Enter your Email Address to subscribe to our newsletters

Bengaluru , 02 ജനുവരി (H.S.)
ബെംഗളൂരു: വോട്ടിംഗ് മെഷീനുകളെക്കുറിച്ചും (EVM) തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി. കർണാടകയിലെ കോൺഗ്രസ് സർക്കാർ തന്നെ നടത്തിയ ഔദ്യോഗിക സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ബിജെപി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടക്കുന്നുവെന്ന 'വോട്ട് ചോരി' ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുലിന് സ്വന്തം സർക്കാർ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു.
കർണാടക മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ അതോറിറ്റി (KMEA) പ്രസിദ്ധീകരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 - പൗരന്മാരുടെ അറിവ്, മനോഭാവം, ശീലം (KAP) എന്നിവയെക്കുറിച്ചുള്ള വിലയിരുത്തൽ എന്ന സർവ്വേ റിപ്പോർട്ടാണ് വിവാദത്തിന് ആധാരം. സംസ്ഥാനത്തെ 102 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 5,100 പേരെ ഉൾപ്പെടുത്തി നടത്തിയ സർവ്വേയിൽ, ഭൂരിഭാഗം വോട്ടർമാരും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു.
സർവ്വേയിലെ പ്രധാന കണ്ടെത്തലുകൾ:
-
84.55 ശതമാനം വോട്ടർമാരും ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് വിശ്വസിക്കുന്നു.
-
83.61 ശതമാനം പേർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) വിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു. 2023-ൽ ഇത് 77.9 ശതമാനമായിരുന്നു. അതായത്, വോട്ടിംഗ് മെഷീനിലുള്ള ജനവിശ്വാസം വർധിക്കുകയാണുണ്ടായത്.
-
91.31 ശതമാനം പേരും ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ സുതാര്യമാണെന്ന് കരുതുന്നു.
-
ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാലയാണ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചത്. ഇവിഎമ്മിനെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും രാഹുൽ ഗാന്ധി നിരന്തരം നുണകൾ പറയുകയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ തന്നെ സർക്കാർ പുറത്തുവിട്ട കണക്കുകൾ അദ്ദേഹത്തെ തിരുത്തിയിരിക്കുകയാണെന്നും പൂനവാല എക്‌സിൽ കുറിച്ചു.
കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോകയും കോൺഗ്രസിനെതിരെ ശക്തമായി രംഗത്തെത്തി. ഈ റിപ്പോർട്ട് കോൺഗ്രസിന്റെ മുഖത്തേറ്റ അടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് കോൺഗ്രസിന്റെ പതിവാണ്. ജയിക്കുമ്പോൾ അവർ ഇതേ സംവിധാനത്തെ പുകഴ്ത്തും. ഇത് തത്വധിഷ്ഠിതമായ രാഷ്ട്രീയമല്ല, മറിച്ച് സൗകര്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ്, അശോക പറഞ്ഞു.
ജനങ്ങളുടെ വിധി ഭയന്നാണ് രാഹുൽ ഗാന്ധി ഇത്തരം നാടകങ്ങൾ കളിക്കുന്നതെന്നും കർണാടകയിലെ ജനങ്ങൾ തന്നെ അത് തള്ളിക്കളഞ്ഞതായും ബിജെപി ആരോപിച്ചു. വോട്ടർപ്പട്ടികയിലെ കൃത്യതയെക്കുറിച്ചും സർവ്വേയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. സർവ്വേയിൽ പങ്കെടുത്ത 95.44 ശതമാനം പേരും വോട്ടർപ്പട്ടികയിൽ തങ്ങളുടെ വിവരങ്ങൾ കൃത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം സർക്കാരിന്റെ സർവ്വേ റിപ്പോർട്ട് പുറത്തുവന്നതോടെ വോട്ടിംഗ് മെഷീൻ വിവാദത്തിൽ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K