ശബരിമല സ്വർണക്കൊള്ള: അയ്യന്റെ സ്വർണം മോഷ്ടിക്കപ്പെട്ടുവെന്ന് വി.എസ്.എസ്.സി റിപ്പോർട്ട്; ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
Ernakulam , 19 ജനുവരി (H.S.) കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമലയിലെ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായെന്നും സ്വർണം മോഷ്ടിക്കപ്പെട്ടുവെന്നും സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. വിക
ശബരിമല സ്വർണക്കൊള്ള: അയ്യന്റെ സ്വർണം മോഷ്ടിക്കപ്പെട്ടുവെന്ന് വി.എസ്.എസ്.സി റിപ്പോർട്ട്; ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു


Ernakulam , 19 ജനുവരി (H.S.)

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമലയിലെ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായെന്നും സ്വർണം മോഷ്ടിക്കപ്പെട്ടുവെന്നും സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.

സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങൾ അടക്കമുള്ള സ്വർണ്ണപ്പാളികളിൽ ശാസ്ത്രീയ പരിശോധനയാണ് വി.എസ്.എസ്.സി നടത്തിയത്. ഈ പരിശോധനയിലാണ് സ്വർണ്ണത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരിക്കുന്ന ഈ റിപ്പോർട്ട് സംഘം സമർപ്പിച്ചത്.

അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം?

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ സ്വർണ്ണപ്പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, കേസ് അന്വേഷിക്കുന്ന പോലീസ് സംഘം രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അഖില കേരള തന്ത്രി പ്രചാരക് സഭ രംഗത്തെത്തി. ശബരിമല സ്വർണക്കൊള്ള കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും അതിനാൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയിൽ ഹർജി നൽകി.

നിലവിലെ അന്വേഷണ സംഘം കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് തന്ത്രി സമാജം ആരോപിക്കുന്നു. ശബരിമലയിലെ 'വാജി വാഹനം' തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തെ സ്വർണ്ണക്കൊള്ളയുമായി ബന്ധിപ്പിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. വാജി വാഹന കൈമാറ്റം ഹൈക്കോടതിയുടെയും അഡ്വക്കേറ്റ് കമ്മീഷണറുടെയും അറിവോടെയാണെന്ന രേഖകൾ പുറത്തുവന്നതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരിക്കുകയാണ്.

അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്നു. വലിയ തോതിലുള്ള അഴിമതിയും ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. സ്വർണ്ണപ്പാളികളിൽ നിന്ന് സ്വർണം ചുരണ്ടി മാറ്റിയതായാണ് ശാസ്ത്രീയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വി.എസ്.എസ്.സിയുടെ റിപ്പോർട്ട് കോടതി അംഗീകരിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപ്പനയിലും കോടികളുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് പരിശോധനയിൽ സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തിയാകുന്ന വേളയിൽ സന്നിധാനം കടുത്ത നിയമനടപടികൾക്ക് സാക്ഷ്യം വഹിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News