Enter your Email Address to subscribe to our newsletters

Kozhikkode, 02 ജനുവരി (H.S.)
കേരളത്തെ നടുക്കിയ പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് വിനോദ് (25) കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുചാടിയിട്ട് ഇന്നേക്ക് നാലാം ദിവസം. തിങ്കളാഴ്ച രാത്രി അതീവ സുരക്ഷയുള്ള ഫോറന്‍സിക് വാര്‍ഡില്‍ നിന്നും ബാത്‌റൂമിന്റെ ഭിത്തി തുരന്ന് രക്ഷപ്പെട്ട പ്രതിയെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനായി കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബന്ധുവീടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് പുറത്തുനിന്ന് ആരെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പത്താം വാര്‍ഡായ ഫോറന്‍സിക് വാര്‍ഡിലായിരുന്നു വിനീഷിനെ പാര്‍പ്പിച്ചിരുന്നത്. വിനീഷിനെ നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. അവിടെ വച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുന്‍പ് കുതിരവട്ടത്തേക്ക് മാറ്റിയത്. പ്രതി വീണ്ടും രക്ഷപ്പെട്ടത് പോലീസിനും ആരോഗ്യവകുപ്പിനും വലിയ തലവേദനയായിരിക്കുകയാണ്. രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടത്ത് നിന്നും രക്ഷപ്പെടുന്നത്. നേരത്തെ 2022 ലും ചികിത്സയിലിരിക്കെ ഇയാള്‍ ഇവിടെ നിന്നും തടവുചാടിയിരുന്നു. പിന്നീട് പോലീസിന്റെ പിടിയിലായി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവമുണ്ടായി.
2021-ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ 21കാരി ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ കയറിയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ.കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. തടയാന്‍ ശ്രമിച്ച സഹോദരി ദേവശ്രീയെയും ഇയാള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് തൊട്ടുമുന്‍പ് ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട് വീട്ടുകാരെ അവിടേക്ക് മാറ്റാനും വിനീഷ് ശ്രമിച്ചിരുന്നു. ദൃശ്യയുടെ കുടുംബം ഈ വാര്‍ത്ത അറിഞ്ഞതോടെ ഭീതിയിലാണ്. പ്രതിയെ എത്രയും വേഗം പിടികൂടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 'അവന്‍ പുറത്തിറങ്ങുന്നത് ഞങ്ങള്‍ക്ക് വലിയ ഭീഷണിയാണ്, ഏത് നിമിഷവും അവന്‍ വീട്ടിലേക്ക് വരുമെന്ന് പേടിയുണ്ട്' എന്നാണ് ദൃശ്യയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
---------------
Hindusthan Samachar / Sreejith S