Enter your Email Address to subscribe to our newsletters

Newdelhi , 19 ജനുവരി (H.S.)
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ പരമോന്നത പദവിയിലേക്ക് യുവരക്തം എത്തുന്നു. ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന നിതിൻ നബീൻ നാളെ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കും. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷൻ എന്ന റെക്കോർഡോടെയാണ് 46-കാരനായ നിതിൻ നബീൻ ഈ പദവിയിലേക്ക് എത്തുന്നത്.
പാർട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതോടെ, മറ്റ് എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിലെ അധ്യക്ഷനായിരുന്ന ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് മാസങ്ങളായി പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അപ്രതീക്ഷിതമായി നിതിൻ നബീൻ അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവരുന്നത്.
ആരാണ് നിതിൻ നബീൻ?
പതിവ് രാഷ്ട്രീയ സമവാക്യങ്ങളെയും സീനിയോറിറ്റിയെയും അപ്രസക്തമാക്കിക്കൊണ്ടാണ് നബീൻ ബിജെപിയുടെ അമരത്തേക്ക് എത്തുന്നത്. ബിഹാർ സ്വദേശിയായ നിതിൻ നബീൻ പത്ത് വർഷത്തോളം ആർഎസ്എസിൽ സജീവമായി പ്രവർത്തിച്ച പാരമ്പര്യമുള്ള നേതാവാണ്. ഭാരതീയ ജനതാ യുവമോർച്ചയിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 2006-ൽ ബിഹാറിലെ പട്‌ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ നബീൻ, പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം ആവർത്തിച്ചു.
ബിഹാർ മന്ത്രിസഭയിൽ നിതീഷ് കുമാറിനൊപ്പം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായി പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ബിജെപി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചപ്പോൾ തന്നെ, അദ്ദേഹം ഭാവി അധ്യക്ഷനാകുമെന്ന വ്യക്തമായ സൂചന പാർട്ടി നേതൃത്വം നൽകിയിരുന്നു.
പുതിയ അധ്യക്ഷന് മുന്നിലുള്ള വെല്ലുവിളികൾ
പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത് കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളാണ്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ നബീന്റെ നേതൃപാടവത്തിന്റെ ആദ്യ പരീക്ഷണങ്ങളാകും. ദക്ഷിണേന്ത്യയിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന വലിയ ദൗത്യവും അദ്ദേഹത്തിന് മുന്നിലുണ്ട്. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പൂർണ്ണ പിന്തുണയുള്ള നബീൻ, പാർട്ടിയുടെ യുവതലമുറയെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ജെൻ-സി (Gen Z) വിഭാഗത്തിനിടയിൽ ബിജെപിക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കാനും പുതിയ ഊർജ്ജത്തോടെ പാർട്ടിയെ നയിക്കാനും നിതിൻ നബീന്റെ കടന്നുവരവ് സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നാളെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം സ്ഥാനമേൽക്കുന്നതോടെ ബിജെപിയിൽ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമാകും.
---------------
Hindusthan Samachar / Roshith K