ്റൊരു വിശദീകരണ വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനോടകം തന്നെ ദീപക് വലിയ തോതിൽ അപമാനിക്കപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു. യുവാവ് മോശം സ്വഭാവക്കാരനല്ലെന്നും കണ്ടന്റിന് വേണ്ടി യുവതി ദീപക്കിനെ ഉപയോഗിച്ചതാണെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിലെ വിചാരണയ്ക്കെതിരെ പ്രതിഷേധം
യാതൊരുവിധ അന്വേഷണവും കൂടാതെ സോഷ്യൽ മീഡിയയിൽ വ്യക്തികളെ വിചാരണ ചെയ്യുന്ന പ്രവണതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇതിൽ നിയമപരമായ വ്യക്തത വേണമെന്നും ആവശ്യമുയരുന്നു. ദീപക്കിന്റെ മരണത്തിന് കാരണമായ സാഹചര്യം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
മകന്റെ വിയോഗത്തിൽ തകർന്നുപോയ ആ അച്ഛനും അമ്മയ്ക്കും നീതി ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. യുവതിയുടെ ആരോപണങ്ങൾ വസ്തുതാപരമാണോ അതോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള നീക്കമായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / Roshith K