Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 ജനുവരി (H.S.)
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ജനങ്ങള്‍ക്ക് ശക്തമായ വിശ്വാസം ഉണ്ടെന്ന് സര്‍വേ ഫലം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് ജനം അഭിപ്രായം രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും വോട്ടിങ് യന്ത്രങ്ങളുടെയും വിശ്വാസ്യതയെ ചോദ്യംചെയ്ത് ആരോപണങ്ങള്‍ ഉന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയാകുന്നതാണ് സര്‍വേ ഫലം.
സര്‍വേ പ്രകാരം, 83.61% പേരും ഇവിഎമ്മുകള്‍ വിശ്വസനീയമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. 69.39% പേര്‍ ഇവിഎമ്മുകള്‍ കൃത്യമായ ഫലങ്ങള്‍ നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, അതില്‍ 14.22% പേരും ഇവിഎമ്മുകളുടെ ഫലം പൂര്‍ണ വിശ്വാസ യോഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ ഡിവിഷനുകളിലെ 102 നിയമസഭാ മണ്ഡലങ്ങളിലായി 5,100 ആളുകളിലാണ് സര്‍വേ നടത്തിയത്. കര്‍ണാടക സര്‍ക്കാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വി.അന്‍ബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ.
തിരഞ്ഞെടുപ്പു പ്രക്രിയകളിലെ കൃത്രിമത്വവും വോട്ട് ചോരിയും സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപിയെയും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത്. സര്‍വേ ഫലത്തില്‍ പ്രതികരണവുമായ ഒട്ടേറെ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ''വര്‍ഷങ്ങളായി രാഹുല്‍ ഗാന്ധി രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നും, ഇവിഎമ്മുകള്‍ വിശ്വസനീയമല്ലെന്നും കഥ പറയുന്നു. എന്നാല്‍ കര്‍ണാടക വ്യത്യസ്തമായ ഒരു കഥയാണ് പറഞ്ഞത്'', കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍.അശോക് എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ തിരഞ്ഞെടുപ്പുകളെയും ഇവിഎമ്മുകളെയും ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയെയും വിശ്വസിക്കുന്നതായി ബിജെപി പ്രതികരിച്ചു.
---------------
Hindusthan Samachar / Sreejith S