എന്റെ സഹോദരന് സ്വാഗതം: യുഎഇ പ്രസിഡന്റിനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി
Newdelhi , 19 ജനുവരി (H.S.) ന്യൂഡൽഹി: ഭാരതവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ പുത്തൻ അധ്യായം കുറിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച
എന്റെ സഹോദരന് സ്വാഗതം: യുഎഇ പ്രസിഡന്റിനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി


Newdelhi , 19 ജനുവരി (H.S.)

ന്യൂഡൽഹി: ഭാരതവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ പുത്തൻ അധ്യായം കുറിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹത്തെ പ്രോട്ടോക്കോൾ ലംഘിച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. ഇരുനേതാക്കളും തമ്മിലുള്ള ഊഷ്മളമായ വ്യക്തിബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും അടിവരയിടുന്നതായിരുന്നു ഈ കൂടിക്കാഴ്ച.

വിമാനത്താവളത്തിൽ വെച്ച് പരസ്പരം ആലിംഗനം ചെയ്ത നേതാക്കൾ, വളരെ സന്തോഷത്തോടെയാണ് കാണപ്പെട്ടത്. തന്റെ 'സഹോദരനെ' സ്വീകരിക്കാൻ നേരിട്ടെത്തിയതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) പങ്കുവെച്ചു. എന്റെ സഹോദരൻ, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയി. ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യത്തെയാണ് ഈ സന്ദർശനം കാണിക്കുന്നത്. ഞങ്ങളുടെ ചർച്ചകൾക്കായി കാത്തിരിക്കുന്നു, പ്രധാനമന്ത്രി കുറിച്ചു.

നിർണ്ണായകമായ സന്ദർശനം

പശ്ചിമേഷ്യയിൽ സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്ന വേളയിലാണ് യുഎഇ പ്രസിഡന്റിന്റെ ഈ സന്ദർശനം എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു. ഏകദേശം രണ്ട് മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഹ്രസ്വ സന്ദർശനമാണിതെന്നാണ് സൂചന. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത്. ഗാസയുടെ ഭരണം നിയന്ത്രിക്കാനുള്ള നാഷണൽ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നേക്കാം.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് തന്നെ നേരിട്ടെത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ചാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യ സന്ദർശിക്കുന്നത്. പ്രസിഡന്റായി സ്ഥാനമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്.

ചർച്ചാ വിഷയങ്ങൾ

ഇന്ന് വൈകുന്നേരം ഡൽഹിയിൽ വെച്ച് ഇരുനേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിന് പുറമെ, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചയാകും. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയും യുഎഇയും വളർത്തിയെടുത്ത ശക്തമായ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അയൽരാജ്യങ്ങളുമായും അറബ് ലോകവുമായും ഇന്ത്യ പുലർത്തുന്ന അടുത്ത ബന്ധത്തിന്റെ സാക്ഷ്യപത്രമാണ് മോദി-നഹ്യാൻ കൂടിക്കാഴ്ച. ചുരുങ്ങിയ സമയം കൊണ്ട് രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിൽ നടത്തുന്ന ഈ ഉന്നതതല ചർച്ചയിൽ നിർണ്ണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. രാത്രിയോടെ അദ്ദേഹം യുഎഇയിലേക്ക് തിരിക്കും.

---------------

Hindusthan Samachar / Roshith K


Latest News