Enter your Email Address to subscribe to our newsletters

Chennai, 02 ജനുവരി (H.S.)
തമിഴ്‌നാട്ടില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. ഡിഎംകെ വാര്‍ഡ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തിവേല്‍.
കൃഷിക്കായി ലീസിന് മൂന്നേക്കര്‍ ഭൂമി എടുത്തിരുന്നു. ഇതിനോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് തീയണച്ച ശേഷം വീടിനകത്തുനിന്ന് ലഭിച്ചത്, ശക്തിവേലിന്റെയും അമൃതത്തിന്റെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മാത്രം ആയിരുന്നു.
വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കാരണമാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
---------------
Hindusthan Samachar / Sreejith S