Enter your Email Address to subscribe to our newsletters

Kerala, 19 ജനുവരി (H.S.) മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും കേരളം വളരെ വളരെ മുന്നിലാണ്. തൊഴിലിടങ്ങളിലെ സ്ത്രീ പ്രാധിനിധ്യംപരിശോധിക്കുമ്പോള്‍ ചരിത്രപരമായും സാമൂഹികവുമായ കാരണങ്ങളാലും സ്ത്രീകള്‍ വെല്ലുവിളി നേരിടുന്നു എന്നുള്ള യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടാണ് വനിത കമീഷനും സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വനിത കമ്മിഷൻ നടപ്പാക്കുന്ന പറന്നുയരാം കരുത്തോടെ കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രത്യക്ഷത്തില്‍ മുന്നോട്ട് വന്ന് സംസാരിക്കാന്‍ കഴിയില്ല. ഇവിടെ മുഴങ്ങി കേള്‍ക്കുന്നത് വേട്ടക്കാരുടെ ശബ്ദമാണ്. ഇരകള്‍ നിശബ്ദരായി പോകുമ്പോള്‍ വേട്ടക്കാരുടെ ശബ്ദം മുഴങ്ങുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനൊട്ടും ഉചിതമല്ലെന്നും രാഷ്ട്രീയ ഭേദമന്യേ സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ സമൂഹ മാധ്യമത്തില്‍ വേട്ടയാടപ്പെടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം സാമ്പത്തിക ഭദ്രയും ആവശ്യമാണെന്ന് പറന്നുയരാം കരുത്തോടെ കാമ്പയിന്റെ അംബാസിഡര്‍ കൂടിയായ നടി മഞ്ജു വാര്യര്‍ പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂ. പറന്നുയരാനുള്ള ചിറകുകള്‍ നിങ്ങള്‍ സ്വയം കണ്ടെത്തണമെന്നും ആ ചിറകുകള്‍ വിരിച്ച് പറക്കാനുള്ള ആകാശം വേണ്ടി വന്നാല്‍ സ്വയം സൃഷ്ടിക്കാനും സ്ത്രീകള്‍ പ്രാപ്തരാകണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
കരച്ചിലുകള്‍ ഇല്ലാത്ത സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഏറ്റവും അധികം പാര്‍ശ്വവല്‍ക്കരിച്ചു പോകുന്ന സ്ത്രീ വിഭാഗങ്ങളുടെ ഇടയിലേക്ക് വനിതാകമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, പൊലീസ് ഐജി എസ് അജിതാബീഗം, കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി,അഡ്വ. പി കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുത്തു. നമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററായ സംവാദവും നടന്നു.
---------------
Hindusthan Samachar / Sreejith S