Enter your Email Address to subscribe to our newsletters

Kerala, 19 ജനുവരി (H.S.)
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയാവും വീടുകള്‍ കൈമാറുക.
കര്‍ണ്ണാടക സര്‍ക്കാര്‍ വീട് നിര്‍മ്മാണത്തിനായി നല്‍കിയത് 10 കോടി രൂപയാണ്. വീട് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാറിന് നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കടം എഴുതിത്തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന സെക്ഷന്‍ 13 എടുത്ത് കളഞ്ഞ് ദുരന്തബാധിതരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കി ദുരന്ത ബാധിതരെ സഹായിക്കുന്നുണ്ട്. വാടക കൃത്യമായി നല്‍കാനും ജീവനോപാധി നല്‍കാനും സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു ദുരന്തബാധിതരേയും ഇതു പോലെ ഒരു സര്‍ക്കാരും ചേര്‍ത്ത് നിര്‍ത്തിയിട്ടില്ല. ഇതെല്ലാം വിസ്മരിച്ചാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പില്‍ 289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 1700 ലധികം തൊഴിലാളികളാണ് ദിവസേന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമാവുന്നത്. വാര്‍പ്പ് കഴിഞ്ഞ വീടുകളില്‍ പ്ലംബിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂര്‍ത്തിയാകുന്നുണ്ട്. വീടുകളുടെ എര്‍ത്ത് വര്‍ക്ക്, പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, ഷിയര്‍ വാള്‍ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പിലെ പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിര്‍മ്മാണവും സൈഡ് ഡ്രെയിനേജ് നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുക. ഒന്‍പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മ്മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവുചാല്‍ എന്നിവയുടെ നിര്‍മാണവും ഏല്‍സ്റ്റണില്‍ പുരോഗമിക്കുകയാണ്. 2024 ആഗസ്റ്റ് മുതല്‍ 2025 ഡിസംബര്‍ വരെ 17 മാസ കാലയളവില്‍ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കായി ജീവനോപാധി നല്‍കിയിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ട് വ്യക്തികള്‍ക്ക് 300 രൂപ വീതം എസ്.ഡി.ആര്‍. എഫില്‍ നിന്നും ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന കിടപ്പുരോഗികളുള്ള കുടംബത്തിലെ ഒരാള്‍ക്ക് കൂടി 300 രൂപ വീതവും അധികമായി സി.എം.ഡി.ആര്‍.എഫില്‍ ല്‍ നിന്നും നല്‍കുന്നുണ്ട്. 1183 ആളുകള്‍ക്ക് 12 ഗഡുക്കളായാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ധനസഹായം വിതരണം ചെയ്തത്.
2025 ഡിസംബര്‍ മാസത്തെ ഉപജീവനബത്ത 1183 പേര്‍ക്ക് 10647000 രൂപയും അനുവദിച്ചു. 2024 ആഗസ്റ്റ് മാസം മുതല്‍ 2025 ഡിസംബര്‍ മാസം വരെ ഉപജീവനബത്ത അനുവദിക്കുന്നതിനായി സി.എം.ഡി.ആര്‍ എഫില്‍ നിന്ന് 21,06,000 രൂപയും എസ്.ഡി.ആര്‍.എഫില്‍ നിന്ന് 15,41,48,000 രൂപയും വിനിയോഗിച്ചിട്ടുണ്ട്.
2024 ആഗസ്റ്റ് മുതല്‍ 2025 ഡിസംബര്‍ വരെ 59106200 രൂപ ദുരിത ബാധിതര്‍ക്ക് വാടക ഇനത്തില്‍ മാത്രം നല്‍കി
വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും
ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. സര്‍ക്കാര്‍ സ്ഥലം ലഭ്യമായില്ലെങ്കില്‍ സ്ഥലം വില നല്‍കി വാങ്ങി അവിടെ സ്‌കൂള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ എസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജ ബേബി, സി. സീനത്ത് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S